യുഎഇയുടെ പ്രഥമ പാസഞ്ചർ ട്രെയിൻ ഫുജൈറയിൽ നിന്ന് അബുദാബിയിലേക്കുള്ള കന്നിയാത്ര വിജയകരമായി പൂർത്തിയാക്കി ചരിത്രം കുറിച്ചു. സ്റ്റേഷനുകളിൽ നിന്ന് മറ്റ് ഗതാഗത മാർഗ്ഗങ്ങളിലേക്ക് മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കുമെന്ന് ഇത്തിഹാദ് റെയിൽ അറിയിച്ചു. വർണ്ണാഭമായ ആഘോഷങ്ങളോടെയാണ് ആദ്യ യാത്രക്കാരെ അബുദാബിയിൽ വരവേറ്റത്.  

അബുദാബി: യുഎഇയുടെ ചരിത്രത്തിൽ സുവർണ്ണ അധ്യായം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ പാസഞ്ചർ ട്രെയിൻ ഇന്ന് രാവിലെ അബുദാബിയിലെത്തി. ഇന്ന് പുലർച്ചെ 5.34-ഓടെ ഫുജൈറയിൽ നിന്ന് പുറപ്പെട്ട ഈ കന്നി സർവീസ്, കേവലം ഒരു മണിക്കൂറും 45 മിനിറ്റും കൊണ്ടാണ് യാത്ര പൂർത്തിയാക്കിയത്. രാവിലെ 7.19-ഓടെ ട്രെയിൻ സ്റ്റേഷനിലേക്ക് എത്തിയപ്പോൾ വലിയ ഹർഷാരവങ്ങളോടെയും കയ്യടികളോടെയുമാണ് പ്ലാറ്റ്‌ഫോമിൽ തടിച്ചുകൂടിയ ജനങ്ങൾ ആദ്യയാത്രക്കാരെയും ഈ ചരിത്രമുഹൂർത്തത്തെയും വരവേറ്റത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്റ്റേഷനുകളിലേക്കും അവിടെ നിന്നുമുള്ള കണക്റ്റിവിറ്റിക്ക് ഇത്തിഹാദ് റെയിൽ വലിയ പ്രാധാന്യമാണ് നൽകുന്നത്. ട്രെയിൻ യാത്രയ്‌ക്കപ്പുറം യാത്രക്കാർക്ക് സുഗമമായ മറ്റ് യാത്രാസൗകര്യങ്ങൾ കൂടി ഉറപ്പാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഇത്തിഹാദ് റെയിൽ മൊബിലിറ്റി കൊമേഴ്‌സ്യൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ അദ്രാ അൽമൻസൂരി ഗൾഫ് ന്യൂസിനോട് പറഞ്ഞു. ഷട്ടിൽ ബസുകൾ, നിലവിലുള്ള പൊതു ബസ് നെറ്റ്‌വർക്കുകൾ, ടാക്‌സികൾ, ഇ-ഹെയ്‌ലിംഗ് സർവീസുകൾ എന്നിവ വഴി യാത്രക്കാർക്ക് എങ്ങനെ സ്റ്റേഷനുകളിൽ എത്തിച്ചേരാനാകും എന്ന് കൃത്യമായി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി.

എല്ലാ സ്റ്റേഷനുകളും അതത് എമിറേറ്റുകളിലെ പൊതുഗതാഗത ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന സെപ്തംബറിൽ ഉദ്ഘാടനം ചെയ്യുന്ന ദുബായ് സ്റ്റേഷൻ, ദുബായ് മെട്രോ സ്റ്റേഷന് സമീപമായിരിക്കും സ്ഥിതി ചെയ്യുക. ഇത് യാത്രക്കാർക്ക് മെട്രോയിലേക്ക് നേരിട്ടും എളുപ്പത്തിലും മാറിക്കയറാൻ സഹായകരമാകും. കുടുംബത്തോടൊപ്പം ഈ ചരിത്രയാത്രയുടെ ഭാഗമാകാൻ കഴിഞ്ഞ ആദ്യ യാത്രക്കാരിൽ ഒരാളായ ഗ്രീനി, തന്‍റെ അനുഭവം പങ്കുവെച്ചു. ഫുജൈറയിൽ നിന്ന് ഷാർജ, ദുബായ് എന്നിവിടങ്ങളിൽ സ്റ്റോപ്പുകളോടെ അബുദാബിയിലേക്കുള്ള യാത്ര വളരെ സുഗമവും സുഖകരവുമായിരുന്നുവെന്ന് അവർ പറഞ്ഞു. ട്രെയിനിലെ മികച്ച ഭക്ഷണത്തെയും ആതിഥേയത്വത്തെയും അവർ പ്രശംസിച്ചു.

ഇത്തിഹാദ് റെയിൽ സ്റ്റേഷനിൽ വലിയ ആഘോഷ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ആദ്യ യാത്രക്കാരെ സ്വീകരിക്കാൻ പരമ്പരാഗത എമിറാത്തി നൃത്തം ഒരുക്കിയിരുന്നു. കൂടാതെ, ഈ ചരിത്ര നിമിഷം ക്യാമറകളിൽ പകർത്താൻ സൗജന്യ ഫോട്ടോ ബൂത്ത്, വർണ്ണാഭമായ ബലൂണുകൾ, സൗജന്യ ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ എന്നിവയും സ്റ്റേഷനിൽ സജ്ജീകരിച്ചിരുന്നു. യുഎഇയുടെ ഗതാഗത രംഗത്ത് ഇതൊരു പുതു യുഗത്തിന്‍റെ തുടക്കമാണിത്.