ഒമാനിലെ റുസൈലിൽ നാലുവയസ്സുകാരിയായ മലയാളി ബാലിക കെട്ടിടത്തിന്‍റെ അഞ്ചാം നിലയിൽ നിന്ന് വീണുമരിച്ച സംഭവത്തിന്‍റെ ഞെട്ടലിൽ പ്രവാസ ലോകം. അമ്മ പുറത്തുപോയ സമയത്ത് ഉറക്കമുണർന്ന കുട്ടി, വൈഫൈ കണക്ഷനായി ജനലിലെ നെറ്റിൽ ഉണ്ടാക്കിയ ദ്വാരത്തിലൂടെ പുറത്തേക്ക് നോക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ഈ സംഭവം പ്രവാസി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി.

മസ്കറ്റ്: ഒമാനിലെ റുസൈലിൽ നാലുവയസ്സുകാരിയായ മലയാളി ബാലിക കെട്ടിടത്തിൽ നിന്ന് വീണുമരിച്ച സംഭവത്തിന്‍റെ ആഘാതത്തിലാണ് പ്രവാസ ലോകം. തൃശൂര്‍ വടക്കാഞ്ചേരി ഓട്ടുപാറ പിലാക്കാട് ചങ്കരത്ത് തെക്കേതില്‍ പ്രദീപിന്റെയും ഭാര്യ ദിവ്യയുടെയും മകള്‍ ദക്ഷ പ്രദീപ് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. അടുത്തിടെയാണ് ദിവ്യയും മകളും സന്ദര്‍ശന വിസയില്‍ ഒമാനിലെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുടുംബത്തിന്‍റെ സന്തോഷം ഒരു നിമിഷത്തെ അശ്രദ്ധയിൽ തീരാനോവായി മാറുകയായിരുന്നു. വൈഫൈ കണക്ഷന് വേണ്ടി ജനലിലെ നെറ്റിൽ ദ്വാരമുണ്ടാക്കിയതിന്റെ വിടവിലൂടെയാണ് മരണപ്പെട്ട ദക്ഷ പ്രദീപ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണത്. ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന് സമീപമുള്ള സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്നു ദക്ഷയുടെ പിതാവ് പ്രദീപ്. ദക്ഷ ഉറങ്ങിക്കിടന്ന സമയം അത്യാവശ്യസാധനങ്ങൾ വാങ്ങാനായി പ്രദീപ് ജോലി ചെയ്യുന്ന സൂപ്പർമാർക്കറ്റിലേക്ക് പോയതായിരുന്നു അമ്മ ദിവ്യ. ഉറക്കമുണർന്നപ്പോള്‍ അമ്മയെ കാണാത്തതിന്‍റെ വെപ്രാളത്തിൽ ജനലിലെ നെറ്റിന്‍റെ വിടവിലൂടെ പുറത്തേക്ക് നോക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് കരുതുന്നത്. 

തിരികെ വീട്ടിലെത്തിയ അമ്മ കുട്ടിയെ കാണാതെ തിരഞ്ഞപ്പോഴാണ് അടുത്തുള്ള കടയിലുള്ളവർ ഈ സംഭവം ശ്രദ്ധയിൽപ്പെടുത്തിയത്. കുട്ടി തറയിലേക്ക് വീണതിനാൽ സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഉടൻ തന്നെ റോയൽ ഒമാൻ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അച്ഛനെ കാണാൻ ഏറെ സന്തോഷത്തോടെയെത്തിയ കുഞ്ഞ് ചേതനയറ്റ് മടങ്ങേണ്ടി വരുന്നതറിഞ്ഞതിന്‍റെ വേദനയിലാണ് ഒമാനിലെ പ്രവാസി മലയാളികൾ.