അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന വെടിനിർത്തൽ ധാരണയിൽ 20 ബന്ദികളെ ജീവനോടെയും 28 ബന്ദികളുടെ മൃതദേഹവും കൈമാറാമെന്നായിരുന്നു ഹമാസ് ധാരണയിൽ വിശദമാക്കിയിരുന്നത്

ഗാസ: ഗാസയിൽ മരണപ്പെട്ട മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ അടങ്ങിയ മൂന്ന് ശവപ്പെട്ടികൾ ഹമാസ് കൈമാറിയതായി ഇസ്രയേൽ സൈന്യം. ഗാസ മുനമ്പിലെ റെഡ് ക്രോസ് മുഖേനയാണ് ഇസ്രയേലിന് ഹമാസ് ശവപ്പെട്ടികൾ കൈമാറിയത്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി കൊണ്ടുപോയിരിക്കുകയാണ്. വെടിനിർത്തൽ ധാരണയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം ആരംഭിച്ച ബന്ദികളുടെ കൈമാറ്റത്തിന്റെ ഭാഗമായാണ് നടപടി. അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന വെടിനിർത്തൽ ധാരണയിൽ 20 ബന്ദികളെ ജീവനോടെയും 28 ബന്ദികളുടെ മൃതദേഹവും കൈമാറാമെന്നായിരുന്നു ഹമാസ് ധാരണയിൽ വിശദമാക്കിയിരുന്നത്. മരണപ്പെട്ട ബന്ദികളെ കൈമാറുന്നതിൽ ഹമാസ് വൈകുന്നുവെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു. എന്നാൽ ഗാസയിൽ തകർക്കപ്പെട്ട കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്താനുള്ള താമസം മാത്രമാണ് ബന്ദികളുടെ മൃതദേഹം കൈമാറുന്നതിലെ താമസമെന്നാണ് ഹമാസ് വിശദമാക്കുന്നത്.

ഹമാസിന്റെ സായുധ സേനയായ അൽ ക്വാസം ബ്രിഗേഡ് ഞായറാഴ്ച മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി പ്രതികരിച്ചിരുന്നു. തെക്കൻ ഗാസ മുനമ്പിലെ ടണലുകളിലൊന്നിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നായിരുന്നു അൽ ക്വാസം ബ്രിഗേഡ് ഞായറാഴ്ച പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങൾക്ക് വിവരം നൽകിയതായും വിഷമമേറിയ ഈ സമയത്ത് അവർക്കൊപ്പമാണ് തങ്ങളുടെ ഹൃദയമെന്നും എക്സിലെ കുറിപ്പിൽ വിശദമാക്കിയിരുന്നു. ബന്ദികളാക്കപ്പെട്ടവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായും അവസാന ബന്ദി തിരിച്ചെത്തും വരെ അത് തുടരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി കുറിപ്പിൽ വിശദമാക്കി.

തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെത്താൻ ശ്രമം തുടർന്ന് ഹമാസ് 

ബന്ദികളായിരിക്കെ ഗാസയിൽ മരണപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങൾ തിരികെ എത്തിക്കാൻ ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങൾ നെതന്യാഹുവിന് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. വെടിനിർത്തൽ കരാർ ലംഘനത്തിന് പരസ്പരം കുറ്റപ്പെടുത്തുന്നത് ഹമാസും ഇസ്രയേലും തുടരുന്നതിനിടെയാണ് മൂന്ന് ശവപ്പെട്ടികൾ കൈമാറുന്നത്. അതിനിടെ ഞായറാഴ്ച വടക്കൻ ഗാസയിൽ ഉണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് ഹമാസ് വ്യക്തമാക്കുന്നത്. എന്നാൽ ഇസ്രയേൽ സൈനികർക്ക് നേരെ ഭീഷണിയുമായി എത്തിയ ഭീകരനെ വധിച്ചുവെന്നാണ് ഇസ്രയേൽ സൈന്യം പ്രതികരിക്കുന്നത്.

വെടിനിർത്തലിന്റെ ആദ്യഘട്ടത്തിൽ ഒക്ടോബർ 13ന് ജീവിച്ചിരിക്കുന്ന ഇസ്രയേൽ ബന്ദികളെ ഹമാസ് കൈമാറിയിരുന്നു. ഇതിന് പകരമായി 250 പലസ്തീൻ തടവുകാരെയും ഗാസയിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത 1718 പേരെയും ഇസ്രയേൽ പലസ്തീനും കൈമാറിയിരുന്നു. മരിച്ച 15 ബന്ദികൾക്ക് പകരമായി 225 പലസ്തീൻകാരുടെ മൃതദേഹമാണ് ഇസ്രയേൽ കൈമാറിയത്. 2023 ഒക്ടോബർ 7ന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ 251 പേരെയാണ് തട്ടിക്കൊണ്ട് പോയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം