ലോസ് ആർ 7 എന്ന ക്രിമിനൽ സംഘവുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായതെന്നാണ് പുറത്ത് വരുന്ന വിവരം. അക്രമത്തിന് ശേഷം ദേശീയ പാതയിലേക്കെത്തിയ സംഘം കാറും വേഷവും ഉപേക്ഷിച്ച് ശേഷമാണ് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. 

ക്വിറ്റോ: കോഴിപ്പോരിനിടെ 12 പേരെ വെടിവച്ചുകൊന്ന അക്രമി ഒടുവിൽ അറസ്റ്റിൽ. വെള്ളിയാഴ്ച ഇക്വഡോറിൽ വെള്ളിയാഴ്ച നടന്ന കോഴിപ്പോരിന് ഇടയിലാണ് സൈനിക വേഷത്തിലെത്തിയ അക്രമി വെടിയുതിർത്തത്. ഇക്വഡോറിന്റെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയായ മാനബിയിലായിരുന്നു വെടിവയ്പ് നടന്നത്. സംഭവത്തിന് പിന്നാലെ ലാ വലൻസിയയിൽ നടത്തിയ റെയ്ഡിലാണ് തോക്കും പൊലീസുകാരുടെ വ്യാജ യൂണിഫോമുകൾ അടക്കമുള്ളവ കണ്ടെത്തിയതും നാല് പേരെ അറസ്റ്റ് ചെയ്തതും. 

കോഴിപ്പോര് നടന്നിരുന്ന റിംഗിനുള്ളിലേക്ക് തോക്കുമായി എത്തിയ ആൾ കാഴ്ചക്കാർക്കിടയിലേക്ക് വെടി വയ്ക്കുകയായിരുന്നു. ഇയാൾ ധരിച്ചിരുന്ന സേനാ വേഷം വ്യാജമാണെന്നും കോഴിപ്പോരിൽ പങ്കെടുത്തിരുന്ന അക്രമി സംഘമാണ് വെടിവയ്പിന് പിന്നിലെന്നുമാണ് പൊലീസ് സംശയിക്കുന്നത്. ഇതിന് പിന്നാലെയാണ് വിവിധ സേനകൾ ചേർന്ന് സംയുക്തമായി പ്രതിക്ക് വേണ്ടി തെരച്ചിൽ ആരംഭിച്ചത്. ലാറ്റിൻ അമേരിക്കൻ രാജ്യമായ ഇക്വഡോറിൽ നിന്ന് ലഹരി വ്യാപാരമടക്കമുള്ള രംഗത്ത് പിടിമുറുക്കിയ 20ലേറെ അക്രമി സംഘമാണ് ഇവിടെയുള്ളത്. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്ന കൊക്കെയ്ന്റെ 70 ശതമാനവും ഇക്വഡോറിലൂടെയാണ് എത്തുന്നത്. ഇവിടെ നിന്നാണ് അമേരിക്കയിലേക്കും യൂറോപ്പിലേക്കും മയക്കുമരുന്ന് എത്തുന്നത്. കൊളംബിയയിൽ നിന്നും പെറുവിൽ നിന്നും എത്തിക്കുന്ന ലഹരിമരുന്ന കടത്താനായി ഇക്വഡോർ തുറമുഖത്തെ ലഹരി സംഘങ്ങൾ ഉപയോഗിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ മാത്രം 781 കൊലപാതകമാണ് ഇവിടെ നടന്നത്. ഏതാനും വർഷങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന കൊലപാതക നിരക്കാണ് ഇത്. അനധികൃത മയക്കുമരുന്ന വ്യാപാരവുമായി ബന്ധപ്പെട്ടാണ് ഇവിടെ നടക്കുന്ന കൊലപാതകങ്ങളിലേറെയും. 

കോഴിപ്പോരിന് ഇടയ്ക്ക് നടന്ന അക്രമത്തിൽ കൊല്ലപ്പെട്ടവരിൽ ഏറെയും നിരായുധരാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. നിരവധിപ്പേർക്ക് വെടിവയ്പിൽ പരിക്കേറ്റിട്ടുണ്ട്. അഞ്ചിലേറെ പേരാണ് അക്രമം നടത്തിയതെന്നാണ് പുറത്ത് വന്ന വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാവുന്നത്. ലോസ് ആർ 7 എന്ന ക്രിമിനൽ സംഘവുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായതെന്നാണ് പുറത്ത് വരുന്ന വിവരം. അക്രമത്തിന് ശേഷം ദേശീയ പാതയിലേക്കെത്തിയ സംഘം കാറും വേഷവും ഉപേക്ഷിച്ച് ശേഷമാണ് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. 

എട്ട് റൈഫിളുകൾ, നാല് പിസ്റ്റളുകൾ, മൂന്ന് ഷോട്ട് ഗണ്ണുകൾ, തിരകൾ നിറയ്ക്കുന്ന എട്ട് മാഗ്സിനുകൾ, 11 സെൽഫോൺ, ബാലിസ്റ്റിക് ഹെൽമെറ്റുകൾ, ടാക്റ്റിക്കൾ കയ്യുറകൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം