ചീര വാങ്ങിയവർ ഇതിൽ രണ്ട് തരം ഇലകൾ ഉള്ളതായി ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ സൂപ്പർമാർക്കറ്റിൽ തിരിച്ചേൽപ്പിക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്യണമെന്ന നിർദ്ദേശവും ആരോഗ്യ അധികൃതർ നൽകി

ന്യൂ സൗത്ത് വെയിൽസ്: ഓസ്‌ട്രേലിയയിൽ സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങിയ ചീര കഴിച്ച് അമ്പതോളം പേർക്ക് ശാരീരിക അസ്വാസ്ഥ്യം. ലഹരി വസ്തുക്കൾ അകത്തു ചെന്നാൽ ഉണ്ടാകുന്ന തരത്തിലുള്ള ലക്ഷണങ്ങളാണ് പലർക്കും ഉണ്ടായത്. ന്യൂ സൗത്ത് വെയിൽസിലെ കോസ്റ്റ് കോ സൂപ്പർമാർക്കറ്റിൽ നിന്ന് റിവിയേറ ഫ്രഷ് ബ്രാൻഡിലുള്ള ബേബി സ്പിനാച് പാക്കറ്റ് വാങ്ങിയവർക്കാണ് അസ്വസ്ഥതകൾ ഉണ്ടായത്. ചീരയ്ക്ക് പകരം മറ്റേതോ ചെടിയുടെ ഇലകൾ പാക്കറ്റിൽ പെട്ടതാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം. ആക്ഷേപത്തെ തുടർന്ന് കമ്പനി ഈ ബാച്ചിലെ ചീരയുടെ സ്റ്റോക്ക് പൂർണമായും പിൻവലിച്ചു.

അസ്വാസ്ഥ്യം അനുഭവപ്പെട്ട 50 പേരിൽ 17 ഓളം പേർ ചികിത്സ തേടി ആശുപത്രിയിലെത്തി. കോൾസ് സൂപ്പർമാർക്കറ്റ്, കോൾസ് ലോക്കൽ, കോൾസ് എക്സ്പ്രസ് എന്നീ സൂപ്പർമാർക്കറ്റുകളിലും ഇതേ കമ്പനിയുടെ ഓൺലൈൻ സംവിധാനം വഴി ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ, ക്യൂൻസ്ലാന്റ്, നോർത്തേൺ ടെറിട്ടറി, സൗത്ത് ഓസ്ട്രേലിയ എന്നിവിടങ്ങളിലൂം ഈ ചീര പിൻവലിച്ചിട്ടുണ്ട്.

ചീര വാങ്ങിയവർ ഇതിൽ രണ്ട് തരം ഇലകൾ ഉള്ളതായി ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ സൂപ്പർമാർക്കറ്റിൽ തിരിച്ചേൽപ്പിക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്യണമെന്ന നിർദ്ദേശവും ആരോഗ്യ അധികൃതർ നൽകിയിട്ടുണ്ട്. എന്നാൽ ഒന്നിലധികം ഇടങ്ങളിൽ നിന്ന് ആളുകൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി അറിയിച്ചിട്ടുണ്ട്. വിക്ടോറിയയിലെ ഫാമുകളിൽ ഉണ്ടായ ചീരയാണ് ഇതെന്നാണ് വിവരം. ചീരയുടെ സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. അസ്വാസ്ഥ്യം നേരിടുന്നവർക്ക് വിളിക്കാനായി ടെലി ഇൻ നമ്പറും പ്രസിദ്ധീകരിച്ചു.