യുദ്ധത്തിന് ഇടയ്ക്ക് ഇടവേള അനുവദിച്ച് ഗാസയിൽ മാനുഷിക സഹായമെത്തിക്കാൻ നൽകിയിരുന്ന അനുമതിയും ഇസ്രയേൽ സൈന്യം റദ്ദാക്കി

ഗാസ: ഗാസയെ യുദ്ധമേഖലയായി പ്രഖ്യാപിച്ച് ഇസ്രയേൽ സൈന്യം. യുദ്ധത്തിന് ഇടയ്ക്ക് ഇടവേള അനുവദിച്ച് ഗാസയിൽ മാനുഷിക സഹായമെത്തിക്കാൻ നൽകിയിരുന്ന അനുമതിയും ഇസ്രയേൽ സൈന്യം റദ്ദാക്കി. അപകടകരമായ യുദ്ധമേഖലയാണ് ഗാസ നഗരമെന്നാണ് ഇസ്രയേൽ സൈന്യം വെള്ളിയാഴ്ച വ്യക്തമാക്കിയത്. രാവിലെ പത്ത് മണി മുതൽ വൈകുന്നേരം എട്ട് മണി വരെ ഭക്ഷണവും വെള്ളവും മറ്റ് അവശ്യ സാധനങ്ങളും ഉൾപ്പെടുന്ന മാനുഷിക സഹായങ്ങളെത്തിക്കാൻ കഴിഞ്ഞ മാസമാണ് ഇസ്രയേൽ സൈന്യം ഇടവേള നൽകിയത്. ഗാസ സിറ്റി, ദേർ അൽ ബാലാ, മുവാസി അടക്കമുള്ള ഇടങ്ങളിൽ നൽകിയ ഇളവുകളാണ് സൈന്യം റദ്ദാക്കിയത്. ആയിരക്കണക്കിന് ആളുകളാണ് ഇവിടെ വീടുകളും മറ്റും നഷ്ടമായി അഭയം തേടിയെത്തിയിട്ടുള്ളത്. ഇസ്രയേൽ ഗാസയിൽ വലിയ രീതിയിൽ ആക്രമിക്കാൻ ഒരുങ്ങുന്നതിന്റെ മുന്നോടിയായാണ് നീക്കത്തെ കാണുന്നത്. ഗാസയെ യുദ്ധമേഖലയാക്കിയുള്ള പ്രഖ്യാപനം എത്തുന്നത് സഹായമെത്തിക്കുന്ന സന്നദ്ധ പ്രവർത്തകരേയും സംഘടനകളേയും അറിയിച്ചിട്ടില്ലെന്നാണ് ഇസ്രയേൽ സൈന്യം വിശദമാക്കുന്നത്. ഹമാസിന്റെ ശക്തി കേന്ദ്രമായാണ് ഗാസയെ ഇസ്രയേൽ നിരീക്ഷിച്ചിരുന്നത്. 

ഇസ്രയേൽ പദ്ധതിയിടുന്നത് പോലെ അതിക്രമിച്ച് കയറുകയാണെങ്കിൽ ഗാസയിലെ പകുതിയിലേറെ ആശുപത്രികൾക്ക് ഇവയുടെ കിടക്കകളുടെ എണ്ണം കുറയ്ക്കേണ്ടി വരും. ഗാസയിൽ മാസങ്ങളായി ക്ഷാമമുഖത്താണെന്ന മുന്നറിയിപ്പുകൾ യുഎൻ അടക്കം നൽകുമ്പോഴാണ് നിലവിൽ നൽകിയിരുന്ന സഹായം അടക്കം ഇസ്രയേൽ നിർത്തലാക്കുന്നത്. വലിയ രീതിയിൽ കരയുദ്ധം ആരംഭിക്കുന്നത് കുറ്റകരമാണെന്നാണ് നോർവീജിയൻ അഭയാർത്ഥി കൗൺസിൽ വിശദമാക്കുന്നത്. 

ഈ സാഹചര്യത്തിൽ ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും പോലും എത്തിക്കുന്നത് അതീവ വെല്ലുവിളിയാവും സൃഷ്ടിക്കുകയെന്നും നോർവീജിയൻ അഭയാർത്ഥി കൗൺസിൽ വിശദമാക്കുന്നത്. വലിയ രീതിയിൽ ആൾനാശം ഉണ്ടാക്കുന്ന ഡബിൾ ടാപ് ആക്രമണ ശൈലിക്ക് ഇസ്രയേൽ ആഗോള തലത്തിൽ വിമർശനം നേരിടുന്നതിനിടയിലാണ് ഇസ്രയേലിന്റെ പുതിയ നീക്കം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം