സൗദി അറേബ്യയിലെ നാല് ജനവാസ മേഖലകളിൽ ഹൂതികളുടെ ആക്രമണം. 73 സാധാരണക്കാർക്ക് പരിക്കേറ്റു. ജസാൻ, അബഹ, ഖമീസ് മുഷൈത്ത്, നജ്റാൻ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.

റിയാദ്: സൗദിയിൽ ഇറാൻ പിന്തുണയുള്ള യെമനി ഹൂതികളുടെ കനത്ത ആക്രമണം. നാല് നഗരങ്ങളെയും സുപ്രധാന എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെയും ആക്രമിച്ചു. 73 സാധാരണക്കാർക്ക് പരിക്കേറ്റു. ജസാൻ, അബഹ, ഖമീസ് മുഷൈത്ത്, നജ്റാൻ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. സൗദിയിൽ ഒരിടവും സുരക്ഷിതമായിരിക്കില്ലെന്ന ഭീഷണിയും ഹൂതികൾ മുഴക്കി. ഹൂതി നിയന്ത്രണത്തിലുള്ള സനാ പിടിച്ചെടുക്കാൻ സംയുക്ത സേനാ പിന്തുണയോടെ യെമൻ സേന നീക്കം ശക്തമാക്കിയതോടെ സംഘർഷം കനക്കുകയാണ്.

സമീപകാലത്തുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് സൗദിയിലേക്ക് ഹൂതികൾ നടത്തിയത്. ചെങ്കടലിൽ കപ്പലുകളെയും ഹൂതികൾ ആക്രമിച്ചെന്ന് സൗദി ആരോപിച്ചു. അതേസമയം, അമേരിക്കയ്ക്ക് എതിരെ ഇറാനും നീക്കം ശക്തമാക്കി. അമേരിക്കൻ പടക്കപ്പലുകളെ നേരിടാൻ ഇറാൻ സജ്ജമെന്ന് ഇറാൻ പ്രതിരോധ മന്ത്രി പറഞ്ഞു. ഇതിനായി പുതിയ മിസൈൽ വികസിപ്പിച്ചുവെന്നാണ് അവകാശവാദം. ഹോർമൂസിനും പുറത്തും ഇറാൻ പുതിയ നിയന്ത്രണ മേഖല തുറന്നത് സംഘർഷങ്ങൾ വ്യാപിപ്പിക്കുമെന്ന ആശങ്കയും ശക്തമായി. പുതിയ പാത ഉടൻ പ്രഖ്യാപിക്കുമെന്നും ഇതിന് വഴങ്ങാത്ത കപ്പലുകളെ വിലക്കുമെന്നുമാണ് ഇറാന്‍റെ പ്രഖ്യാപനം.

സിവിലിയൻ, സാമ്പത്തിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണങ്ങൾ രാജ്യത്തിെൻറ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്നും യേമനിലെ സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലിക്കി വ്യക്തമാക്കി. രാജ്യത്തിെൻറ ദേശീയ സമ്പത്തിനും സിവിലിയൻ സ്ഥാപനങ്ങൾക്കും ബോധപൂർവ്വം കേടുപാടുകൾ വരുത്താനാണ് ഹൂതികളുടെ ഇത്തരം അന്യായമായ ആക്രമണങ്ങൾ ലക്ഷ്യമിടുന്നത്. യമനിലും വിശാലമായ അറബ്-ഇസ്ലാമിക ലോകത്തും സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനെ പൂർണമായും എതിർക്കുന്ന അവരുടെ തീവ്രവാദ സ്വഭാവമാണ് ഇത് ഒരിക്കൽ കൂടി വ്യക്തമാക്കുന്നത്.

രാജ്യത്തെയും അതിെൻറ ദേശീയ സമ്പത്തിനെയും പൗരന്മാരെയും താമസക്കാരെയും ലക്ഷ്യമിട്ടുള്ള ഹൂതികളുടെ നിരന്തരമായ ശ്രമങ്ങൾ ഈ ഭീകര സംഘടനയുടെ ഉത്തരവാദിത്തമില്ലാത്തതും ശത്രുതാപരവുമായ സമീപനത്തിന്റെ ഗൗരവമേറിയ വർദ്ധനവാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സൗദി അറേബ്യയുടെ പരമാധികാരം സംരക്ഷിക്കുന്നതിനും ദേശീയ സമ്പത്ത് കാത്തുസൂക്ഷിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഈ ഭീകര സംഘടനയുടെ ശത്രുതാപരമായ സമീപനത്തെ എല്ലാവിധ ദൃഢതയോടും കൂടി നേരിടുമെന്ന് സഖ്യസേന വ്യക്തമാക്കി. ഇതിനായി ആവശ്യമായ എല്ലാ പ്രവർത്തന നടപടികളും സേനാ ആസ്ഥാനം സ്വീകരിക്കും. കൂടാതെ, ഭീഷണിയുടെ ഉറവിടങ്ങളെ പ്രതിരോധിക്കുന്നതിനും അവയുടെ അപകടസാധ്യത പൂർണ്ണമായി ഇല്ലാതാക്കുന്നതിനും ആവശ്യമായ എല്ലാ മുൻകരുതലുകളും കർശന നടപടികളും സ്വീകരിക്കുമെന്നും മേജർ ജനറൽ തുർക്കി അൽ മാലിക്കി കൂട്ടിച്ചേർത്തു.