12 വര്‍ഷമായി ഈ കുടുംബം ഒരു മുറിക്കകത്താണ്. ആരെയും കാണാന്‍ അനുവാദമുണ്ടായിരുന്നില്ല. മൂത്ത രണ്ട് കുട്ടികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പാകിസ്താനില്‍ പ്രസവിച്ച ഇളയ മൂന്ന് കുട്ടികളെ ഇതുവരെ സ്‌കൂളില്‍ ചേര്‍ത്തിട്ടില്ല.
ഇസ്‌ലാമബാദ്: പാകിസ്താനില്‍ ഭാര്യയെയും അഞ്ച് മക്കളെയും പതിറ്റാണ്ടിലേറെക്കാലം വീട്ടുതടങ്കലിലാക്കി ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. സില്‍വി യാസ്മിന എന്ന ഫ്രഞ്ച് വനിതയെയും മക്കളെയുമാണ് പാക് പോലീസ് അതിസാഹസികമായി രക്ഷപ്പെടുത്തിയത്. ഭര്‍ത്താവ് തങ്ങളെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് യാസ്മിന പൊലീസിന് മൊഴി നല്‍കി.
ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ഉള്‍ഗ്രാമമായ ബാറയിലെ തകര്‍ന്നുവീഴാറായ പഴയ വീട്ടിലെ മുറിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. മാതാപിതാക്കളുടെ കണ്ണ് വെട്ടിച്ച് പുറത്തുചാടിയ മൂത്ത മകനാണ് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് സംഘം ഈ വീട്ടില്‍ മിന്നല്‍ പരിശോധന നടത്തി. ശരീരമാസകലം പരിക്കേറ്റ നിലയിലായിരുന്നു യാസ്മിനയും കുട്ടികളും. ഇവരെ ഉടന്‍ തന്നെ പെഷവാറിലെ ഒരു മഹിളാ മന്ദിരത്തിലേക്ക് മാറ്റി. ഫ്രഞ്ച് എംബസിയുടെ സഹായത്തോടെ ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
2014-ല്‍ ഓസ്ട്രേലിയയില്‍ നിന്നാണ് ഇവര്‍ പാകിസ്താനിലേക്ക് എത്തിയത്. അന്നുമുതല്‍ ഭര്‍ത്താവ് തങ്ങളെ തടവിലാക്കിയിരിക്കുകയാണെന്ന് യാസ്മിന പറഞ്ഞു. 12 വര്‍ഷമായി ഈ കുടുംബം ഒരു മുറിക്കകത്താണ്. ആരെയും കാണാന്‍ അനുവാദമുണ്ടായിരുന്നില്ല. മൂത്ത രണ്ട് കുട്ടികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പാകിസ്താനില്‍ പ്രസവിച്ച ഇളയ മൂന്ന് കുട്ടികളെ ഇതുവരെ സ്‌കൂളില്‍ ചേര്‍ത്തിട്ടില്ല.
സുരക്ഷാ കാരണങ്ങളാല്‍ ഭര്‍ത്താവിന്റെ പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇയാള്‍ മുന്‍പ് ഓസ്ട്രേലിയയില്‍ നിയമവിരുദ്ധമായി താമസിക്കുകയായിരുന്നു. അന്നാണ് ഫ്രഞ്ചുകാരിയായ യാസ്മിനയുമായി പരിചയപ്പെടുന്നത്. 2003-ല്‍ ഇവര്‍ വിവാഹിതരായി. 2014 വരെ ഓസ്ട്രേലിയയില്‍ താമസിച്ച ഇവര്‍ പിന്നീട് രണ്ട് കുട്ടികളുമായി പാകിസ്താനിലേക്ക് മാറുകയായിരുന്നു. അതിനുശേഷം ബാഹ്യലോകവുമായി യാതൊരു ബന്ധവുമില്ലാതെ പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലായിരുന്നു തങ്ങളെന്ന് യാസ്മിന പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി.


