അമേരിക്കയിലെ ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏക വനിതയായ ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പാക്കുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതിനെത്തുടർന്ന് ജയിൽ വകുപ്പ് മേധാവി ഫ്രാങ്ക് സ്ട്രാഡ രാജിവെച്ചു. മരുന്ന് കുത്തിവെക്കുന്നതിലെ പിഴവുമൂലം വധശിക്ഷ പരാജയപ്പെടുകയും അവർ ബോധരഹിതയായി ആശുപത്രിയിൽ വെന്റിലേറ്ററിലാവുകയും ചെയ്തു.

ടെന്നസി: അമേരിക്കയിലെ ടെന്നസി സംസ്ഥാനത്ത് കഴിഞ്ഞ 200 വര്‍ഷത്തിനിടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏക വനിതയായ ക്രിസ്റ്റ ഗെയിൽ പൈക്കിന്‍റെ വധശിക്ഷ നടപ്പാക്കുന്നതിൽ വീഴ്ച. പിന്നാലെ രാജി പ്രഖ്യാപിച്ച് ജയിൽ മേധാവി. ടെന്നസിയിലെ ജയിൽ വകുപ്പ് മേധാവി ഫ്രാങ്ക് സ്ട്രാഡ തന്റെ പദവി രാജിവെക്കാൻ തീരുമാനിച്ചതായാണ് ഗവർണർ ബിൽ ലീ വിശദമാക്കിയത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്റ്റ പൈക്ക് എന്ന വനിതയുടെ വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെടുകയും അവർ ബോധരഹിതയായി ആശുപത്രിയിൽ വെന്റിലേറ്ററിലാവുകയും ചെയ്ത സംഭവത്തെത്തുടർന്നാണ് രാജി. വധശിക്ഷ നടപ്പിലാക്കുന്നതിലെ പരാജയം ടെന്നസിയിലെ ജയിൽ വകുപ്പിൽ വൻ തോതിലുള്ള മാറ്റങ്ങൾക്കാണ് വഴിയൊരുങ്ങിയിരിക്കുന്നത്.ടെന്നസിയിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻ കമ്മീഷണറായ ഫ്രാങ്ക് സ്ട്രാഡ ഈ മാസം തന്നെ സ്ഥാനമൊഴിയുമെന്ന് ഗവർണർ വ്യക്തമാക്കി. ഭരിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിയിലെ പ്രമുഖരും മറ്റ് ജനപ്രതിനിധികളും നേതൃത്വത്തിൽ മാറ്റം വേണമെന്ന് ശക്തമായി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് നടപടി. മേയ് മാസത്തിന് ശേഷം മരണത്തിന് തൊട്ടടുത്തെത്തിയ ഒരു തടവുകാരന്റെ വധശിക്ഷ പൂർത്തിയാക്കാൻ ടെന്നസിയിലെ അധികൃതർക്ക് സാധിക്കാതെ പോകുന്ന രണ്ടാമത്തെ സംഭവമാണിത്.

ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷാ മുറിയിൽ യഥാർത്ഥത്തിൽ സംഭവിച്ചതെന്താണെന്ന് അന്വേഷിക്കാൻ മുൻ യു.എസ് അറ്റോർണി എഡ് സ്റ്റാന്റണെ ഗവർണർ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുൻപ് 2022ൽ മറ്റൊരു വധശിക്ഷ ഗവർണർ റദ്ദാക്കിയപ്പോഴും എഡ് സ്റ്റാന്റൺ തന്നെയാണ് അന്വേഷണം നടത്തിയത്. അന്ന് വിഷവസ്തു കുത്തിവെച്ച് വധശിക്ഷ നടപ്പാക്കുന്ന പ്രക്രിയയിൽ ടെന്നസി സർക്കാർ സ്വന്തം ചട്ടങ്ങൾ പാലിച്ചില്ലെന്ന് അദ്ദേഹം കണ്ടെത്തിയിരുന്നു. എഡ് സ്റ്റാന്റണിന്റെ അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ താൻ പദവി ഒഴിയുന്നതാണ് ടെന്നസിയിലെ ജനങ്ങൾക്ക് ഏറ്റവും നല്ലതെന്ന് സ്ട്രാഡ പ്രസ്താവനയിലൂടെ വ്യക്തമാക്കി. അതേസമയം പൈക്കിന്റെ ശരീരത്തിലേക്ക് 'പെന്റോബാർബിറ്റൽ' എന്ന മാരകമായ മരുന്നിന്റെ രണ്ട് ഡോസുകൾ കുത്തിവെച്ചെങ്കിലും വധശിക്ഷ വിജയകരമായി നടപ്പാക്കാൻ സാധിച്ചിക്കാതെ വരികയായിരുന്നു.നിലവിൽ 50 വയസ്സുള്ള ക്രിസ്റ്റ പൈക്കിന് 18 വയസ്സുള്ളപ്പോഴാണ് 1995ൽ അസൂയ മൂലം സഹപാഠിയായ കൊളീൻ സ്ലെമ്മറെ കാമുകനൊപ്പം ചേർന്ന് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് അമേരിക്കയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതകളിൽ ഒരാളായി പൈക്ക് മാറിയിരുന്നു.

വിഷവസ്തു ശരീരത്തിൽ കുത്തിവെക്കാനായി ഐവി ലൈനുകൾ ബന്ധിപ്പിച്ചതിലുണ്ടായ പാളിച്ചയാണ് മരുന്ന് രക്തക്കുഴലുകളിലേക്ക് പോകുന്നതിന് പകരം മറ്റു ഭാഗങ്ങളിലേക്ക് പടരാൻ കാരണമായതെന്നാണ് പൈക്കിന്റെ അഭിഭാഷകർ പറയുന്നത്. വധശിക്ഷ നടപ്പാക്കുന്ന സംഘത്തോട് ഐവി നൽകാൻ പൈക്ക് പൂർണ്ണമായി സഹകരിച്ചിരുന്നുവെന്നും ശരീരത്തിലെ വിരലുകളും കൈകളും ചൂണ്ടിക്കൊടുത്തിരുന്നുവെന്നും അഭിഭാഷകർ വ്യക്തമാക്കി. സംഭവം വൻ വിവാദമായതോടെ വധശിക്ഷയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ പുതിയ വധശിക്ഷകളെല്ലാം ഗവർണർ താത്കാലികമായി നിർത്തിവെച്ചു. മേയ് മാസത്തിൽ ടോണി കാരുതേഴ്‌സ് എന്ന തടവുകാരന്റെ വധശിക്ഷയും സമാനമായ രീതിയിൽ ഐവി ലൈൻ ശരിയായി ബന്ധിപ്പിക്കാൻ സാധിക്കാത്തതിനെത്തുടർന്ന് അവസാന നിമിഷം നിർത്തിവെക്കേണ്ടി വന്നിരുന്നു. തുടർന്ന് ഇയാളുടെ വധശിക്ഷ നടപ്പാക്കാൻ കുറഞ്ഞത് ഒരു വർഷമെങ്കിലും കാത്തിരിക്കാൻ ഗവർണർ ഉത്തരവിട്ടിരുന്നു.

2023 ജനുവരിയിലാണ് അരിസോണയിലെ ജയിൽ വകുപ്പിൽ നിന്നും ഫ്രാങ്ക് സ്ട്രാഡ ടെന്നസിയിലേക്ക് കമ്മീഷണറായി എത്തുന്നത്. 2024 അവസാനത്തോടെ വിഷവസ്തു കുത്തിവെക്കുന്ന രീതിയിൽ അദ്ദേഹം മാറ്റം വരുത്തുകയും പെന്റോബാർബിറ്റൽ മാത്രം ഉപയോഗിക്കാൻ തീരുമാനിക്കുകയും ചെയ്തു. സ്ട്രാഡയുടെ ചുമതലയിൽ അരിസോണയിൽ നടന്ന വധശിക്ഷകളിലും മുൻപ് സമാനമായ സാങ്കേതിക തടസ്സങ്ങളും സങ്കീർണ്ണതകളും ഉണ്ടായതായി കോടതി രേഖകൾ വ്യക്തമാക്കുന്നുണ്ട്. അരിസോണയിൽ സ്ട്രാഡ വധശിക്ഷകൾക്ക് മേൽനോട്ടം വഹിച്ചപ്പോൾ തടവുകാരുടെ രക്തക്കുഴലുകൾ കണ്ടെത്താൻ സാധിക്കാതെ തുടയിലെയും കൈപ്പത്തിയിലെയും ഞരമ്പുകളിൽ ഐവി ലൈനുകൾ നൽകേണ്ടി വരികയും പ്രക്രിയകൾ വൈകുകയും ചെയ്തിരുന്നു. സ്ട്രാഡയ്ക്ക് വധശിക്ഷകൾ നടപ്പാക്കുന്നതിൽ ഇത്തരം മോശം ചരിത്രമുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ടെന്നസി ഗവർണർ അദ്ദേഹത്തെ നിയമിച്ചതെന്ന് മനുഷ്യാവകാശ അഭിഭാഷകർ വിമർശിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം