സഹോദരങ്ങള്‍ തമ്മില്‍ പോരടിക്കുന്നുവെന്നായിരുന്നു സ്റ്റേഷനിലേക്ക് ലഭിച്ച സന്ദേശം. സന്ദേശമനുസരിച്ച് സംഭവ സ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥരെ അക്രമി വെടി വയ്ക്കുകയായിരുന്നു

വ്യാജ സന്ദേശം നല്‍കി പൊലീസുകാരെ വിളിച്ചുവരുത്തി വെടിവച്ച് കൊന്ന് യുവാവ്. ബ്രിസ്റ്റോളിലാണ് സംഭവം. ഡസ്റ്റിന്‍ ഡിമോന്‍റെ, അലക്സ് ഹാംസി എന്നീ പൊലീസ് ഉദ്യോഗസ്ഥരാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്. സഹോദരങ്ങള്‍ തമ്മില്‍ അക്രമം നടക്കുന്നതായി സന്ദേശം ലഭിച്ചതിനേ തുടര്‍ന്ന് പൊലീസുകാര്‍ ബ്രിസ്റ്റോളില റെഡ്സ്റ്റോണ്‍ ഹില്‍ റോഡിലെത്തിയത്. ഇവര്‍ക്ക് നേരെ 35കാരനായ നിക്കോളാസ് ബ്രഡ്ച്ചര്‍ വെടി വയ്ക്കുകയായിരുന്നു.

അക്രമിയും സംഭവ സ്ഥലത്ത് വച്ച് കൊല്ലപ്പെട്ടു. ഇയാളുടെ സഹോദരനായ നാഥാന്‍ ബ്രഡ്ച്ചര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സ്റ്റേഷനിലേക്ക് ലഭിച്ച സന്ദേശമനുസരിച്ച് അക്രമം നടക്കുന്ന സ്ഥലത്തേക്ക് എത്തിയ പൊലീസുകാരെ കാത്ത് നില്‍ക്കുകയായിരുന്നു നിക്കോളാസ്. പൊലീസുകാരെ കണ്ടയുടന്‍ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പൊലീസുകാരന്‍ പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ചികിത്സയിലാണ്. പെട്ടന്നുണ്ടായ അക്രമത്തിന് കാരണത്തേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മികച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥന്മാരെയാണ് നഷ്ടമായതെന്ന് ബ്രിസ്റ്റോള്‍ പൊലീസ് ചീഫ് ബ്രയാന്‍ ഗൂല്‍ഡ് വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.2019ലെ ഓഫീസര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയ ഉദ്യോഗസ്ഥനാണ് ഡസ്റ്റിന്‍ ഡിമോന്‍റെ. ഡിമോന്‍റെയ്ക്ക് ഭാര്യയുംട രണ്ട് മക്കളുമാണ് ഉള്ളത്. 35 വയസായിരുന്നു. 34കാരനാണ് അലക്സ് ഹാംസി. മാതാപിതാക്കളും ഭാര്യയും രണ്ട് സഹോദരിമാരുമാണ് ഹാംസിക്കുള്ളത്.

2018ല്‍ പാര്‍ക് ലാന്‍ഡിലെ സ്കൂളില്‍ വെടിവയ്പ് നടത്തിയ പത്തൊന്‍പതുകാരന് ജീവപരന്ത്യം തടവ് ശിക്ഷയ്ക്ക് വിധിച്ചത് ബുധനാഴ്ചയാണ്. ഈ വെടിവയ്പിന് പിന്നാലെ രാജ്യത്തെ തോക്ക് ഉപയോഗം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധിപ്പേരാണ് ഈ ആവശ്യവുമായി തെരുവില്‍ പ്രതിഷേധിച്ചത്. പൊതുസ്ഥലങ്ങളില്‍ തോക്ക് കൊണ്ടുവരാനുള്ള അവകാശം പൌരന്മാര്‍ക്കുള്ള രാജ്യമാണ് അമേരിക്ക. തോക്ക് കൊണ്ടുള്ള അക്രമ സംഭവങ്ങള്‍ പതിവായതിന് പിന്നാലെ സെനറ്റ് തോക്ക് നിയന്ത്രണ ബില്‍ രാജ്യത്ത് പാസാക്കിയിരുന്നു.