പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാൽ ഇന്ത്യയുടെ ഏഴ് വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ ബംഗ്ലാദേശ് അധിനിവേശം നടത്തണമെന്ന് വിവാദ പ്രസ്താവനയുമായി മുൻ സൈനിക ഉദ്യോഗസ്ഥൻ. വ്യക്തിപരമായ അഭിപ്രായമെന്ന് സർക്കാർ.
ധാക്ക: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് വടക്ക് – കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബംഗ്ലാദേശ് അധിനിവേശം നടത്തണമെന്ന വിവാദ പ്രസ്താവനയുമായി വിരമിച്ച മേജർ ജനറൽ എഎൽഎം ഫസ്ലുർ റഹ്മാൻ. ഇതിനായി ചൈനയുടെ സഹായം കൂടി ആവശ്യപ്പെടണമെന്നാണ് സമൂഹ മാധ്യമത്തിൽ കുറിച്ചത്. ബംഗ്ലാദേശ് റൈഫിൾസ് (ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശ്) മുന്‍ തലവനാണ് ഫസ്ലുർ റഹ്മാൻ. ഇടക്കാല സർക്കാർ മേധാവിയായ മുഹമ്മദ് യൂനുസിന്‍റെ അടുത്തയാളാണ് ഫസ്ലുർ.
'ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാല്‍ വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏഴു സംസ്ഥാനങ്ങളും ബംഗ്ലാദേശ് കൈവശപ്പെടുത്തണം. ഇക്കാര്യത്തിൽ, ചൈനയുമായുള്ള സംയുക്ത സൈനിക നീക്കത്തെക്കുറിച്ച് ചർച്ച ആരംഭിക്കണമെന്ന് ഞാൻ കരുതുന്നു' എന്നാണ് ഫസ്ലുർ റഹ്മാന്‍ കുറിച്ചത്. 2009ൽ ബംഗ്ലാദേശ് റൈഫിൾസിന്റെ പിൽഖാന ആസ്ഥാനത്ത് നടന്ന കൂട്ടക്കൊല പുനരന്വേഷിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഏഴ് അംഗ സ്വതന്ത്ര കമ്മീഷന്റെ തലവനാണ് നിലവില്‍ റഹ്മാന്‍. കഴിഞ്ഞ വർഷമാണ് ഇടക്കാല സർക്കാർ റഹ്മാനെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അഭയം തേടി ഇന്ത്യയിലേക്ക് പലായനം ചെയ്തതിനു ശേഷം ഇന്ത്യ - ബംഗ്ലാദേശ് ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചു. ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങൾ ഉണ്ടായതോടെ ബന്ധത്തിൽ വീണ്ടും വിള്ളൽ വീണു. അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന സമയത്താണ് ഫസ്സുർ റഹ്മാന്റെ വിവാദ പരാമർശങ്ങൾ.
അതേസമയം ഇന്ത്യയ്ക്കെതിരെ സൈനിക നടപടി വേണമെന്ന റഹ്മാന്‍റെ വിവാദ പരാമര്‍ശത്തോട് അകലം പാലിക്കുകയാണ് സർക്കാർ. ഫസ്ലുർ റഹ്മാൻ നടത്തിയ അഭിപ്രായങ്ങൾ വ്യക്തിപരമാണെന്ന് മാത്രമാണ് പ്രതികരണം.
ഇടക്കാല സർക്കാർ മേധാവിയായ മുഹമ്മദ് യൂനുസ് ചൈനാ സന്ദർശനത്തിനിടെ ഇന്ത്യയെക്കുറിച്ചു നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഇന്ത്യയുടെ ഏഴ് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ കരയാൽ മാത്രം ചുറ്റപ്പെട്ടവയാണെന്നു പറഞ്ഞ യൂനുസ്, കടൽ സുരക്ഷയിൽ ബംഗ്ലദേശ് മാത്രമാണ് നിർണായകമെന്നും ചൈന ഈ സാഹചര്യം സാമ്പത്തിക വിപുലീകരണത്തിനായി പ്രയോജനപ്പെടുത്തണമെന്നും ബെയ്ജിങ്ങിലെ ചർച്ചയിൽ അഭിപ്രായപ്പെട്ടു.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ചുള്ള പരാമർശം ചൈനയുടെ പ്രീതി പിടിച്ചുപറ്റി നിക്ഷേപങ്ങൾ ക്ഷണിക്കാനാണെന്നാണ് വിലയിരുത്തൽ. മേഖലയിൽ ചൈനയുടെ സ്വാധീനം വർധിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചുള്ള യൂനുസിന്റെ പരാമർശം ഇന്ത്യയിലും ചർച്ചയായിരുന്നു.


