ജപ്പാൻ: തൊഴിലിടങ്ങളിൽ വനിതാ ജീവനക്കാർ കണ്ണട ധരിക്കാൻ പാടില്ലെന്ന് ജപ്പാനിലെ ചില സ്ഥാപനങ്ങൾ ഉത്തരവിറക്കിയതായി റിപ്പോർട്ട്. ചില കമ്പനികൾ ചില പ്രത്യക കാരണങ്ങളാൽ വനിതാ ജീവനക്കാർക്ക് കണ്ണട നിരോധിച്ചിട്ടുണ്ടെന്ന് ജപ്പാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.  കണ്ണട ധരിച്ച വനിതാ ജീവനക്കാർ ഉപഭോക്താക്കളോട് ഇടപഴകുന്നത് തണുപ്പൻ മട്ടിലാണെന്നാണ് ചില റീട്ടെയിൽ ഷോപ്പുടമകളുടെ അഭിപ്രായം. എന്തായിരുന്നാലും തൊഴിലിടങ്ങളിൽ സ്ത്രീ ജീവനക്കാർ എന്ത് ധരിക്കണം എന്ന വിഷയത്തിൽ ജപ്പാനിലെ സമൂഹമാധ്യമങ്ങളിൽ ചർച്ച ചൂടുപിടിക്കുകയാണ്.

തൊഴിൽ സ്ഥാപനങ്ങൾ എന്തൊക്കെ കാരണങ്ങൾ പറഞ്ഞാണ് സ്ത്രീകൾ കണ്ണട ധരിക്കുന്നതിൽ നിന്നും  വിലക്കുന്നതെന്ന് നിപ്പോൺ ടിവിയും ബിസിനസ് ഇൻസൈഡർ മാ​ഗസിനും അന്വേഷണം നടത്തിയിരുന്നു. എയർലൈൻ ജീവനക്കാരായ സ്ത്രീകൾ കണ്ണട വിലക്ക് നൽകിയത് സുരക്ഷാപ്രശ്നങ്ങൾ മുൻനിർത്തിയാണെന്നും ബ്യൂട്ടി പാർലറുകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് മേക്കപ്പ് വ്യക്തമായി കാണാൻ സാധിക്കില്ലെന്ന കാരണത്താലുമാണ് കണ്ണട  നിഷേധിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

സ്ഥാപനങ്ങളുടെ ചട്ടങ്ങൾക്കനുസരിച്ചാണോ കണ്ണട നിരോധനം എന്ന കാര്യം വ്യക്തമല്ല. ​ഗ്ലാസ്സസ് ആർ ഫോർബിഡൻ എന്ന ഹാഷ്ടാ​ഗോടെയാണ് സമൂഹമാധ്യമങ്ങളിൽ ഇതിനെതിരെ ചർച്ച പുരോ​ഗമിക്കുന്നത്. സ്ത്രീകൾ കണ്ണട ധരിക്കാൻ പാടില്ല എന്ന നിബന്ധന സ്ത്രിവിവേചനത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നു എന്നാണ് സോഷ്യോളജി പ്രൊഫസറായ കുമികോ നെമോട്ടോ അഭിപ്രായപ്പെടുന്നത്. സ്ത്രീകൾ എങ്ങനെ ജോലി ചെയ്യുന്നു എന്നതാണ് പ്രധാനം ഇത്തരം തീരുമാനങ്ങൾ പ്രാചീനവും പരമ്പരാ​ഗതവുമാണെന്നും അവർ കൂട്ടിച്ചേർത്തു.