ക്വാഡന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ഇതിനോടകം തന്നെ 15 മില്യണിലധികം ആളുകള്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

ഓസ്‌ട്രേലിയ: ഉയരക്കുറവിന്റെ പേരില്‍ കൂട്ടുകാര്‍ കളിയാക്കിയതില്‍ വിഷമിച്ച് കരഞ്ഞ ഒമ്പത് വയസ്സുകാരന്‍ ക്വാഡൻ ബെയിൽസിന് പിന്തുണയുമായി ഹോളിവുഡ് താരങ്ങള്‍. പൊക്കക്കുറവിന്റെ പേരില്‍ മുന്‍പ് അവഗണനകള്‍ നേരിട്ട കൊമേഡിയനായ ബ്രാഡ് വില്യംസും ക്വാഡന് പിന്തുണയറിയിച്ചു.

സഹപാഠികളുടെ കളിയാക്കലിന് ഇരയായ ക്വാഡൻ എന്ന 9കാരൻ തന്നെ ഒന്ന് കൊന്നു തരുമോ എന്ന് ആവശ്യപ്പെടുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. ഇതേത്തുടർന്നാണ് ലോകമെമ്പാടുമുള്ള ആളുകൾ ക്വാഡന് പിന്തുണ അർപ്പിച്ചത്.

ക്വാഡനെയും അമ്മയെയും കാലിഫോര്‍ണിയയിലെ ഡിസ്‌നി ലാന്‍ഡ് സന്ദര്‍ശനത്തിനയക്കാന്‍ വേണ്ടി 10000 ഡോളര്‍ തന്റെ സംഘടനയിലൂടെ സ്വരൂപിക്കുന്നതായി ബ്രാഡ് വില്യംസ് വ്യക്തമാക്കി. ഹോളിവുഡ് താരം ഹ്യൂജ് ജാക്ക്മാനും ക്വാഡന് പിന്തുണ അറിയിച്ചുകൊണ്ട് രം​ഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററില്‍ പങ്കു വെച്ച വീഡിയയോയിലാണ് ക്വാഡനെ ഹ്യൂജ് ജാക്ക്മാന്‍ ആശ്വസിപ്പിക്കുന്നത്. നിനക്ക് എന്നില്‍ ഒരു സുഹൃത്തിനെ ലഭിച്ചിരിക്കുന്നു എന്ന കുറിപ്പോടെയാണ് ഹ്യൂജ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

‘ക്വാഡന്‍, നീ വിചാരിക്കുന്നതിനേക്കാള്‍ കരുത്തനാണ്.എല്ലാവരും പരസ്പരം അനുകമ്പ കാണിക്കുക. കളിയാക്കലുകള്‍ ശരിയല്ല,ജീവിതം കാഠിന്യമേറിയതാണ്. നമുക്കോര്‍ക്കാം, നമുക്ക് മുന്‍പിലുള്ള എല്ലാവരും എന്തെങ്കിലും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നവരാണ്,‘ എന്നാണ് വീഡിയോയില്‍ ഹ്യൂജ് ജാക്ക്മാന്‍ പറയുന്നത്.

Scroll to load tweet…

ഉയരക്കുറവ് മൂലം കൂട്ടുകാരുടെ നിരന്തരമുള്ള പരിഹാസം സഹിക്കാനാവാതെ പൊട്ടിക്കരയുന്ന ക്വാഡന്റെ വീഡിയോ ആണ് അമ്മയായ യരക്ക ബെയില്‍സ് പുറത്തുവിട്ടത്. ‘എനിക്ക് ഒരു കയറു തരൂ ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണ്’ എന്നാണ് ക്വാഡന്‍ വീഡിയോയില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞിരുന്നത്. ക്വാഡന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ഇതിനോടകം തന്നെ 15 മില്യണിലധികം ആളുകള്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

Scroll to load tweet…