ജെയിംസ് ബോണ്ട് സിനിമ ഉൾപ്പെടെ നിരവധി സിനിമകളിൽ  ഈ റെസ്റ്റോറന്റ് പ്രത്യക്ഷപ്പെട്ടിരുന്നു...

ഹോംങ്കോങ്: ഹോംങ്കോങ്ങിലെ പ്രസിദ്ധമായ ഫ്ലോട്ടിംഗ് റെസ്റ്റോറന്റ് ദക്ഷിണ ചൈനാ കടലിൽ മുങ്ങി. 50 വ‍ർഷം പഴക്കമുണ്ട് ഈ ജംബോ ഫ്ലോട്ടിം​ഗ് റസ്റ്റോറന്റിന്. ദക്ഷിണ ചൈനാ കടലിലെ പാരസൽ ദ്വീപുകൾ കടന്ന് പോകുമ്പോഴാണ് കപ്പലിലേക്ക് വെള്ളം കയറാൻ തുടങ്ങിയതെന്നാണ് റിപ്പോർട്ട്. കപ്പലിനെ രക്ഷപ്പെടുത്താൻ ശ്രമം ഏറെ നടന്നെങ്കിലും ഞായറാഴ്ചയോടെ അത് മുങ്ങി. ശനിയാഴ്ചയോടെ കപ്പലിന്റെ ഒരു ഭാ​ഗം ചെരിഞ്ഞ് തുടങ്ങിയിരുന്നു. 

കൊവിഡ് വ്യാപനം കാരണം 2020 മുതൽ അടച്ചുപൂട്ടിയതോടെ ഈ വലിയ ഫ്ലോട്ടിംഗ് റെസ്റ്റോറന്റ് ഓഹരി ഉടമകൾക്ക് സാമ്പത്തിക ബാധ്യതയായി മാറിയിരുന്നു. എലിസബത്ത് രാജ്ഞി, ഹോളിവുഡ് നടൻ ടോം ക്രൂസ്, ബ്രിട്ടീഷ് വ്യവസായി റിച്ചാർഡ് ബ്രാൻസൺ എന്നിവരുൾപ്പെടെ 3 ബില്യണിലധികം അതിഥികൾ വർഷങ്ങളായി ഈ റെസ്റ്റോറന്റിലെ രുചിയറിഞ്ഞിട്ടുണ്ട്. ജെയിംസ് ബോണ്ട് സിനിമ ഉൾപ്പെടെ നിരവധി സിനിമകളിൽ ഈ റെസ്റ്റോറന്റ് പ്രത്യക്ഷപ്പെട്ടിരുന്നു. 

Scroll to load tweet…

കൊവിഡ് കാരണം അതിഥികൾ എത്താതായതോടെ കമ്പനി വലിയ നഷ്ടം നേരിട്ടിരുന്നു. എന്നാൽ 2013 മുതൽ ബിസിനസ് ലാഭകരമല്ലെന്നും വലിയ നഷ്ടം ഉണ്ടാക്കുകയാണെന്നും ഓപ്പറേറ്റർ മെൽകോ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് കഴിഞ്ഞ മാസം പ്രസ്താവിച്ചിരുന്നു. പുതിയ ഓപ്പറേറ്റ‍ർമാർക്ക് കൈമാറുന്നതിന്റെ ഭാ​ഗമായി മറ്റൊരിടത്തേക്ക് ഫ്ലോട്ടിംഗ് റെസ്റ്റോറന്റിനെ എത്തിക്കുന്നതിനിടയിലാണ് കപ്പൽ മുങ്ങിയത്. മാതൃ കമ്പനിയായ അബർഡീൻ റെസ്റ്റോറന്റ് എന്റർപ്രൈസസ് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. അതേസമയം ക്രൂ അംഗങ്ങൾക്ക് പരിക്കേറ്റിട്ടില്ലെന്നും വ്യക്തമാക്കി. 

Read Also: കടലിലേക്ക് ഒഴുകി തകര്‍ന്ന് ഫ്‌ളോട്ടിങ്ങ് റസ്‌റ്റോറന്റ്; നഷ്ടം അന്‍പത് ലക്ഷം