Asianet News MalayalamAsianet News Malayalam

ചൈനയും കാരി ലാമും വഴങ്ങി: ഹോങ്‍കോങ് പ്രക്ഷോഭത്തിന് കാരണമായ ബില്ല് പിൻവലിച്ചു

കുറ്റവാളികളെ ചൈനയ്ക്ക് കൈമാറാനുള്ള വിവാദ ബില്ലിനെതിരെ 'ഹോങ്കോങ്ങിനെ സ്വതന്ത്രമാക്കുക' എന്നാവശ്യപ്പെട്ട് ലക്ഷക്കണക്കിന് യുവാക്കളും വിദ്യാർത്ഥികളും ജനങ്ങളുമാണ് തെരുവിലിറങ്ങിയത്. 

Hong Kong Leader Announces Withdrawal Of Extradition Bill
Author
Hong Kong, First Published Sep 4, 2019, 5:24 PM IST

ഹോങ്‍കോങ്: മാസങ്ങൾ നീണ്ട വൻ ജനകീയ പ്രതിഷേധങ്ങൾക്കൊടുവിൽ കുറ്റവാളികളെ കൈമാറാനുള്ള വിവാദ ബില്ല് ഹോങ്‍കോങ് ഭരണാധികാരി കാരി ലാം പിൻവലിച്ചു. ''അപകടകാരികളായ കുറ്റവാളികളെ'' ചൈനയ്ക്ക് കൈമാറാനെന്ന പേരിലായിരുന്നു കുറ്റവാളിക്കൈമാറ്റ ബില്ല് ഹോങ്‍കോങ് ഭരണകൂടം കൊണ്ടുവന്നത്. ഇതിനെതിരെ, 'ഹോങ്കോങ്ങിനെ സ്വതന്ത്രമാക്കുക' എന്നാവശ്യപ്പെട്ട് ലക്ഷക്കണക്കിന് യുവാക്കളും വിദ്യാർത്ഥികളും ജനങ്ങളുമാണ് തെരുവിലിറങ്ങിയത്. 

പലപ്പോഴും അക്രമങ്ങളിലേക്ക് വഴിമാറിയ വൻ പ്രക്ഷോഭങ്ങൾക്കൊടുവിലാണ് വിവാദബില്ല് പിൻവലിക്കാൻ കാരി ലാം തയ്യാറാകുന്നത്. ചൈനയുടെ കീഴിലുള്ള സ്വതന്ത്രഭരണകൂടമുള്ള പ്രദേശമാണ് ഹോങ്‍കോങ്. വലിയ സ്വാതന്ത്ര്യപ്രക്ഷോഭങ്ങൾക്ക് ശേഷമാണ് ഹോങ്‍കോങിന് സ്വയംഭരണാവകാശം ലഭിച്ചത്. എന്നാൽ ഇപ്പോഴത്തെ ഭരണാധികാരിയായ കാരി ലാം ചൈനയുടെ കളിപ്പാവയാണെന്ന ആരോപണം വ്യാപകമാണ്. 

വൻപ്രക്ഷോഭങ്ങൾ അരങ്ങേറിയതിനെത്തുടർന്ന്, ഹോങ്‍കോങ് ഭരണകൂടം തയ്യാറാക്കിയ ബില്ല് തൽക്കാലം ചൈനീസ് ഭരണകൂടം പരിഗണിക്കാതെ തിരിച്ചയച്ചെന്നാണ് സൂചന. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കാരി ലാം രാജിയ്ക്ക് ഒരുങ്ങിയെന്നും അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്. 

ഇന്ത്യൻ സമയം ഇന്ന് രാവിലെയാണ് കാരി ലാം ബില്ല് പിൻവലിക്കുന്നതായി ദേശീയ ടെലിവിഷനിലൂടെ പ്രഖ്യാപിച്ചത്. ''ബില്ലിനെതിരായ പ്രക്ഷോഭങ്ങൾ പലപ്പോഴും നമ്മുടെ സമൂഹത്തിന്‍റെ അടിസ്ഥാനം തന്നെ തകർക്കുകയാണ്. പ്രക്ഷോഭകാരികൾ നിയമം കയ്യിലെടുക്കുകയുമാണ്'', എന്ന് കാരി ലാം. ബില്ലിനെതിരായ പ്രക്ഷോഭങ്ങൾ കഴിഞ്ഞ ഒരു മാസമായി വൻ അക്രമങ്ങളിലേക്ക് വഴിമാറിയിരുന്നു. ആയിരത്തിലധികം പ്രതിഷേധക്കാരെ ഹോങ്‍കോങ് ഭരണകൂടം അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യുവാക്കൾ പാർലമെന്‍റ് വളപ്പിൽ വരെ അതിക്രമിച്ച് കയറി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം മുതൽ സ്കൂൾ വിദ്യാർത്ഥികൾ ക്ലാസ്സുകളുപേക്ഷിച്ച് പ്രതിഷേധത്തിനിറങ്ങി. സമരം ഹോങ്‍കോങിനെ രണ്ടായി പിരിച്ചു. നിരവധിപ്പേർക്ക് ക്രൂരമായ പൊലീസ് മർദ്ദനമേറ്റു. 

''ജനങ്ങളെ വിശ്വാസത്തിലെടുക്കുംവരെ ബില്ല് പിൻവലിക്കുകയാണെ''ന്നാണ് കാരി ലാം പ്രഖ്യാപിച്ചത്. പ്രതിഷേധക്കാരുമായി ചർച്ചയ്ക്ക് ശ്രമിക്കും. പരിഹാരത്തിനായ ആത്മാർത്ഥമായ ശ്രമമുണ്ടാകുമെന്നും കാരി ലാം പ്രഖ്യാപിച്ചു. 

മാർച്ചിലാണ് കുറ്റവാളിക്കൈമാറ്റബില്ലിനെതിരെ ഹോങ്‍കോങിൽ പ്രതിഷേധങ്ങൾ തുടങ്ങിയത്. ജൂൺ മാസമാവുമ്പോഴേക്ക് പ്രതിഷേധങ്ങളിലേക്ക് പതിനായിരക്കണക്കിന് പേരെത്തിത്തുടങ്ങി. അത് പിന്നീട് സ്വതന്ത്രരാജ്യത്തിന് വേണ്ടിയുള്ള മുറവിളിയായി മാറിയതോടെയാണ് കാരി ലാം വഴങ്ങുന്നത്. 

ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്‍കോങിന് 1997-ലാണ് ചൈനയിൽ നിന്ന് സ്വയംഭരണാവകാശം ലഭിക്കുന്നത്. മെയിൻലാൻഡ് ചൈനയായി കണക്കാക്കുന്നുണ്ടെങ്കിലും ഹോങ‍്‍കോങുകാർ പൊതുവേ സ്വയം ചൈനക്കാരായല്ല വിശേഷിപ്പിക്കാറ്. സ്വയം ഭരണവ്യവസ്ഥയും ആഭ്യന്തര സാമ്പത്തിക വ്യവസ്ഥയുമെല്ലാമുള്ള പ്രദേശമാണ് ഹോങ്‍കോങ്. 

Follow Us:
Download App:
  • android
  • ios