റിയാദിൽ ഹൂതി ബാലിസ്റ്റിക് മിസൈൽ തകർത്തു. അവശിഷ്ടങ്ങൾ പതിച്ച് കിന്റർഗാർട്ടനും ക്ലിനിക്കുകൾക്കും നാശനഷ്ടം. മിസൈൽ അവശിഷ്ടങ്ങൾ വീണ് പ്രദേശത്തെ ഒരു കിന്റർഗാർട്ടൻ സ്കൂളിനും മെഡിക്കൽ ക്ലിനിക്ക് സമുച്ചയത്തിനും കേടുപാടുകൾ സംഭവിച്ചതായി സിവിൽ ഡിഫൻസ് ഔദ്യോഗിക വക്താവ് കേണൽ മുഹമ്മദ് അൽ ഹമ്മാദി സ്ഥിരീകരിച്ചു.
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ഹൂതി ഭീകരർ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ സുരക്ഷാ സേന തടഞ്ഞു നശിപ്പിച്ചു. മിസൈൽ വ്യോമപാതയിൽ വെച്ച് തകർത്തതിനെ തുടർന്ന് താഴേക്ക് പതിച്ച അവശിഷ്ടങ്ങൾ വീണ് നഗരത്തിൽ ഭൗതിക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ചയായിരുന്നു സംഭവം.
മിസൈൽ അവശിഷ്ടങ്ങൾ വീണ് പ്രദേശത്തെ ഒരു കിന്റർഗാർട്ടൻ സ്കൂളിനും മെഡിക്കൽ ക്ലിനിക്ക് സമുച്ചയത്തിനും കേടുപാടുകൾ സംഭവിച്ചതായി സിവിൽ ഡിഫൻസ് ഔദ്യോഗിക വക്താവ് കേണൽ മുഹമ്മദ് അൽ ഹമ്മാദി സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ നടപ്പിലാക്കാറുള്ള മുൻകരുതൽ പ്രോട്ടോക്കോളുകളും രക്ഷാപ്രവർത്തന നടപടികളും സ്ഥലത്ത് കൃത്യമായി പൂർത്തിയാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വിമാനത്താവളങ്ങളെ ലക്ഷ്യമാക്കി ആക്രമണം
സൗദി അറേബ്യയിലെ അബഹ, റിയാദ് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ലക്ഷ്യമാക്കി ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ആക്രമണങ്ങൾ നടന്നതായി സിവില്‍ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചിരുന്നു. ആക്രമണങ്ങളിൽ മൂന്ന് വിദേശികൾ കൊല്ലപ്പെടുകയും സ്വദേശികളും പ്രവാസികളും ഉൾപ്പെടെ 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൊറോക്കൻ, അൾജീരിയൻ സ്വദേശികളായ രണ്ട് വനിതകൾ കൊല്ലപ്പെട്ടു. കൂടാതെ, സ്വദേശികളും ബംഗ്ലാദേശ്, ഫിലിപ്പീൻസ് പൗരന്മാരായ പ്രവാസികളും അടക്കം 28 പേർക്ക് പരിക്കേറ്റു. ഇവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണ്.
ബുധനാഴ്ച റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു സുഡാനീസ് പൗരൻ മരണപ്പെട്ടു. ഇവിടെ 5 സൗദി സ്വദേശികൾ, ഒരു ഈജിപ്ഷ്യൻ പൗരൻ, ഒരു പാകിസ്താൻ പൗരൻ എന്നിവരടക്കം 8 പേർക്ക് പരിക്കേറ്റു. പരിക്കുകളുടെ സ്വഭാവം നിസ്സാരം മുതൽ ഗുരുതരം വരെയാണെന്ന് അതോറിറ്റി വ്യക്തമാക്കി. ആക്രമണത്തിൽ പരിക്കേറ്റ എല്ലാവരെയും തൽക്ഷണം ആശുപത്രിയിലേക്ക് മാറ്റി അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്. രണ്ട് ആക്രമണങ്ങളിലും വിമാനത്താവള സമുച്ചയങ്ങൾക്ക് ഭാഗികമായി ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചു.


