ചൈനയിലെ ജനസംഖ്യയുടെ 60 ശതമാനത്തിനും ലോകജനസംഖ്യയിലെ പത്ത് ശതമാനത്തിനും വരുന്ന മൂന്ന് മാസങ്ങള്‍ക്കുളളില്‍ കൊവിഡ് പടര്‍ന്ന് പിടിച്ചേക്കുമെന്നും ഡിംഗ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ബെയ്ജിം​ഗ്: കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന ചൈനയില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്. മൂന്ന് വർഷത്തോളമായി ചൈനയിൽ നിലവിലുണ്ടായിരുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ, ക്വാറന്റൈൻ, പരിശോധന എന്നിവയിൽ സര്‍ക്കാര്‍ ഇളവുകള്‍ വരുത്തിയിരുന്നു. രാജ്യത്തെ ആശുപത്രികള്‍ കൊവിഡ് ലക്ഷണമുളള രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് എന്നാണ് പകര്‍ച്ചവ്യാധി വിദഗ്ധനും ഹെല്‍ത്ത് എക്കോണമിസ്റ്റുമായ എറിക് ഫീഗല്‍ ഡിംഗ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

വരുന്ന മൂന്ന് മാസങ്ങള്‍ക്കുളളില്‍ ചൈനയിലെ ജനസംഖ്യയുടെ 60 ശതമാനത്തിനും ലോകജനസംഖ്യയിലെ പത്ത് ശതമാനത്തിനും കൊവിഡ് പടര്‍ന്ന് പിടിച്ചേക്കും. ലക്ഷക്കണക്കിന് ആളുകള്‍ മരണപ്പെടാം. ഇത് വെറും തുടക്കം മാത്രമാണ്. എറിക് ഫീഗല്‍ ഡിംഗ് ട്വീറ്റ് ചെയ്തു.

Scroll to load tweet…

സിറോ കൊവിഡ് പോളിസിയിൽ നിന്നും മാറി കൊവിഡിനൊപ്പം ജീവിക്കുക എന്ന നയത്തിലേക്കുള്ള മാറ്റമായാണ് പുതിയ ഇളവുകൾ നിലവില്‍ വന്നത്. നിലവിൽ ദിനം പ്രതി മുപ്പതിനായിരം പേർക്കാണ് ചൈനയിൽ കൊവിഡ് സ്ഥിരീകരിക്കുന്നത്. നവംബര്‍ 19നും 23 നും നാലു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും വരെ ചൈനയില്‍ കൊവിഡ് മരണങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. 

കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മൃതദേഹങ്ങൾ സംസ്കരിക്കാൻ തങ്ങൾ വളരെയധികം ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് ചൈനയിലുടനീളമുള്ള ശ്മശാന ജീവനക്കാർ മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലെന്നും തങ്ങള്‍ക്ക് അധിക ജോലിഭാരമുണ്ടെന്നുമാണ് ശ്മശാനം ജീവനക്കാരുടെ വെളിപ്പെടുത്തല്‍.

കഴിഞ്ഞ ദിവസങ്ങളിലായി ശ്മശാനത്തിലെത്തിയ മൃതദേഹങ്ങളുടെ എണ്ണം ആദ്യത്തെതിനേക്കാൾ ഇരട്ടിയാണെന്ന് ഒരു ശ്മശാനം ജീവനക്കാരൻ വെളിപ്പെടുത്തി. ഗ്വാങ്ഷൂവിലെ സെങ്ചെങ് ജില്ലയിലെ ഒരു ശ്മശാനത്തിൽ ഒരു ദിവസം 30 ലധികം മൃതദേഹങ്ങളാണ് സംസ്കാരത്തിനായി എത്തുന്നത്.