ഭൂട്ടാനിലെ രണ്ടാമത് ലോക്ക്ഡൗണില്‍ പുരുഷന്മാര്‍ക്കെതിരെയുള്ള 36 ഗാര്‍ഹിക പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് സര്‍ക്കാരിതര സംഘടനയായ റിന്യൂവും ദേശീയ വനിത ശിശു കമ്മീഷനും റിപ്പോര്‍ട്ട് ചെയ്തു

പുരുഷൻമാർക്കെതിരെ ഗാർഹിക പീഡനം! കേൾക്കുമ്പോൾ ഇന്ത്യാക്കാർ നെറ്റി ചുളിക്കും. എന്നാൽ ഇന്ത്യയുടെ അയൽരാജ്യത്തെ പുരുഷൻമാർ അത്രവേഗം നെറ്റിചുളിക്കില്ല. ഭൂട്ടാനിൽ പുരുഷൻമാർക്കെതിരെ ഗാർഹികപീഡനം നടക്കുന്നുണ്ടെന്നാണ് അവിടുന്നുളള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊവിഡ് കാരണമുണ്ടായ ലോക്ക്ഡൗൺകാലത്തെ കണക്കുകളാണ് ഇക്കാര്യത്തിലേക്ക് വിരൽ ചൂണ്ടുന്നത്.

ഭൂട്ടാനിലെ രണ്ടാമത് ലോക്ക്ഡൗണില്‍ പുരുഷന്മാര്‍ക്കെതിരെയുള്ള 36 ഗാര്‍ഹിക പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് സര്‍ക്കാരിതര സംഘടനയായ റിന്യൂവും ദേശീയ വനിത ശിശു കമ്മീഷനും റിപ്പോര്‍ട്ട് ചെയ്തു. ശാരീരികവും വൈകാരികവും സാമ്പത്തികവുമായ പീഡനങ്ങളാണ് പുരുഷന്മാര്‍ക്കെതിരെ ഉണ്ടായത്. ചിലര്‍ നിയമ സഹായം തേടി. പുരുഷന്മാര്‍ക്കെതിരെ 16 കേസുകളാണ് റിന്യൂ രജിസ്റ്റര്‍ ചെയ്തത്. ബാക്കി കേസുകള്‍ ദേശീയ വനിത ശിശു കമ്മീഷനും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അപമാന ഭയത്താല്‍ പല പുരുഷന്മാരും നിയമപരമായി മുന്നോട്ടുവരുന്നില്ലെന്ന് സംഘടന ഭാരവാഹികള്‍ അറിയിച്ചു. സ്ത്രീകള്‍ കൂടുതല്‍ ഇരകളാകുന്നതിനാല്‍ അവരിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുരുഷന്മാരും അക്രമണത്തിനിരയാകുകയാണെങ്കില്‍ അവര്‍ക്കും സംഘടന സേവനം നല്‍കുന്നുണ്ട്. ഒരു സംഭവത്തില്‍ ഗാര്‍ഹിക പീഡനത്തിന് ഭാര്യ ഭര്‍ത്താവിനെതിരെ കേസ് കൊടുത്തു. എന്നാല്‍ അന്വേഷണത്തില്‍ പുരുഷനാണ് അക്രമണത്തിനിരയായതെന്ന് തെളിഞ്ഞെന്ന് സംഘടനയുടെ സന്നദ്ധ പ്രവര്‍ത്തകന്‍ പറയുന്നു. പരാതിക്കാര്‍ക്ക് മുന്നോട്ടുവരാനുള്ള ധൈര്യം നല്‍കുമെന്നും സംഘടന പറയുന്നു. ഗാര്‍ഹിക പീഡനത്തിനുള്ള പ്രധാനകാരണം മദ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി.