ട്രംപിന്റെ മരുമകൻ ജരേദ് കുഷ്നറുടെ പിതാവ് കൂടിയായ ചാൾസിന്റെ ആരോപണങ്ങളെല്ലാം ശക്തമായ ഭാഷയിൽ തള്ളിക്കളഞ്ഞുകൊണ്ടാണ് ഫ്രാൻസിന്‍റെ നടപടി
ന്യൂയോർക്ക്: അമേരിക്കയെ അമ്പരപ്പിച്ചുകൊണ്ട് 'അസ്വീകാര്യ'മായ കത്തിന്‍റെ പേരിൽ യു എസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഫ്രാൻസ്. ജൂതവിരുദ്ധതയെ ചെറുക്കുന്നതിൽ ഫ്രാൻസ് വേണ്ടത്ര നടപടികൾ സ്വീകരിച്ചില്ലെന്ന് ആരോപിച്ച് അമേരിക്കൻ അംബാസഡർ ചാൾസ് കുഷ്നർ നൽകിയ കത്തുമായി ബന്ധപ്പെട്ടാണ് കടുത്ത നടപടി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനാണ് യു എസ് അംബാസഡർ നേരത്തെ കത്ത് നൽകിയത്. ട്രംപിന്റെ മരുമകൻ ജരേദ് കുഷ്നറുടെ പിതാവ് കൂടിയായ ചാൾസിന്റെ ആരോപണങ്ങളെല്ലാം ശക്തമായ ഭാഷയിൽ തള്ളിക്കളഞ്ഞുകൊണ്ടാണ് ഫ്രാൻസിന്‍റെ നടപടി.
പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കണമെന്ന ഫ്രാൻസിന്റെ നിലപാടിന് പിന്നാലെയാണ് അമേരിക്കൻ അംബാസഡർ ചാൾസ് കുഷ്നർ പ്രസിഡന്‍റ് മക്രോണിന് കത്ത് നൽകിയത്. വിഷയത്തിൽ ഇസ്രയേലും യു എസും എതിർപ്പ് പ്രകടിപ്പിക്കുന്ന പശ്ചാത്തലത്തലമടക്കം കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നതായണ് വിവരം. കുഷ്നറുടെ കത്ത് അന്താരാഷ്ട്ര നിയമങ്ങളെയും ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കേണ്ട മര്യാദയെയും ലംഘിക്കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം, അദ്ദേഹത്തെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്.
2023 ഒക്ടോബർ 7 ന് ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിനു ശേഷം വർധിച്ചുവരുന്ന ഇസ്രയേൽ വിരുദ്ധ പ്രവർത്തനങ്ങളെ ചെറുക്കാൻ ഫ്രാൻസ് പൂർണമായി പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടു. വൈറ്റ് ഹൗസിന്റെയും യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെയും അഭിപ്രായം തേടിയുള്ള സന്ദേശങ്ങൾക്ക് മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് അംബാസഡറെ വിളിച്ചുവരുത്തി ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തിയതെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വിവരിച്ചു. ഒക്ടോബർ 7 ലെ ആക്രമണത്തിനു ശേഷം വർദ്ധിച്ച ജൂതവിരുദ്ധ പ്രവർത്തനങ്ങളെ 'സഹിക്കാനാവാത്ത'തെന്ന് വിശേഷിപ്പിച്ച മന്ത്രാലയം ഇക്കാര്യത്തിൽ ഫ്രാൻസ് കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ടു.
അതേസമയം അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയതിൽ പ്രസിഡന്‍റ് ട്രംപിന്‍റെയും അമേരിക്കയുടേയും നിലപാട് എന്താകും എന്നത് കണ്ടറിയണം. അമേരിക്ക - ഫ്രാൻസ് നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്നതാകുമോ വിഷയമെന്നതാണ് ലോകം ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. വൈറ്റ് ഹൗസ് ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് നേരത്തെ തന്നെ കുഷ്‌നറിന്റെ പരാമർശങ്ങളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. 'അംബാസഡർ കുഷ്‌നർ ഫ്രാൻസിൽ അമേരിക്കയുടെ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ മികച്ച പ്രവർത്തനം നടത്തുന്നു' - എന്നാണ് പിഗോട്ട് അഭിപ്രായപ്പെട്ടത്.


