വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ ഹെെകമ്മീഷനും ചര്‍ച്ചകള്‍ക്ക് ശേഷം നടത്തിയ ഔദ്യോഗിക ചടങ്ങിലാണ് ലെഗോണ്‍ സര്‍വകലാശാല ക്യാമ്പസില്‍ നിന്ന് നീക്കിയ ഗാന്ധിപ്രതിമ ആക്രയിലെ കോഫി അന്നന്‍ സെന്‍റര്‍ ഓഫ് എക്സലന്‍സില്‍ പുനസ്ഥാപിക്കുന്ന കാര്യം അറിയിച്ചത്

ആക്ര: പ്രതിഷേധത്തെ തുടര്‍ന്ന് ഘാന സര്‍വകലാശാല ക്യാമ്പസില്‍ നിന്ന് നീക്കിയ ഗാന്ധിപ്രതിമ തിരികെ സ്ഥാപിക്കുന്നു. ഘാന വിദേശകാര്യ മന്ത്രാലയമാണ് പ്രതിമ പുനസ്ഥാപിക്കുമെന്ന് വ്യക്തമാക്കിയത്. വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ ഹെെകമ്മീഷനും ചര്‍ച്ചകള്‍ക്ക് ശേഷം നടത്തിയ ഔദ്യോഗിക ചടങ്ങിലാണ് ലെഗോണ്‍ സര്‍വകലാശാല ക്യാമ്പസില്‍ നിന്ന് നീക്കിയ ഗാന്ധിപ്രതിമ ആക്രയിലെ കോഫി അന്നന്‍ സെന്‍റര്‍ ഓഫ് എക്സലന്‍സില്‍ പുനസ്ഥാപിക്കുന്ന കാര്യം അറിയിച്ചത്.

വിദ്യാര്‍ഥികളും അധ്യാപകരും രണ്ട് വര്‍ഷത്തോളം നടത്തിയ പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് ഘാന സര്‍വകലാശാല ഗാന്ധിപ്രതിമ നീക്കം ചെയ്തത്. 2016 സെപ്റ്റംബറില്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍മാര്‍ 'ഗാന്ധി മസ്റ്റ് ഫോള്‍ മൂവ്മെന്‍റ് ' എന്ന പേരില്‍ പ്രതിഷേധം ആരംഭിച്ചിരുന്നു.

ജാതി വ്യവസ്ഥയെ അംഗീകരിക്കുന്നയാളാണ് ഗാന്ധി എന്ന് ആരോപിച്ചാണ് പ്രതിഷേധങ്ങള്‍ നടന്നിരുന്നത്. കറുത്ത വര്‍ഗക്കാരായ ആഫ്രിക്കക്കാരേക്കാള്‍ ഇന്ത്യക്കാര്‍ എന്ത് കൊണ്ടും ശ്രേഷ്ഠരാണെന്നുള്ള ഗാന്ധിയുടെ വാക്കുകള്‍ എടുത്താണ് പ്രതിഷേധക്കാര്‍ പ്രതിമ നീക്കണമെന്ന വാദം ഉന്നയിച്ചത്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആഫ്രിക്കന്‍ സയന്‍സ് ഡയറക്ടര്‍ അകോസോ അഡോമോക്കോ ആംപോഫോ ആണ് പ്രതിഷേധങ്ങള്‍ നയിച്ചത്. ഇതോടെ 2016 ജൂണില്‍ ഇന്ത്യന്‍ പ്രസിഡന്‍റായിരുന്ന പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്ത പ്രതിമ നീക്കാന്‍ ഇതോടെ സര്‍വകലാശാല തീരുമാനിക്കുകയായിരുന്നു. നേരത്തെ 2013ലും ഗാന്ധിക്കെതിരെ ആഫ്രിക്കന്‍ തലസ്ഥാനമായ ജെഹാനാസ്ബര്‍ഗില്‍ സമാന പ്രതിഷേധങ്ങള്‍ നടന്നിരുന്നു.