പശ്ചിമേഷ്യൻ യുദ്ധം ഒരു മാസം പിന്നിടുമ്പോൾ, ഇറാൻ്റെ സഖ്യകക്ഷികളായ ഹൂതി വിമതർ ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി. ഇസ്രായേൽ ടെഹ്റാനിലും ഹിസ്ബുള്ള കേന്ദ്രങ്ങളിലും തിരിച്ചടിച്ചതോടെ സംഘർഷം കൂടുതൽ വ്യാപിക്കുകയാണ്. ഹോർമുസ് കടലിടുക്ക് അടച്ചത് ആഗോളതലത്തിൽ വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.

കെയ്‌റോ/ദുബായ്: പശ്ചിമേഷ്യയിലെ യുദ്ധം ഒരു മാസം പിന്നിട്ടതിന് തൊട്ടുപിന്നാലെ യുദ്ധമുഖത്തേക്ക് ആദ്യമായി രംഗപ്രവേശം ചെയ്ത് ഇറാൻ്റെ ഉറ്റസഖ്യകക്ഷികളായ ഹൂതി വിമതർ. ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തിയാണ് ഇവർ ഇറാനുമായുള്ള സൗഹൃദം ഒരിക്കൽ കൂടി അടയാളപ്പെടുത്തിയത്. ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഹൂതികൾ ഇസ്രായേലിനെ നേരിട്ട് ലക്ഷ്യമിടുന്നത്. ഇതോടെ പശ്ചിമേഷ്യൻ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാകുമെന്ന ആശങ്ക ശക്തമായി.

ഇറാനെതിരായ അധിനിവേശ നീക്കം അവസാനിക്കുന്നത് വരെ തങ്ങളുടെ സൈനിക നടപടികൾ തുടരുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചു. അതേസമയം ആക്രമണത്തിൽ കാര്യമായ നാശനഷ്ടം ഉണ്ടായില്ലെന്നാണ് ഇസ്രയേൽ വ്യക്തമാക്കിയത്. അതേസമയം ഇറാനെതിരായ സൈനിക നടപടികൾ വേഗത്തിൽ അവസാനിപ്പിക്കാൻ കഴിയുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രത്യാശ പ്രകടിപ്പിച്ചു. പക്ഷെ നിലവിലെ സാഹചര്യം യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന പ്രതീക്ഷ നൽകുന്നതല്ല.

അതിനിടെ ടെഹ്റാനിൽ ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തി. ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ടും ആക്രമണം നടത്തി. ലബനനിൽ മൂന്ന് മാധ്യമപ്രവർത്തകരും ഒരു സൈനികനും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. വെള്ളിയാഴ്ച സൗദി അറേബ്യയിലെ വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ 12 യുഎസ് സൈനികർക്ക് പരിക്കേറ്റിരുന്നു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. അമേരിക്കയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണ് ആക്രമണം നടത്തിയത്. മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ചർച്ച നടത്തി. ഇതിന്റെ ഭാഗമായി പാകിസ്ഥാന്റെ നേതൃത്വത്തിൽ തുർക്കി, സൗദി വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേരുന്നുണ്ട്. എങ്കിലും ഉടനടി ഒരു സമാധാന ഉടമ്പടിക്ക് സാധ്യത കുറവാണ്. ഫെബ്രുവരി 28-ന് ആരംഭിച്ച ഈ യുദ്ധം ഇതിനോടകം ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്തു. ആഗോള എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയത് ലോക സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്. വിതരണ ശൃംഖലയിലുണ്ടായ ഈ തടസ്സം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധിക്കാണ് വഴിതെളിച്ചിരിക്കുന്നത്. യുദ്ധം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നത് ആഗോള സുരക്ഷയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.