Asianet News MalayalamAsianet News Malayalam

ക്ലോസറ്റിലെ സീറ്റിനടിയിൽ സ്ഫോടക വസ്തു വെച്ചു, ശബ്ദം കേൾക്കുന്നതു വരെ കാത്തിരിപ്പ്; കുടുങ്ങിയത് സ്ഥിരമായപ്പോൾ

ആളുകൾ ക്ലോസ്റ്റിന് മുകളിൽ ഇരിക്കുമ്പോഴുള്ള മർദം കാരണം പൊട്ടിത്തെറിക്കുന്ന തരത്തിലുള്ള സ്ഫോടക വസ്തുക്കളാണ് ഇയാൾ സ്ഥാപിച്ചിരുന്നത്. മൂന്ന് ടോയ്ലറ്റുകളിൽ ഇത്തരം പൊട്ടിത്തെറികളുണ്ടായി.

hid explosives under toilet seats and they exploded when people sat on it man caught from cctv
Author
First Published Aug 8, 2024, 10:32 PM IST | Last Updated Aug 8, 2024, 10:34 PM IST

ടെക്സസ്: വ്യാപാര സ്ഥാപനങ്ങളിലെ ടോയ്‍ലറ്റുകളിൽ സ്ഫോടക വസ്തുക്കൾ വെച്ച 46 വയസുകാരൻ അറസ്റ്റിലായി. അമേരിക്കയിലെ ടെക്സസിലാണ് സംഭവം. ചെറിയ പ്രഹര ശേഷിയുള്ള സ്ഫോടക വസ്തുക്കളാണ് ഇയാൾ ക്ലോസറ്റിന്റെ സീറ്റിനടിയിൽ സ്ഥാപിച്ചിരുന്നത്. വ്യത്യസ്ത ദിവസങ്ങളി‌ൽ ഈ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് രണ്ട് സ്ത്രീകൾക്കും ഒരു കുട്ടിയ്ക്കും പരിക്കേൽക്കുകയും ചെയ്തു.

പോൾ മോസസ് അൽദെൻ എന്ന 46കാരനാണ് അറസ്റ്റിലായത്. ദ വാഷ് ടബ്ബ് എന്ന കാർ വാഷ് സ്ഥാപനത്തിന്റെ രണ്ട് ശാഖകളിയാരുന്നു സംഭവം. മൂന്ന് ബാത്ത്റൂമുകളിൽ ഇയാൾ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചു. ആളുകൾ ഇരിക്കുമ്പോൾ ഉണ്ടാകുന്ന മർദം കാരണം പൊട്ടിത്തെറിക്കുന്ന തരത്തിലാണ് ഇവ സ്ഥാപിച്ചിരുന്നത്. സ്ഫോടക വസ്തുക്കൾ വെച്ച ശേഷം അവ പൊട്ടുന്ന ശബ്ദം കേൾക്കാനായി പുറത്ത് ലോബിയിൽ കാത്തിരിക്കുകയും ശബ്ദം കേട്ടയുടൻ സ്ഥലം വിടുകയുമായിരുന്നു രീതി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് സംശയമുള്ളവരെ പൊലീസ് കണ്ടെത്തിയത്.

ജൂലൈ 20നാണ് ആദ്യ സ്ഫോടനം നടന്നത്. തന്റെ വീടിനടുത്തുള്ള കാർ വാഷ് സെന്ററിലെ ടോയ്‍ലറ്റ് തന്നെയാണ് ഇതിനായി തെരഞ്ഞെടുത്തത്. ഇവിടെ സ്ത്രീകൾക്കും പുരുഷന്മാർക്കും ഉപയോഗിക്കാനായി ഒരു യൂനിസെക്സ് ടോയിലറ്റ് ഉണ്ടായിരുന്നു. ആദ്യം ഇയാൾ അകത്തുകയറി സ്ഫോടക വസ്തു സ്ഥാപിച്ചു. തൊട്ടുപിന്നാലെ അകത്ത് കയറിയ യുവതിക്ക് പൊട്ടിത്തെറിയിൽ ചെറിയ പരിക്കേൽക്കുകയും ചെയ്തു. പേടിച്ചുപോയ ഇവർ പൊലീസ് എത്തും മുമ്പ് അവിടെ നിന്ന് പോവുകയും ചെയ്തു. 

ആറ് ദിവസത്തിന് ശേഷം ഇതേ കാർ വാഷ് സ്ഥാപനത്തിന്റെ സാൻ അന്റോണിയോയിലെ ശാഖയിലെത്തി ഇതേ പ്രവൃത്തി ആവർത്തിച്ചു. ഇവിടെ രണ്ട് പേർക്കാണ് പരിക്കേറ്റത്. ഒരു വനിതാ ജീവനക്കാരിക്കും ഒരു പെൺകുട്ടിയ്ക്കും ചെറിയ പരിക്കുകൾ പറ്റി. ടോയ്‍ലറ്റിനുള്ളിൽ ഭീകര ശബ്ദത്തോടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത് ഇവരെ ഭീതിപ്പെടുത്തുകയും ചെയ്തു. പൊലീസ് എത്തി പരിശോധിച്ചപ്പോൾ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. ഇതോടെയാണ് അന്വേഷണം തുടങ്ങിയത്.

രണ്ട് സ്ഥലങ്ങളിലും സ്ഫോടനത്തിന് തൊട്ടുമുമ്പ് ടോയ്‍ലറ്റ് ഉപയോഗിച്ചത് ഇയാൾ തന്നെയാണെന്ന് ദൃശ്യങ്ങളിലൂടെ കണ്ടെത്തി. സ്ഫോടക വസ്തു സ്ഥാപിച്ച ശേഷം പുറത്തിറങ്ങി ലോബിയിൽ കാത്തിരുന്ന ഇയാൾ ആരെങ്കിലും അകത്തേക്ക് കയറുന്നുണ്ടോ എന്ന് നോക്കിയിരിക്കുകയായിരുന്നു. സ്ഫോടന ശബ്ദം കേട്ടയുടൻ സ്ഥലം വിടുകയും ചെയ്തു. ദൃശ്യങ്ങളിൽ കണ്ട പ്രതി കാർ വാഷ് സെന്ററിലെ സ്ഥിരം ഉപഭോക്താവായിരുന്നതിനാൽ ജീവനക്കാർ വേഗം തിരിച്ചറിഞ്ഞു. ഇയാളുടെ വാഹനത്തിന്റെ നമ്പർ ഉൾപ്പെടെ അവിടെ നിന്ന് പൊലീസിന് ലഭിച്ചു. തുടർന്നായിരുന്നു അറസ്റ്റ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios