മുസ്ലീം വിഭാഗങ്ങള്‍ ധരിക്കുന്ന ഹിജാബ്, ബുര്‍ഖ അടക്കമുള്ള മുഖം മൂടുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ക്കും നിരോധനമുണ്ട് 

കൊളംബോ: ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ മുഖം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ക്കും വസ്തുക്കള്‍ക്കും നിരോധനമേര്‍പ്പെടുത്തി ഹോട്ടല്‍ അധികൃതര്‍. 'എല്ലാ ഫ്ലവര്‍ ഗാര്‍ഡ‍ന്‍ എന്ന റിസോര്‍ട്ടിലാണ് മുഖം മൂടുന്ന രീതിയിലുള്ള വസ്തുക്കള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. മുസ്ലീം വിഭാഗങ്ങള്‍ ധരിക്കുന്ന ഹിജാബ്, ബുര്‍ഖ അടക്കമുള്ള വസ്ത്രങ്ങള്‍ക്കും ഹെല്‍മറ്റ് അടക്കമുള്ള വസ്തുക്കള്‍ക്കുമാണ് നിരോധനം. 

ശ്രീലങ്കയില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ഏതെല്ലാം വസ്ത്രങ്ങള്‍ക്കും വസ്തുക്കള്‍ക്കുമാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കി ഹോട്ടല്‍ സൂചനാ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഹോട്ടലിന് മുന്നിലെ സൂചനാബോര്‍ഡുകളില്‍ ഹെല്‍മെറ്റ്, ബുര്‍ഖ, ഹിജാബ്, കണ്ണിനുമുകളിലിടുന്ന കവര്‍, തലകൂടി മറയുന്ന രീതിയിലുള്ള ജാക്കറ്റുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. ഹോട്ടലധികൃതരുടെ പ്രവര്‍ത്തികള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. മുസ്ലീം വിഭാഗം ധരിക്കുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കിയ നടപടി മതവിഭാഗത്തെയാകെ ഭീകരവാദികളായി ചിത്രീകരിക്കുന്നതാണെന്നാണ് വിമര്‍ശനം. 

കഴിഞ്ഞ ദിവസം ശ്രീലങ്കയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ ഏകദേശം 359 പേരാണ് കൊല്ലപ്പെട്ടത്. സ്ത്രീകളടക്കമുള്ളവരാണ് ചാവേറായി എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐഎസ്ഐഎസ് ഏറ്റെടുത്തിരുന്നു.