പലസ്തീൻ സായുധ സംഘമായ ഹമാസ് ഇസ്രയേലിനുള്ളിൽ കടന്ന് ആക്രമണം തുടങ്ങിയതോടെയാണ് പശ്ചിമേഷ്യ  വീണ്ടും യുദ്ധമുനമ്പിലായത്.

ദില്ലി : ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടലിന്റെ സാഹചര്യത്തിൽ ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കി പൗരന്മാർ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യൻ എംബസി നിര്‍ദ്ദേശിച്ചു. 

ഇസ്രായേൽ ഹമാസ് സംഘ‌ർഷം കേന്ദ്രസർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. സംഘർഷ മേഖലയിലുള്ളവർ ഏറെ കരുതലോടെ കഴിയണം. പ്രാദേശിക ഭരണകൂടത്തിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. സുരക്ഷിത സ്ഥാനത്ത് തുടരണം. അനാവശ്യ യാത്രകൾ ഒഴിവാക്കണം. അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാൻ ഹെൽപ് ലൈൻ നമ്പറും ഇമെയിലും നിർദേശത്തോടൊപ്പം നൽകിയിട്ടുണ്ട്. മലയാളമടക്കം വിവിധ ഇന്ത്യൻ ഭാഷകളിലും ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആറായിരത്തിലധികം മലയാളികളുൾപ്പടെ പതിനെട്ടായിരത്തോളം ഇന്ത്യാക്കാർ നിലവിൽ ഇസ്രായേലിലുണ്ടെന്നാണ് പ്രാഥമിക കണക്ക്. സംഘർഷം രൂക്ഷമായി തുടരുകയാണെങ്കിൽ ഇന്ത്യാക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. 

ഹെല്‍പ് ലൈന്‍ നമ്പര്‍ +97235226748. 

പലസ്തീൻ സായുധ സംഘമായ ഹമാസ് ഇസ്രയേലിനുള്ളിൽ കടന്ന് ആക്രമണം തുടങ്ങിയതോടെയാണ് പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലായത്. ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ട് അയ്യായിരം റോക്കറ്റുകൾ തൊടുത്തതായാണ് ഹമാസ് അവകാശപ്പെടുന്നത്. ഇസ്രായേലിന് ഉളളിൽ കടന്നാണ് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്. 20 മിനിറ്റിൽ 5000 റോക്കറ്റുകൾ തൊടുത്തുവെന്നാണ് ഹമാസ് അവകാശവാദം. ആക്രമണത്തിൽ അഞ്ച് പേർ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. 35 ഇസ്രായേൽ സൈനികരെ ബന്ധികളാക്കിയെന്നും ഹമാസ് അവകാശപ്പെട്ടു. കനത്ത അടുത്ത കാലത്തേ ഏറ്റവും ശക്തമായ ആക്രമണത്തിനാണ് പലസ്തീൻ സായുധ സംഘമായ ഹമാസ് പുലർച്ചെ തുടക്കമിട്ടത്. 

വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേൽ പ്രത്യാക്രമണം ആരംഭിച്ചു. ഹമാസ് കേന്ദ്രങ്ങളിലേക്ക് വ്യോമാക്രമണം ആരംഭിച്ചു. ഗാര്‍സക്ക് സമീപം ഏറ്റുമുട്ടൽ തുടരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. 60 ഹമാസ് തീവ്രവാദികൾ രാജ്യത്തേക്ക് കടന്നിട്ടുണ്ടെന്നും 14 ഇടങ്ങളിൽ പോരാട്ടം തുടരുകയാണെന്നും യുദ്ധം ആരംഭിച്ചെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. തെക്കൻ ഇസ്രായേലിൽ ഉള്ളവ‍ര്‍ വീടിന് പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശം നൽകി 

പശ്ചിമേഷ്യ യുദ്ധമുനമ്പിൽ; ഇസ്രായേലിലേക്ക് 5000 റോക്കറ്റുകൾ തൊ‌ടുത്ത് ഹമാസ്, യുദ്ധത്തിന് തയ്യാറെന്ന് ഇസ്രായേൽ

ഈയടുത്ത കാലത്ത് ഇസ്രായേൽ നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇന്ന് നടന്നത്. രാജ്യത്തിന് ഉള്ളിൽ കടന്നുളള ഹമാസിന്റെ ആക്രമണം അപ്രതീക്ഷിതമായിരുന്നു ലോകത്തെ ഏറ്റവും ശക്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇസ്രായേലി രഹസ്യാന്വേഷണ വിഭാഗത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണ് ആ ആക്രമണമെന്നാണ് വിലയിരുത്തൽ. 

YouTube video player