സംഭവത്തില്‍ ഹാക്കറിനെ പിടികൂടിയെങ്കിലും ബില്‍ബോര്‍ഡിലൂടെയുള്ള പരസ്യ പ്രചാരണങ്ങള്‍ അധികൃതര്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചു

ബാഗ്ദാദ്: പരസ്യ ബോര്‍ഡ് ഹാക്ക് ചെയ്ത് അശ്ലീല വീഡിയോ സംപ്രേക്ഷണം ചെയ്ത് ഹാക്കര്‍. സെന്‍ട്രെല്‍ ബാഗ്ദാദിലെ ഉഖ്ബ ബിന്‍ നഫേ സ്ക്വയറിലെ പരസ്യബോര്‍ഡിലൂടെയാണ് ഞായറാഴ്ചയാണ് അശ്ലീല വീഡിയോ സംപ്രേക്ഷണം ചെയ്തത്. സംഭവത്തില്‍ ഹാക്കറിനെ പിടികൂടിയെങ്കിലും ബില്‍ബോര്‍ഡിലൂടെയുള്ള പരസ്യ പ്രചാരണങ്ങള്‍ അധികൃതര്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചു.

പരസ്യ കമ്പനി ഉടമയുമായി സാമ്പത്തിക തര്‍ക്കമുണ്ടായിരുന്നത് ഏറെക്കാലമായി പരിഹരിക്കാതിരുന്നതാണ് ഹാക്കറെ ഇത്തരമൊരു നടപടിയിലേക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. നേരത്തെ രാജ്യത്ത് അശ്ളീല സൈറ്റുകള്‍ വിലക്കുമെന്ന് ഇറാഖി ഭരണകൂടം വിശദമാക്കിയിരുന്നു. എന്നാല്‍ ഈ നടപടിയിലെ നയം എന്താണെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. നേരത്തെ റിപ്പോര്‍ട്ട് എന്ന പേരില്‍ രാജ്യത്തെ പൌരന്മാര്‍ക്ക് അശ്ലീല വെബ്സൈറ്റുകളേക്കുറിച്ച് വിവരം നല്‍കാന്‍ അവസരം ഇറാഖ് നല്‍കിയിരുന്നു.

2022ല്‍ സമാനമായ മറ്റൊരു സംഭവത്തില്‍ തന്നെ ഉപേക്ഷിച്ച് മറ്റൊരു യുവതിയെ തേടി പോയ കാമുകനോട് യുവതി ബില്‍ബോര്‍ഡുകളിലൂടെ പ്രതികാരം ചെയ്തത് ഏറെ ചര്ച്ചയായിരുന്നു. കാമുകന്റെ വീടിന് മുന്‍പിലും അയാള്‍ പോകാന്‍ ഇടയുള്ള നഗരത്തിലെ മറ്റു പ്രധാന കേന്ദ്രങ്ങളിലും ഇക്കാര്യം പറയുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചാണ് യുവതി പ്രതികാരം ചെയ്തത്. ലോസ് എയ്ഞ്ചല്‍സില്‍ നിന്നുള്ള പോപ്പ് ഗായികയും ഗാനരചയിതാവുമായ ഇസ എന്ന 25 -കാരിയാണ് കാമുകനോട് ഇത്തരത്തില്‍ പ്രതികാരം ചെയ്തത്. കാമുകനും അയാളുടെ പുതിയ കാമുകിയും ഒരുമിച്ചു താമസിക്കുന്ന വീടിന് തൊട്ടു മുന്‍പില്‍ ആയാണ് ഇസ തന്റെ ഒരു ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്.

തന്നെ ഉപേക്ഷിച്ചു പോയ കാമുകന്‍ കണ്ണു തുറന്നു പുറത്തേക്ക് നോക്കുമ്പോള്‍ തന്റെ മുഖമായിരിക്കണം കാണേണ്ടത് എന്ന വാശിയോടെയാണ് ഇവര്‍ ഇങ്ങനെ ചെയ്തത്. ഇതിലൂടെ കാമുകന്റെയും അയാളുടെ പുതിയ പങ്കാളിയുടെയും സ്വസ്ഥത നശിപ്പിക്കുകയാണ് തന്റെ ലക്ഷ്യം എന്നും ഇവര്‍ പ്രതികരിച്ചിരുന്നു. നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍- പ്രത്യേകിച്ച് കാമുകന്‍ പോകാന്‍ ഇടയുള്ള സ്ഥലങ്ങളില്‍-ഇസ ഇത്തരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം