അതിർത്തി കടന്നെത്തിയ ഇന്ത്യക്കാർക്കും യുക്രൈന്‍ പൗരൻമാർക്കും ഇന്ത്യൻ സമൂഹത്തിന്‍റെ ഗുരുദ്വാരയും അമ്പലവും താല്‍ക്കാലിക അഭയകേന്ദ്രങ്ങളായി മാറി. 

വാഴ്സോ: യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നെത്തുന്ന അഭയാർത്ഥികളെ സംരക്ഷിക്കാനുള്ള പോളണ്ട് (Poland) സർക്കാരിന്‍റെ നീക്കങ്ങൾക്ക് എല്ലാ സഹായവും നല്‍കി ഇന്ത്യൻ സമൂഹം. അതിർത്തി കടന്നെത്തിയ ഇന്ത്യക്കാർക്കും യുക്രൈന്‍ പൗരൻമാർക്കും ഇന്ത്യൻ സമൂഹത്തിന്‍റെ ഗുരുദ്വാരയും അമ്പലവും താല്‍ക്കാലിക അഭയകേന്ദ്രങ്ങളായി മാറി.വാഴ്സോയിലെ ഈ കേന്ദ്രങ്ങളിൽ നിന്ന് പ്രശാന്ത് രഘുവംശം തയ്യാറാക്കിയ റിപ്പോർട്ട്.

മധ്യയൂറോപ്പിലെ അംഗീകാരമുള്ള ഏക ഗുരുദ്വാരയായ ഇവിടെ യുക്രൈനില്‍ നിന്ന് പോളണ്ടിലേക്ക് വന്ന 150 ല്‍ അധികം അഭയാർത്ഥികൾക്കാണ് സംരക്ഷണം നല്‍കിയത്. ചിലർ ഇപ്പോഴും ഇവിടെ തുടരുന്നുണ്ട്. 'ഈ ചെറിയ ഗുരുദ്വാരയില്‍ 150 പേർക്ക് വരെ സംരക്ഷണം നല്‍കിയ ഒരു സമയം ഉണ്ടായിരുന്നെന്ന് ഗുരുദ്വാരയുടെ ചീഫ് അഡ്മിനിസ്ട്രേറ്റര്‍ ജെ ജെ സിംഗ് പറഞ്ഞു. അവർക്ക് താമസവും ഭക്ഷണവും നല്‍കി. ആളുകളുടെ എണ്ണം കൂടിയപ്പോൾ 10 കിലോമീറ്റർ അകലെയുള്ള ഹിന്ദു ക്ഷേത്രത്തിലേക്കും ആളുകൾ പോയതായി ജെ ജെ സിംഗ് പറഞ്ഞു.

ഗുരുദ്വാരയ്ക്കൊപ്പം അടുത്തുള്ള ഹിന്ദു ക്ഷേത്രവും അഭയാർത്ഥി ക്യാംപായി പെട്ടെന്ന് മാറി. ഇപ്പോഴും നാലഞ്ചു പേർ ഇവിടെ തുരുന്നു. മറ്റുള്ളവർ ഇന്ത്യയിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും പോയി. 'ഇവിടെ എത്തിയവർക്ക് എല്ലാ സഹായവും സൗകര്യവും നല്‍കി. എല്ലാവരും സന്തോഷത്തിലായിരുന്നു'. പലരും 40 മണിക്കൂർ വരെ കാത്തു നിന്നാണ് അതിർത്തി കടന്നുവന്നതെന്നും ക്ഷേത്രസമിതി പ്രസിഡന്‍റ് ഹരീഷ് ലാല്‍വനി പറഞ്ഞു. മലയാളിയായ പ്രദീപ് നായരുടെ നേതൃത്വത്തിൽ കൂടിയാണ് ഇന്ത്യൻ സമൂഹത്തിനാകെ വേണ്ടി ഈ ക്ഷേത്രം നിർമ്മിച്ചത്. കേന്ദ്രസർക്കാരിന്‍റെ ഓപ്പറേഷൻ ഗംഗ ദൗത്യത്തിലും ഇവിടുത്തെ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ പ്രധാന പങ്ക് വഹിച്ചിരുന്നു.