കശ്മീർ ജനതയുടെ അഭിലാഷത്തിന് അനുസരിച്ചാവണം പ്രശ്നപരിഹാരം. എന്നാൽ തനിക്ക് നോബൽ സമ്മാനത്തിന് അർഹതയില്ലെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു

ലാഹോര്‍: കശ്മീർ വിഷയം പരിഹരിക്കുന്നവർക്ക് നോബൽ സമ്മാനം നല്കണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.കശ്മീർ ജനതയുടെ അഭിലാഷത്തിന് അനുസരിച്ചാവണം പ്രശ്നപരിഹാരം. എന്നാൽ തനിക്ക് നോബൽ സമ്മാനത്തിന് അർഹതയില്ലെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു. 

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യവുമായി പാക് അസംബ്ലിയില്‍ പ്രമേയം വെച്ചിരുന്നു. പാക് കസ്റ്റഡിയിലായിരുന്ന ഇന്ത്യയുടെ വ്യോമസേന വിംഗ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ സമാധാന സൂചകമായി വിട്ടയ്ക്കാനുള്ള തീരുമാനമെടുത്തത് പരിഗണിച്ച് നൊബേല്‍ സമ്മാനം നല്‍കണമെന്നായിരുന്നു ആവശ്യം.

പാകിസ്ഥാനിലെ വാര്‍ത്താവിതരണ മന്ത്രി ഫവാദ് ചൗധരിയാണ് ഈ ആവശ്യമുയര്‍ത്തി പാക് അസംബ്ലിയില്‍ പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യന്‍ പൈലറ്റിനെ കൈമാറിയ ശേഷം വലിയ തോതില്‍ ഇമ്രാന്‍ ഖാനെ പുകഴ്ത്തുന്ന കുറിപ്പുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

പിന്നീട് നൊബേല്‍ സമ്മാനം ഇമ്രാന്‍ ഖാന് നല്‍കണമെന്ന് ആവശ്യവുമായി ക്യാമ്പയിനുകളും തുടങ്ങി. ഇത് കൂടാതെ ഈ ആവശ്യമുയര്‍ത്തി 2,00,000 പേര്‍ ഒപ്പിട്ട കത്തും തയാറാക്കിയിട്ടുണ്ട്. ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തില്‍ സമാധാനം സ്ഥാപിക്കാനുള്ള നടപടികളാണ് ഇമ്രാന്‍ ഖാന്‍ സ്വീകരിച്ചതെന്നാണ് പാക് പ്രധാനമന്ത്രിയെ അനുകൂലിക്കുന്നവരുടെ വാദം.