ദമാസ്കസ്: മരണത്തിന് തൊട്ടുമുമ്പ് തന്‍റെ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അഞ്ചുവയസുകാരിയുടെ നടുക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയെ ഈറനണിയിക്കുന്നത്. സിറിയയില്‍ ബോബാക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ട പെണ്‍കുട്ടി, താഴെ വീഴാന്‍ തുടങ്ങിയ അനിയത്തിക്കുട്ടിയെ വസ്ത്രത്തില്‍ തൂക്കിപ്പിടിച്ചിരിക്കുന്നതാണ് ആ കരളലിയിപ്പിക്കുന്ന ചിത്രം. 

സിറിയയില്‍ ബോംബാക്രമണമുണ്ടായ അരിഹയിലെ ഒരു നഗരത്തില്‍ നിന്ന് പ്രാദേശിക മാധ്യമ ഫോട്ടോഗ്രാഫറായ ബഷര്‍ അല്‍ ഷെയ്ഖാണ് 'ആ നിമിഷം' പകര്‍ത്തിയത്. ബുധനാഴ്ചയാണ് ചിത്രം പകര്‍ത്തിയത്. തുടര്‍ച്ചയായി ബോംബാക്രമണങ്ങള്‍ നടക്കുന്ന ഈ പ്രദേശം ഭീകരരുടെ താവളമാണ്. 

മൂന്ന് പെണ്‍കുട്ടികളെ ചിത്രത്തില്‍ കാണാം. ഒരു കുഞ്ഞ് മരിച്ചു. മറ്റുരണ്ടുപേര്‍ മരണത്തിന്‍റെയും ജീവിതത്തിന്‍റെയും വക്കിലാണ്. അഞ്ചുവയസ്സുകാരിയായ റിഹാം അല്‍ അബ്ദുള്ളയെയാണ് ചിത്രത്തില്‍ അനിയത്തിയുടെ പച്ച വസ്ത്രത്തില്‍ മുറുക്കിപ്പിടിച്ചിരിക്കുന്നതായി കാണുന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം കുട്ടി റിഹാം മരണത്തിന് കീഴടങ്ങി.

അവരുടെ ഏഴ് മാസം പ്രായമായ അനിയത്തി തൗക്ക മുറിവുകളോടെ മരണത്തോട് മല്ലടിക്കുകയാണ്. റിഹാമിന്‍റെ മറ്റൊരു സഹോദരി ഡാലിയയ്ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. അവള്‍ ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിഹാമും അവളിടെ മാതാവും ഫോട്ടോയില്‍ കാണാത്ത മറ്റൊരു കുഞ്ഞും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വയറിലും ഹൃദയഭാഗത്തും മുറിവേറ്റ റൊവാനെയാണ് മരണത്തിന് കീഴടങ്ങിയ റിഹാമിന്‍റെ മറ്റൊരു സഹോദരി.