നിയും തലവേദനയുമായാണ് യുവാവ് ചികിത്സ തേടിയെത്തിയത്. തടാകത്തിൽ വാട്ടർ സ്കീയിംഗ് അടക്കം നടത്തിയതിന് പിന്നാലെയായിരുന്നു ഇത്
മിസൂറി: വേനൽക്കാല ആഘോഷങ്ങൾക്കായി തടാകത്തിൽ ഇറങ്ങിയ യുവാവ് ഗുരുതരാവസ്ഥയിൽ. പരിശോധനയിൽ കണ്ടെത്തിയത് ബ്രെയിൻ ഈറ്റിംഗ് അമീബയുടെ സാന്നിധ്യം. നെഗ്ലേരിയ ഫൗളറി എന്ന അമീബയാണ് യുവാവിൽ കണ്ടെത്തിയത്. തലച്ചോറിൽ ഗുരുതര അണുബാധയ്ക്ക് കാരണമാകുന്നതിനാലാണ് ഈ അമീബയ്ക്ക് ബ്രെയിൻ ഈറ്റിംഗ് അമീബ എന്ന പേരുവന്നത്. പനിയും തലവേദനയുമായാണ് യുവാവ് ചികിത്സ തേടിയെത്തിയത്. അടുത്തിടെ ഓസാർക്സ് തടാകത്തിൽ നീന്താനും വാട്ടർ സ്പോർട്സിൽ പങ്കെടുത്തതായും വിശദമാക്കിയതോടെയാണ് യുവാവിനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ് യുവാവ് കഴിയുന്നത്. അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ മിസോറി ഹെൽത്ത് ആൻഡ് സീനിയർ സർവ്വീസ് പരിശോധനകൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഓസാർക്സ് തടാകത്തിൽ രണ്ട് മേഖലകളിലാണ് ആളുകൾക്ക് പ്രവേശനാനുമതിയുള്ളത്. ഇതിൽ ഏത് ബീച്ചിലാണ് യുവാവ് പോയിട്ടുള്ളതെന്ന് ഇനിയും വ്യക്തമായിട്ടില്ല.
പരിപാലിക്കപ്പെടാത്ത ചൂടുള്ള ശുദ്ധജല സ്ത്രോതസുകളിലാണ് നെഗ്ലേരിയ ഫൗളറിയെ സാധാരണമായി കാണാറുള്ളത്. പ്രൈമറി അമീബിക് മെനിംഗോഎൻസെഫലൈറ്റിസ് എന്ന അവസ്ഥയാണ് അമീബബാധയേ തുടർന്ന് ഉണ്ടാവുന്നത്. മൂക്കിലൂടെ വെള്ളം തലച്ചോറിലെത്തുമ്പോഴാണ് അമീബ സാധാരണ ഗതിയിൽ തലച്ചോറിലെത്തുന്നത്. വെള്ളത്തിൽ സ്കീയിംഗ് പോലുള്ള കായിക ഇനങ്ങളിൽ പങ്കെടുക്കുമ്പോഴോ നീന്തുക ചെയ്യുമ്പോഴാണ് ഇത്തരത്തിലുള്ള സംഭവത്തിനുള്ള സാധ്യത ഏറുന്നത്.
1962 നും 1926നും ഇടയിൽ 167 കേസുകളാണ് ഇത്തരത്തിൽ അമേരിക്കയിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ മാസം ബ്രയിൻ ഈറ്റിഗ് അമീബ മൂലമുള്ള അണുബാധയേ തുടർന്ന് 12വയസുകാരന് സൗത്ത് കരോലിനയിൽ മരണപ്പെട്ടിരുന്നു. 2016ന് ശേഷം സൗത്ത് കരോലിനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ സംഭവമാണ് ഇത്. വെള്ളത്തിലുള്ള കായിക വിനോദങ്ങളിൽ ഏർപ്പെടുന്നവർ നോസ് ക്ലിപ് ധരിക്കുന്നതും വെള്ളത്തിൽ മുങ്ങുന്ന അവസ്ഥയിൽ മുക്ക് അടച്ച് പിടിക്കുന്നതും മൂക്കിലൂടെ വെള്ളം കയറുന്നത് തടയുമെന്നാണ് ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്.
വെള്ളത്തിലിറങ്ങിയതിന് പിന്നാലെ തലകറക്കം, ഛർദ്ദി, പനി, തലവേദന, കഴുത്ത് അനക്കാൻ പറ്റാതെ വരിക, അപസ്മാരം എന്നിവ അനുഭവപ്പെട്ടാൽ ചികിത്സ തേടാൻ വൈകരുതെന്നും ഡോക്ടർമാർ വിശദമാക്കുന്നത്. അമീബ തലച്ചോറിലെത്തിയാൽ സാധാരണ ഗതിയിൽ 18 ദിവസത്തിനുള്ളിൽ അണുബാധയുണ്ടായവർ ഗുരുതരാവസ്ഥയിലാവും. വളരെ വേഗത്തിൽ അണുബാധ വർദ്ധിക്കുന്നതാണ് ചികിത്സ ഫലപ്രദമാകാതെ വരുന്നതിന് കാരണമാകുന്നത്.

