Asianet News MalayalamAsianet News Malayalam

അവശ്യ ഭക്ഷ്യസാധനങ്ങള്‍ക്ക് പൊള്ളും വില; പെട്രോള്‍ ലിറ്ററിന് 118 രൂപ; പാകിസ്ഥാനില്‍ സംഭവിക്കുന്നത്

പുതിയ വില പരിഷ്കരണത്തോടെ സര്‍ക്കാര്‍ സബ്സിഡി ലഭിക്കുന്ന വിപണിയിലെ ചില അവശ്യസാധനങ്ങളുടെ വില 56 ശതമാനത്തോളം കൂടിയെന്നാണ് റിപ്പോര്‍ട്ട്. 

Ghee wheat flour sugar become costlier in Pakistan Petrol at Rs 118.09 per litre
Author
Islamabad, First Published Jul 17, 2021, 5:59 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ അവശ്യ ഭക്ഷ്യസാധനങ്ങള്‍ പൊള്ളുന്ന വിലയിലേക്ക്. ഗോതമ്പ് പൊടി, നെയ്യ്, പഞ്ചസാര എന്നിവയ്ക്കെല്ലാം വില വര്‍ദ്ധിപ്പിക്കാന്‍ പാകിസ്ഥാന്‍ മന്ത്രിസഭയുടെ കീഴിലെ ഇക്കണോമിക്ക് കോഡിനേഷന് സമിതി അനുവാദം കൊടുത്തു. വിപണി വിലയും സബ്സിഡി വിലയും തമ്മിലുള്ള അന്തരം വലിയതോതില്‍ വര്‍ദ്ധിച്ചതോടെയാണ് ഈ തീരുമാനം. ഇതോടെ പാകിസ്ഥാനിലെ പൊതുവിപണിയില്‍ അവശ്യസാധനങ്ങള്‍ എത്തിക്കുന്ന പാകിസ്ഥാന്‍ യൂട്ടിലിറ്റി സ്റ്റോര്‍സ് കോര്‍പ്പറേഷന്‍ വിലകൂട്ടി.

പുതിയ വില പരിഷ്കരണത്തോടെ സര്‍ക്കാര്‍ സബ്സിഡി ലഭിക്കുന്ന വിപണിയിലെ ചില അവശ്യസാധനങ്ങളുടെ വില 56 ശതമാനത്തോളം കൂടിയെന്നാണ് റിപ്പോര്‍ട്ട്. ഒരു കിലോഗ്രാം നെയ്യ് 260 രൂപയ്ക്കാണ് ഇനി പാകിസ്ഥാനില്‍ ലഭിക്കുക. നേരത്തെ വില 170 രൂപയായിരുന്നു. 20 കിലോ ഗോതമ്പ് പൊടിക്ക് വില 950 രൂപയായി നിലവില്‍ 800 രൂപയായിരുന്നു. പഞ്ചസാരയ്ക്ക് കിലോയ്ക്ക് 68 രൂപയില്‍ നിന്നും 85 രൂപയായി മാറി. ഇതിന് അനുബന്ധമായി പൊതുവിപണിയിലും വില വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം അവശ്യസാധന വിലയില്‍ വര്‍ദ്ധനവിനൊപ്പം പെട്രോള്‍ ഡീസല്‍ വിലയും പാകിസ്ഥാനില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. പെട്രോളിന് പുതിയ വില ലിറ്ററിന് 118.09 രൂപയാണ്. ഡീസലിന് 116.5 രൂപയും. സര്‍ക്കാറിന് വേറെ വഴിയില്ലെന്നും, അന്തരാഷ്ട്ര വിപണിയില്‍ ഇന്ധന വില കുത്തനെ കൂടുകയാണെന്നും വില വര്‍ദ്ധന സംബന്ധിച്ച് പ്രതികരിച്ച പാക് മന്ത്രി ഫവാദ് ചൌദരി പറഞ്ഞു. മേഖലയിലെ ഏറ്റവും കുറഞ്ഞ വില പാകിസ്ഥാനിലാണെന്ന് ഇദ്ദേഹം ട്വീറ്റ് ചെയ്തു. 

2020 പാകിസ്ഥാനിലെ ദരിദ്രത്തിന്‍റെ തോത് 4.4 ശതമാനത്തില്‍ നിന്നും 5.4 ശതമാനം വര്‍ദ്ധിച്ചുവെന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാന്‍ ദാരിദ്ര സൂചിക 2021-22 കാലഘട്ടത്തില്‍ 39.2 ശതമാനം വര്‍ദ്ധിക്കുമെന്നാണ് ലോക ബാങ്ക് കണക്കുകള്‍ പറയുന്നത്, വാര്‍ത്ത ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios