സൗദി അറേബ്യയിലെ മദീന, റിയാദ്, ദമ്മാം എന്നിവിടങ്ങളിൽ വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണം. ആക്രമണങ്ങളിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൗദിയിൽ കുടുങ്ങിയ ഇന്ത്യൻ ഉംറ തീർത്ഥാടകരെ നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയം സഹായം നൽകുന്നുണ്ട്.
റിയാദ്: വിശുദ്ധ നഗരമായ മദീന മേഖലയിലേക്കും സൗദി തലസ്ഥാനമായ റിയാദിലേക്കും വീണ്ടും ഹൂതി ആക്രമണം. നാല് ഡ്രോണുകൾ തകർത്തതായി സൗദി സേന അറിയിച്ചു. ദമ്മാം വിമാനത്താവളത്തിലേക്കും അരാംകോയുടെ ശൈബ എണ്ണപ്പാടത്തേക്കും നടത്തിയ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം നാലായി. പത്ത് പേർക്ക് പരിക്കേറ്റു. സൗദിയിൽ കുടുങ്ങിയ ഇന്ത്യൻ ഉംറ തീർത്ഥാടകരെ തിരികെയെത്തിക്കാൻ എല്ലാ സഹായവും നൽകുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വിശുദ്ധ നഗരങ്ങളായ മക്കയും മദീനയും ആക്രമിക്കില്ലെന്നതാണ് ഹൂതി നിലപാട്. എന്നാൽ ഇന്നലെയും ഇന്നും ആക്രമണമുണ്ടായി. റിയാദിലേക്കും മദീനയിലേക്കുമായി നാല് ഡ്രോണുകളെത്തി. ഇവ തകർത്തു. കഴിഞ്ഞ ദിവസത്തെ ആക്രമണം തങ്ങളുടേതല്ലെന്നാണ് ഹൂതികൾ വിശദീകരിച്ചത്. എന്നാൽ റിയാദിൽ സൗദിയുടെ പ്രതിരോധ മന്ത്രാലയം ആക്രമിച്ചെന്ന് ഹൂതികൾ അവകാശപ്പെട്ടു. അബഹ വിമാനത്താവളം ആക്രമിച്ചെന്ന് അവകാശപ്പെട്ടതിനൊപ്പം ദമാം വിമാനത്താവളവും ആരാംകോ റിഫൈനറിയും ആക്രമിച്ചത് ഹൂത്തികൾ സ്ഥിരീകരിക്കുകയും ചെയ്തു. തങ്ങൾക്ക് നേരെ സൗദി നടത്തിയ ആക്രമണങ്ങളിൽ മൊത്തം മരണം 562 ആയി എന്ന് ഹൂതികൾ പറഞ്ഞു.
യമൻ തീരത്ത് പതിനാല് ഇന്ത്യക്കാരുള്ള ഒരു നൗക ആക്രമിക്കപ്പെട്ടെന്ന് ഹൂതികൾ ആരോപിച്ചിട്ടുണ്ട്. ഇതിൽ സ്ഥിരീകരണം ഇല്ല. ദമാം വിമാനത്താവളത്തിൽ മരിച്ച രണ്ടു പേരിൽ ഒരാൾ ഇന്ത്യക്കാരനാണ്. എട്ട് പേർക്ക് പരിക്കേറ്റു. അൽ ഷൈബ എണ്ണപ്പാടത്ത് മരിച്ച രണ്ടു പേരും പ്രവാസികളായ വിദേശ പൗരന്മാരാണ്. പരിക്കേറ്റവരിൽ ഇന്ത്യക്കാരനുണ്ട്. അതേസമയം , വിമാനത്താവളങ്ങൾ ആക്രമിക്കപ്പെടുന്നകത് പതിവായതോടെ ഉംറ തീർത്ഥാടകരുടെ ഉൾപ്പടെ മടക്കയാത്ര പ്രതിസന്ധിയിലാണ്. എല്ലാ സഹായവും നൽകുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങളെ അപലപിച്ചു. കഴിഞ്ഞ ആഴ്ച്ചകലിൽ 13,000ത്തിലധികം തീർത്ഥാടകർ തിരികെ മടങ്ങിയെത്തി എന്നും എല്ലാ പിന്തുണയും നൽകിയെന്നും മന്ത്രാലയം അറിയിച്ചു.


