വാഷിംഗ്ടണ്‍: കാലാവസ്ഥയെക്കുറിച്ചോ കാലാവസ്ഥാ മാറ്റത്തെക്കുറിച്ചോ ശാസ്ത്രത്തിന് എന്തെങ്കിലും അറിയുമെന്ന് താന്‍ കരുതുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാട്ടുതീ കനത്ത നാശം വിതച്ച കാലിഫോര്‍ണിയ സന്ദര്‍ശിക്കുന്നതിനിടെ ഉദ്യോഗസ്ഥനോടായിരുന്നു ട്രംപിന്റെ പരാമര്‍ശം. കാട്ടു തീയിന് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന വാദത്തെയും ട്രംപ് തള്ളി.

ഫോറസ്റ്റ് മാനേജ്‌മെന്റിന്റെ പരാജയമാണ് കാട്ടു തീക്ക് കാരണമെന്ന് ട്രംപ് ആവര്‍ത്തിച്ചു. ഏകദേശം അമ്പത് ലക്ഷം ഏക്കര്‍ വനമാണ് കത്തി നശിച്ചത്. 36 ആളുകള്‍ അപകടത്തില്‍ മരിച്ചു. കാലാവസ്ഥാ മാറ്റമാണ് കാലിഫോര്‍ണിയയില്‍ അടിക്കടിയുണ്ടാകുന്ന തീപിടുത്തത്തിന് കാരണമെന്ന ശാസ്ത്രജ്ഞരുടെ വാദത്തെ ട്രംപ് തള്ളി.  കഴിഞ്ഞ ദിവസം ട്രംപിനെ വീടിന് തീയിടുന്നയാളെന്ന് എതിര്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ആരോപിച്ചിരുന്നു.

2018ലും തീപിടുത്തത്തെ തുടര്‍ന്ന് ഫോറസ്റ്റ് മാനേജ്‌മെന്റിനെ കുറ്റപ്പെടുത്തി ട്രംപ് രംഗത്തെത്തിയിരുന്നു. ഇതേ വനവിസ്തൃതിയുള്ള മറ്റ് പ്രദേശങ്ങളില്‍ ഇങ്ങനെ സംഭവിക്കുന്നില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു. കാലാവസ്ഥാ മാറ്റം എന്നത് കെട്ടുകഥയാണെന്നും നിലനില്‍ക്കാത്തതാണെന്നും ട്രംപ് നേരത്തെയും വാദിച്ചിരുന്നു.