മൺസൂൺ മഴ ശക്തമായതിന് പിന്നാലെയുണ്ടായ മിന്നൽ പ്രളയത്തിൽ പാകിസ്ഥാന്റെ വടക്ക് പടിഞ്ഞാറൻ ഖൈബർ പഖ്തുൻഖ്വയിലെ മലയോര മേഖലയിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്

ഇസ്ലാമബാദ്: മിന്നൽ പ്രളയത്തിൽ പാകിസ്ഥാനിലും പാക് അധീന കശ്മീരിലും കൊല്ലപ്പെട്ടവരുടെ എണ്ണം 307ആയി. മൺസൂൺ മഴ ശക്തമായതിന് പിന്നാലെയുണ്ടായ മിന്നൽ പ്രളയത്തിൽ പാകിസ്ഥാന്റെ വടക്ക് പടിഞ്ഞാറൻ ഖൈബർ പഖ്തുൻഖ്വയിലെ മലയോര മേഖലയിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. 74 ലേറെ വീടുകളാണ് തകർന്നത്. രക്ഷാപ്രവ‍ർത്തനത്തിനിടെ ഹെലികോപ്ടർ തകർന്ന് അഞ്ച് ക്രൂ അംഗങ്ങൾ കൊല്ലപ്പെട്ടു. പാക് അധീന കശ്മീരിൽ 9 പേരാണ് കൊല്ലപ്പെട്ടതെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ മേഖലയിൽ 9 പേർ മരിച്ചതായാണ് വിവരം. 21 ഓഗസ്റ്റ് വരെ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പ് വിശദമാക്കുന്നത്. നിരവധി മേഖലകളിൽ ദുരന്ത മേഖലകളായാണ് കാലാവസ്ഥാ വിഭാഗം വിശദമാക്കുന്നത്. വലിയ ശബ്ദത്തോടെ പർവ്വതം ഒഴുകിയെത്തിയെന്നാണ് ദൃക്സാക്ഷികൾ വിശദമാക്കുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ നിൽക്കുന്ന ഭാഗം മുഴുവൻ കുലുങ്ങിയെന്നാണ് മറ്റൊരു ദൃക്സാക്ഷി വിശദമാക്കിയത്. നിമിഷ നേരത്തിനുള്ളിൽ നിന്ന സ്ഥലത്തേക്ക് വെള്ളം ഒലിച്ചെത്തിയെന്നും ഇവ‍ർ പറയുന്നത്.

എം 17 ഹെലികോപ്ടറാണ് തകർന്നതെന്നാണ് ഖൈബർ പഖ്തുൻഖ്വ മുഖ്യമന്ത്രി അലി അമീൻ ഗദാപൂ‍ർ വിശദമാക്കി. അഫ്ഗാൻ അതിർത്തിയിലാണ് മോശം കാലാവസ്ഥയിൽ ഹെലികോപ്ടർ തകർന്നത്. ഹിമാലയൻ മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിൽ നിരവധി മേഖലകളാണ് ഒലിച്ച് പോയത്. ജൂൺ മാസം മുതൽ സെപ്തംബർ വരെ നീളുന്ന മൺസൂൺ കാലത്ത് പ്രളയക്കെടുതി പാകിസ്ഥാനിൽ പതിവാണ്. കഴിഞ്ഞ വർഷം ലഭിച്ചതിനേക്കാൾ 73 ശതമാനം അധികം മഴയാണ് ജൂലൈ മാസം പഞ്ചാബിൽ ലഭിച്ചത്.

കാലാവസ്ഥാ വ്യതിയാനം മേഖലയിൽ സാരമായ രീതിയിൽ ബാധിച്ചതായാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. നിരവധി ഹിമാനികളും സ്ഥിതി ചെയ്യുന്ന മേഖല കൂടിയാണ് വടക്കൻ പാകിസ്ഥാൻ. ആഗോള താപനത്തിൽ ഇവ ഉരുകുന്നത് മേഖലയിൽ മിന്നൽ പ്രളയം പതിവാക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം