Asianet News MalayalamAsianet News Malayalam

288 ദിവസം നീണ്ടുനിന്ന നിരാഹാരം, ഒടുവിൽ ആ വിപ്ലവ ​ഗായിക മരണത്തിന് കീഴടങ്ങി, ആരാണ് ഹെലിൻ ബോലെക്?

ഇരുവരുടെയും നിരാഹാരം ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ശ്രദ്ധ ക്ഷണിച്ചിരുന്നു. ഒരു സംഘം മനുഷ്യാവകാശപ്രവര്‍ത്തകര്‍ അതിനായി കഴിഞ്ഞമാസം തുര്‍ക്കി ഉപമുഖ്യമന്ത്രിയെ സന്ദര്‍ശിക്കുകയും ചെയ്തതാണ്. 

who is helin bolek
Author
İstanbul, First Published Apr 5, 2020, 10:22 AM IST

288 ദിവസം നീണ്ടുനിന്ന നിരാഹാരം, തോറ്റുകൊടുക്കില്ലായെന്ന നിശ്ചയദാര്‍ഢ്യം... പക്ഷേ, ഒടുവിലിന്നലെ ആ ടര്‍ക്കിഷ് വിപ്ലവ ഗായിക മരണത്തിന് കീഴടങ്ങി. ഹെലിന്‍ ബോലക് അതാണ് ആ ഇരുപത്തിയെട്ടുകാരിയുടെ പേര്. ജനപ്രിയ നാടോടി ഗായകസംഘത്തിലെ അം​ഗം, വിപ്ലവ ഗാനങ്ങളിലൂടെ തുര്‍ക്കിയിലെ ഇടതുപക്ഷാനുഭാവികൾക്ക് പ്രിയപ്പെട്ടവളായവള്‍. ആയിരക്കണക്കിന്, പതിനായിരക്കണക്കിന് ആരാധകര്‍. പക്ഷേ, എല്ലാവരെയും കണ്ണീരിലാഴ്ത്തിയാണ് ഇന്നലെയവര്‍ പോയത്.

തുര്‍ക്കിയിലെ ഏറെ ജനപ്രിയമായ ബാന്‍ഡായിരുന്നു ഹെലിന്‍ പ്രവര്‍ത്തിച്ചിരുന്ന ​ഗ്രൂപ്പ് യോറം എന്ന ബാന്‍ഡ്. ബാന്‍ഡിന്‍റെ ഗാനങ്ങളിലൂടെയാണ് ഇടതുപക്ഷാനുഭാവമുള്ള വിപ്ലവഗീതികള്‍ തുര്‍ക്കിയില്‍ അലയടിച്ചിരുന്നത്. ഹെലിന്‍റെയും യോറത്തിന്‍റെയും പാട്ടുകള്‍ അവർ ഹൃദയത്തോട് ചേര്‍ത്തു. ഇരുപതിലേറെ ആല്‍ബങ്ങള്‍ യോറം പുറത്തിറക്കി.

who is helin bolek

 

എന്നാല്‍, 2016 -ൽ ബാൻഡ് പ്രവര്‍ത്തിച്ചിരുന്ന ഇസ്താംബുള്‍ കള്‍ച്ചറല്‍ സെന്‍റര്‍ പൊലീസ് റെയ്ഡ് ചെയ്തു. ബാന്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്നവരെ അറസ്റ്റ് ചെയ്തു. അതിന് മുമ്പ് 2013 -ലും ബാന്‍ഡംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ബാൻഡിലെ അംഗങ്ങള്‍ക്ക് നിരോധിത സംഘടനയായ പീപ്പിള്‍ ലിബറേഷന്‍ പാര്‍ട്ടി ഫ്രണ്ടുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു അന്നത്തെയും അറസ്റ്റ്. എന്നാല്‍, പിന്നീടവരെ വിട്ടയച്ചു. 2016 -ൽ അറസ്റ്റ് ചെയ്തവരിൽ ഹെലിനും ഉണ്ടായിരുന്നു. 

ഹെലിനും ഗോഗ്സെക്കും മോചിപ്പിക്കപ്പെടുന്നു

അറസ്റ്റ് ചെയ്യപ്പെട്ട ഹെലിനും ബാന്‍ഡിലെ മറ്റൊരംഗമായിരുന്ന ഇബ്രാഹിം ഗോഗ്സെക്കും ജയിലില്‍ നിരാഹാരത്തിലായിരുന്നു. അതിനെത്തുടര്‍ന്ന് ഇവരെ പിന്നീട് മോചിപ്പിച്ചു. എന്നാല്‍, അപ്പോഴും ഗോഗ്സെക്കിന്‍റെ ഭാര്യയടക്കം രണ്ടുപേര്‍ ജയിലില്‍ തന്നെയായിരുന്നു. അവരുടെ മോചനവും ബാന്‍ഡിനെതിരെയുള്ള നിരോധനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഇരുവരും പുറത്തെത്തിയ ശേഷവും നിരാഹാരം തുടരുകയായിരുന്നു. എന്നാല്‍, മാര്‍ച്ചില്‍ ഇവരെ നിര്‍ബന്ധമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷേ, ചികിത്സയോട് ഇരുവരും സഹകരിച്ചില്ല. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ നിരാഹാരം എന്നതില്‍ ഇരുവരും ഉറച്ചുനിന്നു. അതോടെ, ഹെലിനെയും ഗോഗ്സെക്കിനെയും ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ ആശുപത്രി നിര്‍ബന്ധിതരായി. 

who is helin bolek

 

ഇരുവരുടെയും നിരാഹാരം ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ശ്രദ്ധ ക്ഷണിച്ചിരുന്നു. ഒരു സംഘം മനുഷ്യാവകാശപ്രവര്‍ത്തകര്‍ അതിനായി കഴിഞ്ഞമാസം തുര്‍ക്കി ഉപമുഖ്യമന്ത്രിയെ സന്ദര്‍ശിക്കുകയും ചെയ്തതാണ്. എന്നാല്‍, ആദ്യം ഇരുവരും പ്രതിധേഷം അവസാനിപ്പിക്കട്ടെ എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. പക്ഷേ, ബാന്‍ഡിന്‍റെ നിരോധനം പിന്‍വലിക്കും വരെ, സഹപ്രവര്‍ത്തകരെ വിട്ടയക്കുംവരെ നിരാഹാരം എന്ന തങ്ങളുടെ നിലപാടില്‍ നിന്ന് അവരിരുവരും പിന്നോട്ടുപോയില്ല. അങ്ങനെയാണ് 288 ദിവസത്തെ നിരാഹാരത്തിനിടയില്‍ ആവശ്യങ്ങൾ വേണ്ടപ്പെട്ടവർ അം​ഗീകരിക്കും മുമ്പ് ഇന്നലെ ഹെലിൻ യാത്രയായത്. നിരാഹാരം തുടരുന്ന ഗോഗ്സെക്കിന്‍റെ അവസ്ഥയും ഗുരുതരമാണ്. 

who is helin bolek

 

നീണ്ട 288 ദിവസം... തോറ്റുകൊടുക്കാനിഷ്ടമല്ലായിരുന്നു ഹെലിന്. അവരുടെ വിപ്ലവം സംഗീതത്തിനുമപ്പുറത്തായിരുന്നു. നിരാഹാരം കിടന്ന് മെലിഞ്ഞ് രൂപം മാറിയ ഹെലിന്‍റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ നിരന്തരം പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. പക്ഷേ, അധികാരികളുടെ മാത്രം മനസ്സലിഞ്ഞില്ല. ഹെലിന്റെ മരണം ലോകത്താകെയുള്ള മനുഷ്യാവകാശ പ്രവർത്തകരുടെ വലിയ തരത്തിലുള്ള പ്രതിഷേധത്തിന് കാരണമായിത്തീർന്നിട്ടുണ്ട്. ഇന്നലെ മുതൽ ലോകമെമ്പാടുമുള്ള പലരും അവളുടെ ​ഗാനങ്ങൾ ആവർത്തിച്ചു കേൾക്കുകയാണ്. പാതിവഴിയിൽ നിലച്ചുപോയ വിപ്ലവത്തിന്റെ പാട്ടുകാരിയെന്ന് വിളിച്ച് ലോകമവളെ നെഞ്ചേറ്റുകയാണ്. 

Follow Us:
Download App:
  • android
  • ios