ദയാധനം അംഗീകരിക്കുന്നതിൽ കൊല്ലപ്പെട്ട യെമനി പൗരൻറെ കുടുംബം എടുക്കുന്ന അന്തിമ നിലപാട് നിർണ്ണായകമാകും.

ദില്ലി: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ഊർജ്ജിത ശ്രമം തുടരുകയാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. ദയാധനം അംഗീകരിക്കുന്നതിൽ കൊല്ലപ്പെട്ട യെമനി പൗരൻറെ കുടുംബം എടുക്കുന്ന അന്തിമ നിലപാട് നിർണ്ണായകമാകും. വധശിക്ഷ 16ന് നടപ്പാക്കാനാണ് നിലവിലെ തീരുമാനമെന്ന വിവരം സനയിലെ ഇന്ത്യൻ അധികൃതർക്കും കിട്ടി.

യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിൽ കേന്ദ്ര സർക്കാരിന് പരിമിതികളുണ്ടെന്ന് വിദേശകാര്യസഹമന്ത്രി കീർത്തിവർധൻ സിംഗ് നേരത്തെ പറഞ്ഞിരുന്നു. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിന് മന്ത്രി നൽകിയ മറുപടി വലിയ ബഹളത്തിന് ഇടയാക്കിയിരുന്നു. വിഷയം ഇപ്പോഴും ഇതേ നിലയ്ക്ക് തുടരുന്നു എന്ന സൂചനയാണ് സർക്കാർ വൃത്തങ്ങൾ നൽകുന്നത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള യമനിലെ സനയിൽ ഇന്ത്യയ്ക്ക് ഒരു ഓഫീസാണ് ഇപ്പോഴുള്ളത്. നയതന്ത്രവിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് സൗദിയിൽ നിന്നാണ്. ദില്ലി ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് നിമിഷപ്രിയയുടെ അമ്മയ്ക്ക് സനയിലേക്ക് പോകാൻ കേന്ദ്രം സൗകര്യം ഒരുക്കിയിരുന്നു. കുടുംബവുമായും വിഷയത്തിൽ ഇടപെട്ട ആക്ഷൻ കൗൺസിൽ പ്രതിനിധികളുമായും ചേർന്ന് സർക്കാരും മോചനത്തിനുള്ള വഴികൾ തേടിയിരുന്നു.

അടുത്ത ബുധനാഴ്ച വധിക്ഷ നടപ്പാക്കും എന്ന വിവരം ഇന്ത്യൻ ഉദ്യോഗസ്ഥർക്കും കിട്ടിയിട്ടുണ്ട്. എന്നാൽ യെമൻ പൗരൻറെ കുടുംബം ഇപ്പോഴും ദയാധനം സ്വീകരിക്കാൻ തയ്യാറായിട്ടില്ല. കുടുംബം തന്നെ തീരുമാനം എടുക്കണമെന്നാണ് ഹൂതി ഭരണകൂടവും പറയുന്നത്. കുടുംബം അടുത്ത ഒരാഴ്ചയിൽ എടുക്കുന്ന നിലപാട് അതിനാൽ നിർണ്ണായകമാകും. കുടുംബത്തോട് സംസാരിക്കുന്നതടക്കം നടപടികൾ നിരീക്ഷിക്കുണ്ടെന്ന് കേന്ദ്ര സർക്കാർ പറയുന്നു. വിഷയത്തിൽ ഇടപെടുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അറിയിച്ചിരുന്നെങ്കിലും പുതിയ സാഹചര്യത്തിൽ ഇതിനും സാധ്യതയില്ല.

YouTube video player