റിയാദ് വിമാനത്താവളത്തിൽ 12 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് പിന്നാലെ സൗദിയിൽ വീണ്ടും ഹൂത്തി ഭീഷണി. വിമാനത്താവളങ്ങളും തുറമുഖങ്ങളും ലക്ഷ്യമിട്ട് കനത്ത ആക്രമണം നടത്തുമെന്നാണ് യാത്രക്കാർക്കും ജീവനക്കാർക്കും നൽകിയിരിക്കുന്ന മുന്നറിയിപ്പ്

റിയാദ്: പശ്ചിമേഷ്യൻ മേഖലയെ ആശങ്കയിലേക്ക് തള്ളിവിട്ട് ഹൂത്തികളുടെ പ്രകോപന നീക്കങ്ങൾ. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ പുതിയ ഭീഷണിയുമായി ഹൂത്തികൾ രംഗത്തെത്തി. സൗദിയിൽ വീണ്ടും ആക്രമണം നടത്തുമെന്നും വിമാനത്താവളങ്ങളും തുറമുഖങ്ങളും ആക്രമിക്കുമെന്നുമാണ് ഹൂത്തികളുടെ മുന്നറിയിപ്പ്. യാത്രക്കാർ, ജീവനക്കാർ ഉൾപ്പടെ ഉള്ളവർക്കാണ് മുന്നറിയിപ്പ്. രൂക്ഷമായ ആക്രമണം ഉണ്ടാകുമെന്നും ഹൂത്തികൾ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹൂത്തികൾക്കെതിരെ സൗദി ശക്തമായ തിരിച്ചടി പ്രഖ്യാപിച്ചു.

മേഖലയാകെ ആശങ്കയിൽ

മേഖലയിൽ ഈ യുദ്ധമുണ്ടായ ശേഷം ഒരു അറബ് - ഗൾഫ് രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ആൾനാശവും പരിക്കുകളും നാശനഷ്ടവുമുണ്ടായ ആക്രമണമാണ് റിയാദിൽ ഹൂത്തികൾ നടത്തിയത്. നാല് സൗദി പൗരന്മാരും എട്ട് വിദേശികളുമാണ് കൊല്ലപ്പെട്ടത്. ഇതിൽ അമേരിക്ക, ജോർദാൻ, ഈജിപ്ത്, സിറിയ, പലസ്തീൻ, സുഡാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളുടെ പൗരന്മാരാണുള്ളത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ദമാം കിങ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേര ആക്രമണശ്രമമുണ്ടായി. മിസൈൽ ആവശിഷ്ടം വിമാനത്താവള പരിസരത്ത് വീണു. അൽഖർജിലും കിഴക്കൻ മേഖലയിലും ആക്രമണ ശ്രമമുണ്ടായി. ആക്രമണങ്ങളെ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലും രാഷ്ട്ര നേതാക്കളും അപലപിച്ചു. ഹൂത്തികളുടേത് സമ്പൂർണ യുദ്ധക്കുറ്റമാണെന്ന് കാട്ടി കാട്ടി സൗദി തിരിച്ചടി തുടങ്ങി.

ഹോർമുസിലും വലിയ പ്രകോപനം

അതേസമയം ഹോർമുസിൽ ഇപ്പോൾ നടക്കുന്നത് വലിയ പ്രകോപന നീക്കമാണ്. ഹോർമുസിന് പുറമെ മേഖലയിലെ തുറമുഖങ്ങളിലേക്ക് കൂടി കടന്നു കയറി കപ്പലുകളെ ഭീഷണിപ്പെടുത്തുകയാണ് ഇറാൻ. കപ്പലുകളോട് തീരം വിടാൻ ആവശ്യപ്പെടുന്നതിന് പുറമെ, ഖത്തർ തീരത്തും ഒമാൻ തീരത്തും ഈ ദിവസങ്ങളിൽ കപ്പലാക്രമിച്ചു. ഹോർമൂസ് വഴിയുള്ള എല്ലാ പാതകളും ശൂന്യമാക്കിയെന്നാണ് അവകാശവാദം. ഒരു കപ്പൽ മൈനിൽ തട്ടി പൊട്ടിത്തെറിച്ചു. അമേരിക്കൻ സെൻട്രൽ കമാൻഡ് ഒരു കൂറ്റൻ കാർഗോ കപ്പൽ ആക്രമിച്ചു. ഉപരോധം മറികടക്കാൻ ശ്രമിച്ചെന്ന് കാട്ടിയാണ് ഇത്. ഇറാനും ഹൂത്തികളും ഒരുപോല പ്രകോപനം തീർക്കുമ്പോൾ അമേരിക്കയുടെ നിലപാടാണ് പ്രധാനം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player