ഇസ്ലാമാബാദ്: 13 വര്‍ഷം മുമ്പ് താന്‍ ബലാത്സംഗത്തിനിരയായതായി പുരസ്കാര ജേതാവും പാക് ചലച്ചിത്ര സംവിധായകനുമായ ജാമി(ജംഷേദ് മുഹമ്മദ്). ട്വിറ്ററിലൂടെയാണ് മാധ്യമ രംഗത്തെ പ്രമുഖന്‍ തന്നെ ബലാത്സംഗം ചെയ്തതായി ജാമി വ്യക്തമാക്കിയത്. നേരത്തെ #മീടു മൂവ്മെന്‍റിന് ജാമി പിന്തുണ പ്രഖ്യാപിച്ചിരുന്നു. 
അദ്ദേഹുമായി നല്ല ബന്ധമായിരുന്നു. നല്ല സുഹൃത്തായിട്ടായിരുന്നു അയാളെ പരിഗണിച്ചിരുന്നത്.

എന്നാല്‍, ഇന്നേക്ക് 13 വര്‍ഷം മുമ്പ് അയാള്‍ എന്നെ ബലാത്സംഗം ചെയ്തു. അന്ന് അയാളെ അടുത്ത് കിട്ടിയിട്ടും ഞാന്‍ ഒന്നും ചെയ്യാത്തതില്‍ ഞാന്‍ സ്വയം പഴിക്കുന്നു. ബലാത്സംഗത്തെക്കുറിച്ച് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിട്ടും ആരും ഗൗരവമായി എടുത്തില്ല.  പലരും പലപ്പോഴുമെന്നെ കളിയാക്കി. ആറു മാസത്തെ ചികിത്സക്ക് ശേഷമാണ് ഷോക്കില്‍നിന്ന് കരകയറിയത്.

ഇത് സംബന്ധിച്ച് തുടര്‍ച്ചയായി പത്തോളം ട്വീറ്റുകളാണ് ജാമി പോസ്റ്റ് ചെയ്തത്. പാകിസ്താനില്‍ സംഭവം വിവാദമായിരിക്കുകയാണ്. പാകിസ്ഥാനിലെ പ്രധാന മാധ്യമമായ ഡോണ്‍ ആദ്യം വാര്‍ത്ത നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു. മറ്റ് വാര്‍ത്ത സൈറ്റുകളും വാര്‍ത്ത പിന്‍വലിച്ചിട്ടുണ്ട്. പാകിസ്ഥാനില്‍ മീടു ആരോപണം ഉന്നയിക്കുന്നവരെ സംശയത്തോടെ കാണുന്ന പശ്ചാത്തലത്തിലാണ് ജാമിയുടെ ട്വീറ്റ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അധ്യാപകനെതിരെ വിദ്യാര്‍ത്ഥിനി വ്യാജ മീടു ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് അയാള്‍ ആത്മഹത്യ ചെയ്തിരുന്നു.