കായലിന് ഉളളില്‍ വലിയ ബോട്ടുകള്‍ ചേര്‍ത്ത് തയ്യാറാക്കിയതായിരുന്നു റസ്‌റ്റോറന്റ്. കായലിന് നടുവില്‍ ഇരുന്ന് ഭക്ഷണം കഴിക്കുവാന്‍ കഴിയുന്ന സജ്ജീകരണങ്ങളോട് കൂടിയ ഈ റസ്‌റ്റോറന്റ് പൊഴിക്കരയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായിരുന്നു. 

തിരുവനന്തപുരം: പൊഴിയൂര്‍ പൊഴിക്കരക്ക് സമീപം പൊഴിമുഖത്ത് സ്ഥിതി ചെയ്തിരുന്ന ഫ്‌ളോട്ടിങ്ങ് റസ്‌റ്റോറന്റ് അടിയൊഴിക്കില്‍ നിയന്ത്രണം വിട്ട് കടലിലേക്ക് ഒഴുകി തകര്‍ന്നു. പൊഴിക്കരയില്‍ എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായിരുന്ന ഫ്‌ളോട്ടിങ്ങ് റസ്റ്റോറന്റാണ് ഒഴുക്കില്‍ കടലില്‍ അടിഞ്ഞ് തകര്‍ന്നത്. പൊഴിയൂര്‍ പൊഴിക്കരയോട് ചേര്‍ന്ന് പൊഴിമുഖത്ത് വെളളത്തിനുളളില്‍ പ്രവര്‍ത്തിച്ചിരുന്ന സമുദ്ര എന്ന് പേരിലുളള ഫ്‌ളോട്ടിങ്ങ് റസ്‌റ്റോറന്റാണ് വ്യാഴാഴ്ച രാത്രി നിയന്ത്രണം നഷ്ടപ്പെട്ട് കടലിലേക്ക് ഒഴുകിയത്.



കായലിന് ഉളളില്‍ വലിയ ബോട്ടുകള്‍ ചേര്‍ത്ത് തയ്യാറാക്കിയതായിരുന്നു റസ്‌റ്റോറന്റ്. കായലിന് നടുവില്‍ ഇരുന്ന് ഭക്ഷണം കഴിക്കുവാന്‍ കഴിയുന്ന സജ്ജീകരണങ്ങളോട് കൂടിയ ഈ റസ്‌റ്റോറന്റ് പൊഴിക്കരയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായിരുന്നു. കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് രണ്ട് വര്‍ഷക്കാലത്തോളമായി റസ്‌റ്റോറന്‍ പ്രവര്‍ത്തനമില്ലാതെ അടഞ്ഞ് കിടക്കുകയായിരുന്നു. ഓണത്തിനോട് അനുബന്ധിച്ച് തുറന്ന് പ്രവര്‍ത്തിക്കുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ അറ്റകുറ്റപ്പണികള്‍ നടത്തിവരികയായിരുന്നു. 

വ്യാഴാഴ്ച വൈകീട്ട് അറ്റകുറ്റപ്പണികള്‍ക്ക് ശേഷം തൊഴിലാളികള്‍ മടങ്ങിപ്പോയി. വെളളിയാഴ്ച രാവിലെ പൊഴിക്കരയില്‍ പൊഴിമുഖത്തിന് സമീപത്തായി ഫ്‌ളോട്ടിങ്ങ് റസ്‌റ്റോറന്റ് തകര്‍ന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. കായലിന് നടുവിലായി ഫ്ലോട്ടിംഗ് റസ്‌റ്റോറന്റിനെ സ്ഥായിയായി നിലനിര്‍ത്തിയിരുന്ന നങ്കൂരം പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് റസ്റ്റോറന്റ് കായലില്‍ നിന്ന് കടലിലേക്ക് ഒഴുകിയതായിരിക്കാമെന്ന നിഗമനത്തിലാണ് ഉടമ. 

കഴിഞ്ഞ രണ്ട് നാളുകളായി പ്രദേശത്ത് ശക്തമായ അടിയൊഴുക്കാണ് അനുഭവപ്പെട്ടിരുന്നത്. പ്രാഥമിക നിഗമനത്തില്‍ അന്‍പത് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് കണക്കാക്കിയിട്ടുളളത്. കടലിലേക്ക് ഒഴുകിയെത്തിയ റസ്‌റ്റോറന്റിന്റെ ഭാഗങ്ങള്‍ ശക്തമായി തിരയടിയില്‍ തകര്‍ന്ന് തീരത്തേക്ക് അടിഞ്ഞു. ഫ്രിഡ്ജ് മുതലുളള സാധനങ്ങള്‍ ഇപ്പോഴും കടലില്‍ ഒഴുകി നടക്കുന്നതായി മത്സ്യ തൊഴിലാളികള്‍ പറയുന്നു.