ഇറ്റാലിയൻ പോലീസും ഇന്റർപോളും ഒരു പോലെ തിരഞ്ഞുകൊണ്ടിരുന്ന ഒരു കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയാ തലവനായിരുന്നു മാർക്ക് ഫെറെൻ ക്ളോഡ് ബിയാർട്ട്. ‘Ndrangheta  എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഇറ്റാലിയൻ മാഫിയാ സംഘത്തിൽ പെട്ട 'കാസിയോള' ഗ്യാങിലെ ഒരു പ്രധാന അംഗമായിരുന്നു ഇയാൾ എന്നാണ് 'ദ ഗാർഡിയൻ' പറയുന്നത്. യൂറോപ്പിലേക്ക് കള്ളക്കടത്തിലൂടെ എത്തുന്ന കൊക്കെയിന്റെ എൺപതുശതമാനത്തിനും ഉത്തരവാദികൾ ഈ മാഫിയയാണ് എന്നാണ് പൊലീസ് റിപ്പോർട്ടുകൾ. 

കൊലപാതകവും തട്ടിക്കൊണ്ടുപോകലും പീഡനവും ബലാത്സംഗങ്ങളും മയക്കുമരുന്നുകള്ളക്കടത്തും അടക്കം നിരവധി ക്രിമിനൽ കുറ്റങ്ങളുടെ പേരിൽ പൊലീസ് വർഷങ്ങളായി അന്വേഷിച്ചുകൊണ്ടിരുന്ന മാർക്ക്, 2014 മുതൽ ഒരു പിടികിട്ടാപ്പുള്ളിയായി അധികാരികളുടെ കണ്ണുവെട്ടിച്ച് മുങ്ങി നടക്കുകയായിരുന്നു. ഒരു സ്ഥലത്തും അധികകാലം കഴിയുന്ന സ്വഭാവമില്ലാത്ത, നിരവധി വ്യാജപാസ്‌പോർട്ടുകളും, വ്യാജ നാമങ്ങളും ഒക്കെയുള്ള ഈ മാഫിയാ തലവൻ ഒടുവിൽ പൊലീസിന്റെ കയ്യിൽ ചെന്ന് ചാടിയത് അവനവന്റെ കയ്യിലിരുപ്പുകൊണ്ടുതന്നെ ആയിരുന്നു. 

കഴിഞ്ഞ അഞ്ചുവർഷത്തോളമായി കരീബിയൻ ദ്വീപുകളിലൊന്നിൽ കുടിയേറിപ്പാർക്കുന്ന ഏതോ ഇറ്റാലിയൻ പ്രവാസികുടുംബങ്ങൾക്കൊപ്പം ഒളിച്ചു പറക്കുകയായിരുന്നു മാർക്ക്.  കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിൽ സ്വന്തം ഭാര്യക്കൊപ്പം ഭക്ഷണം പാചകം ചെയ്യുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് മാർക്ക് പൊലീസിന്റെ വലയിൽ വീണ്ടും കുടുങ്ങുന്നത്.

 

ഒരിക്കൽ പോലും തന്റെ മുഖം വീഡിയോയിൽ വരാതിരിക്കാൻ മാർക്ക് ശ്രദ്ധിച്ചിരുന്നു എങ്കിലും, അയാളെ കുടുക്കിയത് ദേഹത്തുണ്ടായിരുന്ന ചില സ്‌പെഷ്യൽ ടാറ്റൂകളാണ്. ഇവ കണ്ടു  തിരിച്ചറിഞ്ഞാണ് ഇന്റർപോൾ സംഘം മാർക്കിന്റെ ഐപി അഡ്രസ് ട്രേസ് ചെയ്തതും, പിന്തുടർന്ന് ചെന്ന് ഇയാൾ അറസ്റ്റു ചെയ്തതും. അങ്ങനെ ഒടുവിൽ ഏറെ നാളത്തെ ഓട്ടപ്പാച്ചിലിനൊടുവിൽ ഈ 53 -കാരനെ ഇന്റർപോൾ സംഘം ഒരു ചാർട്ടേർഡ് വിമാനത്തിൽ കയറ്റി വിചാരണ നേരിടാൻ വേണ്ടി മിലാനിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുകയാണ്.