പടിഞ്ഞാറൻ ഫറാ, ഹെറാത്ത്, തെക്കൻ സാബുൾ, കാണ്ഡഹാർ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്.

കാബൂൾ: അഫ്ഗാനിസ്ഥാനിൽ കനത്ത മഴയെ തുടർന്ന് മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 33 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി താലിബാൻ വക്താവ് ഞായറാഴ്ച അറിയിച്ചു. തലസ്ഥാനമായ കാബൂളിലും നിരവധി പ്രവിശ്യകളിലും വെള്ളപ്പൊക്കം ഉണ്ടായതായി പ്രകൃതി ദുരന്ത നിവാരണ മന്ത്രാലയത്തിൻ്റെ താലിബാൻ വക്താവ് അബ്ദുല്ല ജനൻ സെയ്ഖ് പറഞ്ഞു. 200 ഓളം കന്നുകാലികൾ ചത്തു.

600-ലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു, നിരവധി വീടുകൾ തകർന്നു. 800 ഹെക്ടർ കൃഷി നാശവും 85 കിലോമീറ്ററിലധികം റോഡുകൾ തകരുകയും ചെയ്തു. പടിഞ്ഞാറൻ ഫറാ, ഹെറാത്ത്, തെക്കൻ സാബുൾ, കാണ്ഡഹാർ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിൽ വരും ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

കഴിഞ്ഞ ദിവസം ഒമാനിൽ കനത്ത മഴയെ തുടർന്ന് മരിച്ച 12 പേരിൽ ഒരു മലയാളിയും ഉൾപ്പെട്ടു. അടൂർ കടമ്പനാട് സ്വദേശി സുനിൽകുമാർ ആണ് ജോലിസ്ഥലത്ത് വെച്ച് മതിലിടിഞ്ഞ് വീണ് മരിച്ചത്. ന്യൂനമർദത്തിന്‍റെ സ്വാധീനം നിലനിൽക്കുന്ന ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴ തുടരുകയാണ്. മഴ ശക്തമായതിനെ തുടർന്ന് ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കാണാതായ എട്ടുപേരില്‍ നാലു പേര്‍ കുട്ടികളാണെന്നും സിവില്‍ ഡിഫന്‍സ് ആന്‍റ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. സമദ് അല്‍ ശാനിൽ കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെയാണ് മരണ നിരക്ക് 12 ആയി ഉയര്‍ന്നത്.

മസ്‌കറ്റ്, നോർത്ത് അൽ ബാത്തിന, സൗത്ത് അൽ ബാത്തിന, സൗത്ത് അൽ ശർഖിയ, നോർത്ത് അൽ ശർഖിയ, അൽ ദാഹിറ, അൽ ദഖിലിയ എന്നീ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലാണ് ഇടിമിന്നലോടെയുള്ള മഴ ലഭിച്ചത്. വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്ന് ഒമാൻ സിവിൽ എവിയേഷൻ അതോറ്റിയുടെ കീഴിലുള്ള നാഷണൽ ഏ‍ർലി വാണിങ് സെന്റർ ഫോർ മൾട്ടിപ്പിൾ ഹസാ‍ർഡ്സ് അറിയിച്ചു.