വാഷിംങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോർജിയയിൽ വീണ്ടും വോട്ടെണ്ണിയതിലും ബൈഡന് വിജയം. വോട്ടെണ്ണൽ പൂർത്തിയായതായി ജോർജിയ സെക്രട്ടറി ഓഫ് സ്‌റ്റേറ്റിന്റെ വെബ്‌സൈറ്റിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.  തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നും ജോർ‍ജിയയിൽ വീണ്ടും വോട്ടെണ്ണമെന്നും ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കോട്ടയായി അറിയപ്പെടുന്ന സംസ്ഥാനമാണ് ജോര്‍ജിയ, 30 വര്‍ഷത്തിന് ശേഷമാണ് ഒരു ഡമോക്രാറ്റ് സ്ഥാനാർഥി ഇവിടുത്തെ മുഴുവന്‍ ഇലക്ട്രല്‍ വോട്ടുകളും കരസ്ഥമാക്കുന്നത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ട്രംപ് മുന്നിലെത്തിയെങ്കിലും അറ്റ്‌ലാന്റയിലെയും സമീപപ്രദേശങ്ങളിലെയും വോട്ടുകൾ ബൈഡന് മുന്നേറ്റം നല്‍കുകയായിരുന്നു. ജോര്‍ജിയയിലെ വിജയം ബൈഡന്‍റെ തെര‍ഞ്ഞെടുപ്പ് വിജയം ഉറപ്പിക്കുന്നതാണ് അതേ സമയം ഇതുവരെ നിലവിലെ പ്രസിഡന്‍റ് ട്രംപ് തോല്‍വി സമ്മതിച്ചിട്ടില്ല. 

ഡോണൾ‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് കൃത്രിമം എന്ന ആരോപണം തള്ളിയ ഉന്നത തിരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥനെ ട്രംപ് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. തിരഞ്ഞെടുപ്പിൽ വ്യാപകമായി ക്രമക്കേട് നടന്നുവെന്ന ട്രംപിന്റെ അവകാശവാദങ്ങൾ നിരാകരിച്ച സർക്കാരിന്റെ ഉന്നത തിരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥൻ ക്രിസ് ക്രെബ്സിനെ പുറത്താക്കിയതായി ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

ആകെ 538 അംഗങ്ങളുള്ളതിൽ ഭൂരിപക്ഷത്തിന് ആവശ്യമായ 270 ഇലക്ടറൽ വോട്ടുകൾ സ്വന്തമാക്കിയതിനു പിന്നാലെ ബൈഡൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതായി യുഎസിലെ മുഖ്യധാരാ മാധ്യമങ്ങൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ 306 ഇലക്ട്രല്‍ വോട്ടുകള്‍ ബൈഡനുണ്ട്.