എന്നാല്‍ പാകിസ്ഥാന്‍റെ കാശ്മീര്‍ മുന്‍നിര്‍ത്തിയുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ സഹായിക്കുന്ന രീതിയില്‍ പ്രധാനമന്ത്രി മോദി കശ്മീര്‍ വിഷയം തന്‍റെ പ്രസംഗത്തില്‍ ഉന്നയിക്കില്ലെന്നാണ് വിവരം. 

ന്യൂയോർക്ക്: അടുത്ത മാസം 27ന് നടക്കുന്ന യുഎൻ പൊതുസഭാ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കും. അന്നേ ദിവസം തന്നെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പൊതുസഭയില്‍ പ്രസംഗിക്കും. കശ്മീർ വിഷയം ഉന്നയിക്കുമെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കിയിട്ടുണ്ട്. 

എന്നാല്‍ പാകിസ്ഥാന്‍റെ കാശ്മീര്‍ മുന്‍നിര്‍ത്തിയുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ സഹായിക്കുന്ന രീതിയില്‍ പ്രധാനമന്ത്രി മോദി കശ്മീര്‍ വിഷയം തന്‍റെ പ്രസംഗത്തില്‍ ഉന്നയിക്കില്ലെന്നാണ് വിവരം. കശ്മീര്‍ വിഷയം രാജ്യത്തിന്‍റെ ആഭ്യന്തര വിഷയമാണ് എന്ന ഇന്ത്യന്‍ നിലപാട് ഉയര്‍ത്തിപ്പിടിച്ചായിരിക്കും മോദിയുടെ പ്രസംഗം. 

കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നടപടിക്കെതിരെ യുഎന്നിൽ മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധം സംഘടിപ്പിക്കാൻ ഇമ്രാൻ പാർട്ടി അനുഭാവികൾക്കു നിർദേശം നൽകി. കശ്മീരിലെ സ്ഥിതിഗതികൾ വ്യക്തമാക്കി പാക്കിസ്ഥാൻ മനുഷ്യാവകാശങ്ങൾക്കുള്ള യുഎൻ ഹൈക്കമ്മിഷണർക്ക് കത്ത് നൽകി.

അതേ സമയം ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്കു സാമ്പത്തികസഹായം നൽകുന്നതു തടയുന്നതിൽ വീഴ്ച വരുത്തിയതിന് പാക്കിസ്ഥാനെ യുഎൻ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ഏഷ്യപസഫിക് ഗ്രൂപ്പ് (എപിജി) കരിമ്പട്ടികയിൽ പെടുത്തി. ഭീകരർക്കു സാമ്പത്തികസഹായം നൽകുന്നതു നിരീക്ഷിച്ച് നടപടിയെടുക്കുന്നതിനുള്ള യുഎൻ സംവിധാനമാണ് എഫ്എടിഎഫ്.