സൗദി തലസ്ഥാനമായ റിയാദിൽ യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ വ്യാപക നാശനഷ്ടം. സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് എയർ ഇന്ത്യ വിമാന സർവീസുകൾ നിർത്തിവെക്കുകയും ഇന്ത്യൻ എംബസി പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തു. എണ്ണ ശുദ്ധീകരണ ശാലകളിൽ നിന്ന് ഒഴിയാൻ തൊഴിലാളികൾക്ക് ഹൂതികൾ മുന്നറിയിപ്പ് നൽകി.

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന് നേരെ യെമനിലെ ഹൂതി വിമതർ ആക്രമണം തുടരുന്നു. കിംഗ് ഖാലിദ് എയർപോർട്ടിന് നേരെ 24 മണിക്കൂറിൽ മൂന്നാമതും ആക്രമണം നടത്തിയ ഹൂതി വിമതർ, നജ്റാൻ വിമാനത്താവളവും ആക്രമിച്ചു. മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് നഴ്സറിക്കും മെഡിക്കൽ കോംപ്ലക്സിനും കേടുപാടുണ്ടായി. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. വിമാനക്കമ്പനികളുടെ കൃത്യമായ അറിയിപ്പ് ലഭിച്ച ശേഷമേ യാത്രക്കാർ എയർപോർട്ടിലേക്ക് പുറപ്പെടാവൂ എന്ന് അധികൃതർ നിർദ്ദേശം നൽകി.

മേഖലയിലെ സുരക്ഷാ സാഹചര്യം വഷളായതിനെ തുടർന്ന് എയർ ഇന്ത്യ റിയാദിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 10 വരെ താത്കാലികമായി നിർത്തിവെച്ചു. സർവീസുകൾ പുനരാരംഭിക്കുന്നത് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും. റിയാദിലെയും പരിസര പ്രദേശങ്ങളിലെയും നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് ഇന്ത്യൻ എംബസി പ്രവാസികൾക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അനാവശ്യമായി വീടുകൾക്ക് പുറത്തിറങ്ങരുതെന്നും, പ്രാദേശിക ഭരണകൂടവും എംബസിയും നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും എംബസി ആവശ്യപ്പെട്ടു.

അതേസമയം, സൗദി അറേബ്യയിലെ എണ്ണ ശുദ്ധീകരണ ശാലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ഉടനടി അവിടെനിന്ന് ഒഴിഞ്ഞു പോകണമെന്ന് ഹൂതി വിമതർ മുന്നറിയിപ്പ് നൽകി. സൗദിയുടെ പ്രധാന ഇന്ധന സംഭരണ കേന്ദ്രങ്ങൾ തങ്ങളുടെ ലക്ഷ്യമാണെന്നും, ജീവൻ അപകടത്തിലാക്കരുതെന്നും ഹൂതി വിമത വക്താവ് വ്യക്തമാക്കി.