ഇന്ത്യൻ വ്യോമസേനയിലെ രണ്ട് പരിശീലകർ ആയിരിക്കും ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുകൾക്ക് പരിശീലനം നൽകുക. വെയിൽസിലെ ഫ്ലൈയിങ് ട്രെയിനിങ് സ്കൂളിൽ വെച്ചായിരിക്കും ഒരു വർഷം നീണ്ടുനിൽക്കുന്ന പരിശീലനം.

ലണ്ടൻ: ബ്രിട്ടീഷ് സൈന്യത്തിലെ യുദ്ധവിമാന പൈലറ്റുമാർക്ക് പരിശീലനം നൽകാൻ ഇന്ത്യൻ വ്യോമസേന. യുകെയുടെ റോയൽ എയർഫോഴ്സ് യുദ്ധവിമാന പൈലറ്റുമാർക്കാണ് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറുമായി മുംബൈയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സുപ്രധാന ഉടമ്പടി പ്രഖ്യാപിച്ചത് ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സൈനിക സഹകരണത്തിലെ സുപ്രധാന വഴിത്തിരിവായാണ് തീരുമാനം. ഇന്ത്യൻ വ്യോമസേനയിലെ രണ്ട് പരിശീലകർ ആയിരിക്കും ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുകൾക്ക് പരിശീലനം നൽകുക.

വെയിൽസിലെ ഫ്ലൈയിങ് ട്രെയിനിങ് സ്കൂളിലെ ആർഎഎഫ് എയർക്രൂ ഓഫിസർമാരെയായിരിക്കും ഇന്ത്യൻ വ്യോമസേന പരിശീലിപ്പിക്കുകയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുകെയിലെ യുദ്ധവിമാന പൈലറ്റുമാർക്ക് ബിഎഇ ഹോക്ക് ടിഎംകെ2-ൽ പരിശീലനം നൽകുന്നത് ഇവിടെയാണ്. ടൈഫൂൺ, എഫ്-35 തുടങ്ങിയ യുദ്ധവിമാനങ്ങളിൽ പരിശീലനം നേടുന്ന പൈലറ്റുമാർക്കാണ് ഇന്ത്യൻ വ്യോമസേനയിലെ രണ്ട് ഇൻസ്ട്രക്ടർമാർ പരിശീലനം നൽകുക.‌ 2026 ഒക്ടോബറിനു ശേഷമായിരിക്കും ഒരു വർഷം നീണ്ടു നിൽക്കുന്ന പരിശീലനം നൽകുന്നത്. ഇന്ത്യ-യുകെ പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം കുറിക്കുന്നതാണ് ഈ നീക്കം.