യുക്രൈനിൽ റഷ്യൻ ചാരന് തടവുശിക്ഷ. സ്കോട്ടിഷ് പൗരനായ റോസ് ഡേവിഡ് കട്ട്മോ‍റിനാണ് യുക്രൈനിലെ ഒഡീസയിലുള്ള കോടതി തടവുശിക്ഷ വിധിച്ചത്. യുക്രൈനിൽനിന്ന് തന്ത്രപ്രധാന വിവരങ്ങൾ റഷ്യയ്ക്ക് കൈമാറിയെന്ന കണ്ടെത്തലിനെ തുട‍ർന്ന് റഷ്യൻ നിയമപ്രകാരമാണ് നടപടി. 

കീവ്: യുക്രൈനിൽ സൈനിക പരിശീലകനെന്ന വ്യാജേന എത്തിയ റഷ്യൻ ചാരന് തടവുശിക്ഷ. സ്കോട്ടിഷ് പൗരനായ റോസ് ഡേവിഡ് കട്ട്മോ‍റിനാണ് യുക്രൈൻ നിയമപ്രകാരം എട്ടര വർഷം തടവുശിക്ഷ വിധിച്ചത്. യുക്രൈനിലെ ഒഡീസയിലുള്ള കോടതിയാണ് ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തിയതും ശിക്ഷ വിധിച്ചതും. യുക്രൈനിൽനിന്ന് തന്ത്രപ്രധാന വിവരങ്ങൾ റഷ്യയ്ക്ക് കൈമാറിയെന്ന കണ്ടെത്തലിനെ തുട‍ർ‌ന്നാണ് നടപടി.

Add Asianetnews as a Preferred SourcegooglePreferred

2024 ജനുവരിയിലാണ് വി​ദേശ സൈനിക പരിശീലകനായി കട്ട്മോ‍ർ യുക്രൈനിൽ എത്തിയത്. പിന്നീട് ജോലി ഉപേക്ഷിച്ച ഇയാൾ റഷ്യൻ അനുകൂല ഓൺലൈൻ ​ഗ്രൂപ്പുകളുമായി ബന്ധപ്പെടുകയായിരുന്നുവെന്ന് യുക്രൈൻ അധികൃത‍ർ പറയുന്നു. എളുപ്പത്തിൽ പണം കണ്ടെത്താനായാണ് ഇയാൾ റഷ്യൻ ​ഗ്രൂപ്പുകളുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് ഇയാളെ ഒരു ഉദ്യോ​ഗസ്ഥൻ റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സ‍ർവീസി (എഫ്എസ്ബി) ലേക്ക് റിക്രൂട്ട് ചെയ്തു. രഹസ്യവിവരങ്ങൾ കൈമാറുന്ന മുറയ്ക്ക് ഇയാൾക്ക് പണം ലഭിച്ചിരുന്നതായും യുക്രൈൻ അധികൃത‍ർ വ്യക്തമാക്കി.

യുക്രൈൻ്റെ സൈനിക കേന്ദ്രങ്ങൾ, വിദേശ ട്രെയിന‍ർമാരെക്കുറിച്ചുള്ള വിവരങ്ങൾ, പരിശീലന കേന്ദ്രങ്ങളുടെ ഫോട്ടോ​ഗ്രാഫുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ കട്ട്മോ‍ർ കൈമാറിയിരുന്നതായി സെക്യൂരിറ്റി സ‍ർവീസ് യുക്രൈൻ (എസ്ബിയു) അറിയിച്ചു. കൂടാതെ, ഒഡീസയിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചതായും സൈനിക കമാൻഡിൻ്റെ വിവരങ്ങൾ നേടിയെടുക്കാൻ ശ്രമിച്ചതായും കണ്ടെത്തലുണ്ട്. ഒറ്റ അസൈൻമെൻ്റിന് ഇയാൾക്ക് 6000 യുഎസ് ഡോളർ പാരിതോഷികമായി ലഭിച്ചിരുന്നതായും അധികൃതർ വ്യക്തമാക്കി.

അതേസമയം കട്ട്മോർ ഭീകരാക്രമണത്തെക്കുറിച്ചു ചർച്ച ചെയ്തിരുന്നതായും സ്ഫോടന വസ്തുക്കൾ നിർമിക്കാൻ ഇയാൾക്ക് നിർദേശം ലഭിച്ചിരുന്നതായും അധികൃതർ ആരോപിച്ചു. 2024 ഒക്ടോബറിലാണ് റോസ് ജേവിഡ് കട്ട്മോ‍‍‍ർ അറസ്റ്റിലായത്. ഒഡീസയിലെ കീവ് ജില്ലാ കോടതിയിൽ നടന്ന വാദത്തിനിടെ, കട്ട്മോർ കുറ്റം സമ്മതിക്കുകയും അന്വേഷണത്തോട് സഹകരിക്കുകയും ചെയ്തിരുന്നു.