ന്യൂയോര്‍ക്ക്: ടൈം മാഗസിന്‍റെ ഈ വര്‍ഷത്തെ ഇയര്‍ ഓഫ് ദ പേഴ്സണായി ഗ്രെറ്റാ തുംബെര്‍ഗിനെ തെരഞ്ഞെടുത്തു. കാലാവസ്ഥാ മാറ്റത്തിനും പാരിസ്ഥിതി പ്രശ്നങ്ങളിലും സജീവമായി ഇടപെട്ട് ലോകശ്രദ്ധ നേടിയ വ്യക്തിയാണ് ഗ്രെറ്റാ തുംബെര്‍ഡ്. യുഎന്നിന്‍റെ കാലാവസ്ഥ ഉച്ചകോടിയില്‍ 16കാരിയായ ഗ്രെറ്റയുടെ പ്രഭാഷണം ലോകവ്യാപക ശ്രദ്ധ നേടിയിരുന്നു. 2018 ആഗസ്റ്റ് മുതലാണ് എല്ലാ വെള്ളിയാഴ്ചകളിലും സ്കൂള്‍ ഒഴിവാക്കി സ്വീഡിഷ് പാര്‍ലമെന്‍റിന് മുന്നില്‍ ആഗോള താപനത്തിനെതിരെ തുംബെര്‍ഗ് സമരം തുടങ്ങിയത്. പതിയെ സമരം കൗമാരക്കാരിലേക്ക് പടര്‍ന്നു. ലോക നേതാക്കള്‍ തുംബെര്‍ഗിന്‍റെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.  

ലോകത്തിന്‍റെ നന്മക്കു വേണ്ടി ശബ്ദമുയര്‍ത്തിയതിനാണ് ഗ്രെറ്റ തുംബെര്‍ഗിനെ പേഴ്സണ്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തതെന്ന് ടൈം മാഗസിന്‍ എഡിറ്റര്‍ എഡ്‍വാര്‍ഡ് ഫെല്‍സെന്‍തല്‍ പറഞ്ഞു. ഗ്രെറ്റ തുംബെര്‍ഗിനെ കവര്‍ ചിത്രമാക്കിയ പുതിയ മാഗസിനും പുറത്തിറക്കി. ദ പവര്‍ ഓഫ് യൂത്ത് എന്ന അടിക്കുറിപ്പോടെയാണ് മാഗസിന്‍ പ്രസിദ്ധീകരിച്ചത്.