വീഡിയോ പുറത്തു വന്നതോടെ ഇരുവരെയും രക്ഷിക്കണമെന്നും തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തുവന്നു. 

തെൽഅവീവ്: ഗാസയിൽ ഹമാസ് തടങ്കലിൽ വെച്ചിരിക്കുന്ന രണ്ട് ബന്ദികളുടെ വീഡിയോ ദൃശ്യങ്ങൾ ഹമാസ് പുറത്തുവിട്ടു. 19 മാസം നീണ്ട യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇരുവരും വീഡിയോയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 2023 ഒക്ടോബർ ഏഴാം തീയ്യതി ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തെ തുടർന്ന് ബന്ധിക്കളാക്കപ്പെട്ട എൽകാന ബോബോത്ത്, യൂസെഫ് ഹൈം ഒഹാന ഇന്നിവരുടെ വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം ഹമാസിന്റെ അൽ ഖസ്സാം ബ്രിഗേഡ് പുറത്തുവിട്ടത്. 

മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ബന്ദികളിലൊരാൾ അതീവ ക്ഷീണിതനായി നിലത്ത് ബ്ലാങ്കറ്റ് പുതച്ച് കിടക്കുകയാണ്. അടുത്ത് ഇരിക്കുന്ന രണ്ടാമൻ ഹീബ്രു ഭാഷയിൽ ഇസ്രയേലി സംസാരിക്കുന്നു. ഇസ്രയേലി സർക്കാറിനോട് ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്നും അവശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാൻ ഇടപെടണമെന്നുമാണ് ഇയാൾ ആവശ്യപ്പെടുന്നത്. സമാനമായ ആവശ്യം ഉന്നയിക്കുന്ന മറ്റ് ബന്ദികളുടെ വീഡിയോകളും നേരത്തെ ഹമാസ് പുറത്തുവിട്ടിരുന്നു.

ഹമാസിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇരുവരെയും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി. ഇസ്രയേലിലെ എല്ലാവരും ഇവരുടെ വിളി കേൾക്കുമ്പോൾ തീരുമാനമെടുക്കേണ്ട വളരെ കുറച്ചുപേർ മാത്രം അത് ശ്രദ്ധിക്കാൻ തയ്യാറാവുന്നില്ലെന്ന് ബന്ധുക്കൾ പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ ആരോപിക്കുന്നു. ബന്ദികളുടെ സുരക്ഷിത മോചനം സാധ്യമാക്കാത്തതിന് ഇസ്രയേലി ഭരണകൂടത്തിനെതിരെ സ്വന്തം രാജ്യത്തു നിന്നു തന്നെ ഉയർന്നുവരുന്ന ആരോപണങ്ങളാണ് ഇവരുടെ കുടുംബങ്ങളും ആവർത്തിക്കുന്നത്. 

ഇനിയും എത്ര നാൾ കൂടി തങ്ങൾ സഹിക്കണമെന്നും എത്ര നാൾ കൂടി അവർ ഇങ്ങനെ തുടരണമെന്നും ചോദിക്കുന്ന ബന്ധുക്കൾ ഇരുവരും ഏറെ ദുരിതത്തിലാണ് കഴിയുന്നതെന്നും പറഞ്ഞു. ഗാസയിലെ യുദ്ധം അവസാനിപ്പിച്ച് ബന്ദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാന നഗരമായ തെൽ അവീവിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധക്കാർ സംഘടിച്ചിരുന്നു. ബന്ദികളുടെ ഫോട്ടോകളുമായി എത്തിയ ആളുകളുടെ ചിത്രങ്ങൾ വാർത്താ ഏജൻസികൾ പുറത്തുവിടുകയും ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം