ഗസ്സ മുനമ്പിൽ ഹമാസിൻ്റെ ഏറ്റവും വലിയ തുരങ്കങ്ങളിലൊന്ന് ഇസ്രായേൽ പ്രതിരോധ സേന കണ്ടെത്തി. 7 കിലോമീറ്ററിലധികം നീളമുള്ള ഈ തുരങ്കം ആയുധങ്ങൾ സൂക്ഷിക്കാനും മുതിർന്ന കമാൻഡർമാർക്ക് തങ്ങാനുമായി ഉപയോഗിച്ചിരുന്നു.
ടെൽ അവീവ് : ഗസ്സ മുനമ്പിൽ ഹമാസിൻ്റെ ഏറ്റവും വലിയ തുരങ്കങ്ങളിലൊന്ന് കണ്ടെത്തിയതായി ഇസ്രായേൽ പ്രതിരോധ സേന. 2014-ലെ ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടെ കൊല്ലപ്പെട്ട ലെഫ്റ്റനൻ്റ് ഹാദർ ഗോൾഡിൻ്റെ മൃതദേഹം അടുത്തിടെ ഹമാസ് സൂക്ഷിച്ചിരുന്നത് ഈ തുരങ്കത്തിലായിരുന്നുവെന്നും ഇസ്രയേൽ വ്യക്തമാക്കി. ഗോൾഡിൻ്റെ ഭൗതികാവശിഷ്ടങ്ങൾ ഈ മാസം ആദ്യം ഇസ്രായേലിന് കൈമാറിയിരുന്നു.
കണ്ടെത്തിയ തുരങ്കത്തിൻ്റെ വിശദാംശങ്ങൾ ഐ.ഡി.എഫ്. 'എക്‌സി'ലൂടെ പങ്കുവെച്ച വീഡിയോയിൽ വിശദീകരിച്ചു. തുരങ്കത്തിന് 7 കിലോമീറ്ററിലധികം നീളവും 25 മീറ്റർ ആഴവും 80 മുറികളും ഉള്ളതാണ് തുരങ്കം. ജനസാന്ദ്രതയേറിയ റഫാഹ് പ്രദേശത്തിന് താഴെയായും, UNRWA (യുഎൻ പാലസ്തീൻ അഭയാർത്ഥികൾക്കായുള്ള ഏജൻസി) കോമ്പൗണ്ടുകൾ, മസ്ജിദുകൾ, ക്ലിനിക്കുകൾ, കിൻഡർഗാർട്ടനുകൾ എന്നിവയ് അടിയിലൂടെയുമാണ് ഈ തുരങ്കം കടന്നുപോകുന്നത്.
ആയുധങ്ങൾ സൂക്ഷിക്കാനും ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും കമാൻഡർമാർക്ക് തങ്ങാനുമായിരുന്നു ഹമാസ് ഈ തുരങ്കം ഉപയോഗിച്ചിരുന്നത്. മുതിർന്ന ഹമാസ് കമാൻഡർമാർ ഉപയോഗിച്ചിരുന്ന കമാൻഡ് പോസ്റ്റായി പ്രവർത്തിച്ച മുറികളും സൈന്യം കണ്ടെത്തി. ഇതിൽ ഹമാസ് നേതാവ് മുഹമ്മദ് സിൻവാറിനൊപ്പം മേയിൽ കൊല്ലപ്പെട്ട മുഹമ്മദ് ഷബാനയുടെ കമാൻഡ് പോസ്റ്റും ഉൾപ്പെടുന്നു.
ലെഫ്റ്റനൻ്റ് ഹാദർ ഗോൾഡിൻ്റെ മരണം
ലെഫ്റ്റനൻ്റ് ഹാദർ ഗോൾഡിൻ്റെ മരണം സ്ഥിരീകരിക്കുന്നതിൽ പങ്കാളിയായ മർവാൻ അൽ-ഹംസ് എന്ന ഹമാസ് ഭീകരനെ അറസ്റ്റ് ചെയ്തതായി മറ്റൊരു പോസ്റ്റിൽ ഐഡിഎഫ് അറിയിച്ചു. റഫായിലെ "വൈറ്റ്-ക്രൗൺഡ്" തുരങ്കത്തിൽ ലെഫ്റ്റനൻ്റ് ഗോൾഡിനെ അടക്കം ചെയ്ത സ്ഥലം ഇയാൾക്ക് അറിയാമായിരുന്നു എന്നും ഐഡിഎഫ് വ്യക്തമാക്കി. ഗോൾഡിൻ്റെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തി ഇസ്രായേലിൽ സംസ്കരിക്കുന്നതിനായി കഴിഞ്ഞ ആറ് മാസത്തിനിടെ നടന്ന രഹസ്യ ഓപ്പറേഷനുകളുടെ ഭാഗമായിരുന്നു 2025 ജൂലൈയിലെ ഈ ഓപ്പറേഷൻ.
വെടിനിർത്തൽ ലംഘനവും മരണസംഖ്യയും
2023 ഒക്ടോബറിൽ ആരംഭിച്ച ഗസ്സ യുദ്ധത്തിൽ, ഇസ്രായേൽ വ്യോമാക്രമണങ്ങൾ വ്യാഴാഴ്ചയും തുടരുകയാണ്. ഗസ്സയുടെ തെക്കൻ ഭാഗത്തെ ഖാൻ യൂനിസിൽ നടന്ന ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബാനി സുഹൈല പട്ടണത്തിലെ ഒരു വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു പെൺകുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അടുത്തുള്ള അബാസൻ പട്ടണത്തിൽ നടന്ന മറ്റൊരു ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഏകദേശം ആറാഴ്ചയോളം പഴക്കമുള്ള വെടിനിർത്തൽ കരാർ ഇസ്രായേലും ഹമാസും പരസ്പരം ലംഘിക്കുന്നു എന്ന് ആരോപിക്കുന്നതിനിടയിലാണ് പുതിയ വ്യോമാക്രമണങ്ങൾ. 2023 ഒക്ടോബർ 7-ന് ഹമാസ് നേതൃത്വത്തിലുള്ള ആക്രമണത്തിൽ 1,200 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇതിനുള്ള ഇസ്രായേലിൻ്റെ തിരിച്ചടിയിൽ ഗസ്സയിലെ ആരോഗ്യ ഉദ്യോഗസ്ഥരുടെ കണക്കനുസരിച്ച് 69,000-ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു, ഇതിൽ ഭൂരിഭാഗവും സാധാരണക്കാരാണ്.


