ചൈനയിൽ കൊറോണ വൈറസിൽ മരണസംഖ്യ ഉയരുന്നു. വൈറസ് ബാധയേറ്റ് ഇതുവരെ 803 പേരാണ് മരിച്ചത്. ഇന്നലെ മാത്രം 81പേർ മരിച്ചു. ഇതോടെ മരണസംഖ്യ 2003ലെ സാർസ് ബാധ മരണത്തെക്കാൾ കൂടുതലായി. ലോകത്താകമാനം 774 പേരാണ് സാർസ് ബാധയെ തുടർന്ന് മരിച്ചത്. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ മാത്രം കൊറോണയെ തുടർന്ന് 780പേർ മരിച്ചു. 34,800 പേർക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചതായാണ് കണക്ക്. വൈറസ് ബാധിതരിൽ 34,598 പേർ ചൈനയിലാണ്. ഇതിൽ 25,000ത്തോളം ആളുകൾ വുഹാൻ പ്രവിശ്യയിൽ നിന്നുള്ളവരാണ്. വൈറസ് ബാധയെ തുടർന്ന് ലോകാരോഗ്യ സംഘടനാ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

കാസർഗോഡ് അവലോകനയോഗം 

അതേസമയം കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസർഗോഡ് ജില്ലയിൽ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് അവലോകനം യോഗം ചേരും. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ രാവിലെ 11 ന് ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസിലാണ് യോഗം ചേരുക. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും വിവിധ വകുപ്പ് മേധാവികളും യോഗത്തില്‍ പങ്കെടുക്കും.കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നും മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയ 101 പേരാണ് നിലവിൽ കാസർഗോഡ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. രോഗം സ്ഥിരീകരിച്ച ഒരാളടക്കം രണ്ടു പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. പരിശോധനക്കായി 22 പേരുടെ സാമ്പിള്‍ അയച്ചതില്‍ 19 പേരുടെ റിസല്‍ട്ടും നെഗറ്റീവായിരുന്നു. മൂന്ന് പേരുടെ റിസള്‍ട്ട് ആണ് ഇനിയും കിട്ടാനുള്ളത്.