Asianet News MalayalamAsianet News Malayalam

ജര്‍മ്മന്‍ സിനഗോഗിലെ വെടിവയ്പ്പ് ഗെയിം സൈറ്റില്‍ ലൈവായി നല്‍കി അക്രമി; രണ്ട് പേര്‍ കൊല്ലപ്പെട്ടു

തന്‍റെ പദ്ധതി പാളിപോയത് തന്‍റെ കയ്യിലുള്ള മോശം ആയുധം കാരണമാണെന്ന് ശപിച്ച് പ്രേക്ഷകരോട് അക്രമി നിരന്തരമായി മാപ്പുപറയുന്നുണ്ട് വീഡിയോയില്‍

gunman live streamed attack in german synagogue
Author
Halle (Saale), First Published Oct 10, 2019, 10:05 AM IST

ഹല്ലെ: ജര്‍മ്മനിയിലെ ഹാലെയില്‍ സിനഗോഗിന് പുറത്തുവച്ചുണ്ടായ വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ആളുകളെ വെടിവച്ചുകൊല്ലുന്ന ദൃശ്യങ്ങള്‍ ഇയാള്‍ തന്‍റെ തലയില്‍ ഘടിപ്പിച്ച ക്യാമറയിലൂടെ ലൈവ് സ്ട്രീമിംഗ് ചെയ്യുന്നുണ്ടായിരുന്നു. ഈ വര്‍ഷം ആദ്യം ന്യൂസിലാന്‍റിലെ മുസ്ലീം പള്ളിയിലുണ്ടായ ആക്രമണത്തിന് സമാനമായിരുന്നു ഇതും. 

35 മിനുട്ടുള്ള ആക്രമണത്തിന്‍റെ വീഡിയോയില്‍ പച്ച ഷര്‍ട്ട് ധരിച്ച ആള്‍ വെടിവയ്പ്പ് നടത്തുന്നത് കാണാം. ഫെമിനിസം, ജനനനിരക്ക് കുറയുന്നത്, പാലായനം എന്നിവയാണ് ലോകത്തിലെ പ്രധാന പ്രശ്നങ്ങളെന്നും ഇതിനെല്ലാം കാരണം ജൂതമതക്കാരാണെന്നും ഇയാള്‍ ഈ വീഡിയോയില്‍ പറയുന്നുണ്ട്. ട്വിച്ച് എന്ന് ഗെയ്മിംഗ് സൈറ്റിലാണ് ഈ വീഡിയോ സ്ട്രീം ചെയ്തതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

തന്‍റെ പദ്ധതി പാളിപോയത് തന്‍റെ കയ്യിലുള്ള മോശം ആയുധം കാരണമാണെന്ന് ശപിച്ച് പ്രേക്ഷകരോട് അക്രമി നിരന്തരമായി മാപ്പുപറയുന്നുണ്ട്. സംഭവത്തില്‍ ഒരാള്‍ പ്രതിയാണെന്നും വീഡിയോയില്‍ അന്വേഷണം തുടരുകയാണെന്നും ജര്‍മ്മന്‍ അധികൃതര്‍ പറഞ്ഞു. 

ജര്‍മ്മനിയിലെ ബെന്‍ഡോര്‍ഫിലുള്ള 27കാരനെയാണ് സംശയാസ്പദമായ നിലയില്‍ പിടികൂടിയിരിക്കുന്നത്. ന്യൂസിലന്‍റില്‍ നടന്നതിന് സമാനമായ പ്രവര്‍ത്തനരീതിയാണ് ഇവിടെയും ആവര്‍ത്തിച്ചിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. തലയില്‍ ക്യാമറ ഘടിപ്പിച്ചാണ് മാര്‍ച്ചില്‍ ന്യൂസിലന്‍റിലെ മുസ്ലീം പള്ളിയില്‍ 28കാരനായ ബ്രെന്‍റന്‍ ടരറ്റ് ആക്രമണം നടത്തിയത്. അന്നും വീഡിയോ ലൈവ് സ്ട്രീം ചെയ്തിരുന്നു. 51 പേരാണ് അന്ന് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. 

ജൂതവിശ്വാസികളോടുള്ള വിരോധത്തിനെതിരെ പോരാടുമെന്ന് സര്‍ക്കാര്‍ വക്താവ് സ്റ്റീഫന്‍ സൈബര്‍ട്ട് പറഞ്ഞു. ബര്‍ലിനിലെ സിനഗോഗില്‍ മതിയായ സുരക്ഷ ഉറപ്പുവരുത്താന്‍ ചാന്‍സലര്‍ അങ്കല മെര്‍ക്കല്‍ നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios